കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിലംപൊത്താറായ കെട്ടിടങ്ങള്‍ ഇനിയുമുണ്ട്. കഴിഞ്ഞ ദിവസം തകര്‍ന്ന് ഒരു ജീവന്‍ പൊലിഞ്ഞ കെട്ടിടത്തിന്റെ അതേ കാലപ്പഴക്കമുള്ളതാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളും. അറ്റകുറ്റപ്പണികളും ഓട്ടയടയ്‌ക്കലും മാത്രമാണ് നടക്കുന്നത്. കോണ്‍ക്രീറ്റ് മേല്‍ത്തട്ട് പൊളിഞ്ഞ് മിക്കയിടങ്ങളിലും തുരുമ്പിച്ച കമ്പികള്‍ കാണാം. പ്ലാസ്റ്ററിങ് നടത്തിയാലും നില്‍ക്കാറില്ല. ഹോസ്റ്റലുകളിലേക്ക് എത്തിച്ചേരാന്‍ കാടുകയറിയ റോഡും.
ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളാണ് അതീവ അപകടാവസ്ഥയില്‍. നനഞ്ഞൊലിക്കുന്ന ഭിത്തികള്‍ വിണ്ടുകീറിയ വാര്‍ക്ക, ഏതു സമയത്തും തകര്‍ന്നു വീഴാം. പൊട്ടിപ്പൊളിഞ്ഞ, കതകുകള്‍ ഇല്ലാത്ത ശുചിമുറികള്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നന്നാക്കി ടൈല്‍ പാകുകയും കതകു വച്ചുപിടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഭിത്തികളും വെന്റിലേറ്ററുകളും നനഞ്ഞൊലിച്ചു പായല്‍ പിടിച്ചു കിടക്കുകയാണ്.
കഴിഞ്ഞദിവസം ശുചിമുറികള്‍ തകര്‍ന്ന വാര്‍ഡിന്റെ പഴക്കം 60 വര്‍ഷമാണ്. അതു നിര്‍മിച്ച അതേസമയത്താണ് ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുകളും നിര്‍മിച്ചത്. കാലപ്പഴക്കം കൊണ്ട് ഇരുകെട്ടിടങ്ങളും ജീര്‍ണിച്ച നിലയിലാണ്. മേല്‍ത്തട്ടുകളില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ പല സന്ദര്‍ഭങ്ങളിലും അടര്‍ന്നു വീണു. ഈ സ്ഥലങ്ങളില്‍ സിമന്റ് മിശ്രിതം തേച്ചുപിടിപ്പിക്കുകയും വെള്ളപെയിന്റ് അടിക്കുകയുമായിരുന്നു.
കെട്ടിടങ്ങളുടെ ബലക്ഷയത്തെക്കുറിച്ച് നിരവധി തവണ പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടും പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അപകടം നടന്നയിടത്ത് എത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും നിവേദനം നല്‍കി.
മൂന്ന് നിലയുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒന്നാം നിലയില്‍ 12 മുറികള്‍. ഇതില്‍ ഒരു മുറി ഉപയോഗശൂന്യം. 11 മുറികളില്‍ 50 ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് താമസിക്കുന്നത്. ഒരു മുറിയില്‍ തന്നെ നാലും അഞ്ചും കുട്ടികള്‍, ശ്വാസം വിടാന്‍ പോലും സൗകര്യമില്ല. രണ്ടാം നിലയില്‍ ഓരോ മുറിയിലും അഞ്ച് വീതം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍. മൂന്നാം നിലയില്‍ 8 മുറികളിലും 3 പേര്‍ വീതം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും. ചില കുട്ടികള്‍ സ്വന്തമായി വീടു വാടകക്കെടുത്തും പേയിങ് ഗസ്റ്റായും താമസിക്കുന്നു. 176 പേരാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്നത്.
മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡിലെ ശുചി മുറിയും അനുബന്ധകെട്ടിടവും ഇടിഞ്ഞുവീണ സാഹചര്യം കണക്കിലെടുത്താല്‍ ഈ ഹോസ്റ്റലില്‍ താമസിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ജീവനും അപകടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: