ഭൂപേന്ദര്‍ യാദവ്
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി
സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതി ഗുണനിലവാരവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന എന്‍വയോണ്‍മെന്റല്‍ കുസ്‌നെറ്റ്‌സ് കര്‍വ് വ്യക്തമാക്കുന്നത്, പ്രാരംഭ ഘട്ടത്തില്‍ സാമ്പത്തിക വികസനത്തിനൊപ്പം മലിനീകരണവും വര്‍ദ്ധിക്കുമെന്നും വരുമാനം കൂടുന്തോറും മലിനീകരണം വിപരീത യു-കര്‍വില്‍ കലാശിക്കുമെന്നുമാണ്. വളര്‍ച്ചാ പ്രക്രിയയിലുടനീളമുള്ള വിഭവ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി സ്വദേശത്തും വിദേശത്തും പ്രകൃതിയെ ചൂഷണം ചെയ്ത വികസിത രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്നാണ് ഈ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞത്. എന്നാല്‍ ഭാരതം പോലുള്ള രാജ്യങ്ങള്‍ക്ക് അത്തരം ആഡംബരത്തിന് ഒരുവിധ സാധ്യതയുമില്ല. കാരണം ഒരു വലിയ ജനസംഖ്യയുടെ വികസന അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി നമുക്ക് വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കേണ്ടതുണ്ട്.
2014-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ച ‘പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം’ എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കി വളര്‍ച്ചയും വികസനവും ത്വരിതപ്പെടുത്തുക എന്നതായിരുന്നു നാം നേരിട്ട വെല്ലുവിളി. പരിസ്ഥിതി സംരക്ഷണ നടപടികളില്‍ വെള്ളം ചേര്‍ക്കാതെ, ബിസിനസ് സുഗമമാക്കുക എന്നതിനായിരുന്നു ഊന്നല്‍. ഇന്ന്, 2025-ലെത്തി നില്‍ക്കുമ്പോള്‍, ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാന്‍ മാത്രമല്ല, ലോകം അംഗീകരിക്കുന്ന ഭരണ മാതൃക സൃഷ്ടിക്കാനും സാധിച്ചു. പ്രധാനമന്ത്രി മോദിയുടെ ദര്‍ശനം വ്യക്തമായിരുന്നു: ‘പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്‌ക്കും’ ഒരു പോലെ സേവനം നല്‍കും വിധം സംവിധാനത്തെ പരിവര്‍ത്തനം ചെയ്യുക.
2014-ല്‍ ആരംഭിച്ച സ്വച്ഛ് ഭാരത് ദൗത്യമായിരുന്നു ഈ ദിശയിലുള്ള ആദ്യ പ്രധാന സംരംഭം. ശുചിത്വത്തിനപ്പുറം മാലിന്യ സംസ്‌കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള സമഗ്ര ചട്ടക്കൂട് സ്ഥാപിക്കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. പാരിസ്ഥിതിക ആശങ്കകളെ സാമൂഹിക വികസനവുമായി സമന്വയിപ്പിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയാണ് ഈ ദൗത്യത്തില്‍ പ്രകടമാകുന്നത്. ശുചിത്വപൂര്‍ണ്ണവും വിഭവക്ഷമതയാര്‍ന്നതുമായ ഭാരതം എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടും, എല്ലാ പൗരന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുമുള്ള ബഹുജന പ്രസ്ഥാനമായിട്ടാണ് ഇതാരംഭിച്ചത്. നഗരങ്ങളിലുടനീളം സുതാര്യമായ രീതിയില്‍ പൗരന്മാര്‍ക്ക് തത്സമയ വായു ഗുണനിലവാര നിരീക്ഷണം സാധ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് ദേശീയ വായു ഗുണനിലവാര സൂചിക ആരംഭിച്ചത്.
2014 ല്‍ ആരംഭിച്ച മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തില്‍ കര്‍ശനമായ പാരിസ്ഥിതിക അനുവര്‍ത്തന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, പരിസ്ഥിതിസംരക്ഷണത്തില്‍ വിട്ടുവീഴ്ച കൂടാതെ തന്നെ അതിവേഗവും വന്‍തോതിലും ഉള്ള ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. ഊര്‍ജ്ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ഊര്‍ജ്ജ-തീവ്ര വ്യവസായങ്ങളെ ഉള്‍പ്പെടുത്തുന്നതിനുമായി 2015-ല്‍ പെര്‍ഫോം, അച്ചീവ് ആന്‍ഡ് ട്രേഡ് പദ്ധതി വിപുലീകരിച്ചു, ഊര്‍ജ്ജ കാര്യക്ഷമതയ്‌ക്കായി വിപണി അധിഷ്ഠിത സംവിധാനങ്ങള്‍ സൃഷ്ടിച്ചു.
ഫലപ്രദമായ മാലിന്യ സംസ്‌കരണത്തിനും, വിഭവ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ചാക്രിക സമ്പദ് വ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതിനുമായി 2016 ന് ശേഷം എല്ലാ പ്രധാന മാലിന്യ സംസ്‌കരണ നിയമങ്ങളും കാലാനുസൃതമായി പുതുക്കുകയുണ്ടായി. വിപണി അധിഷ്ഠിത സംവിധാനങ്ങളെയും ‘മലിനീകരണത്തിന് ഉത്തരവാദികളായവര്‍ അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമുള്ള ചെലവുകള്‍ക്ക് ഉത്തരവാദികളാണെന്ന’ തത്വത്തെ അടിസ്ഥാനമാക്കിയും വിപുലീകൃത ഉത്പാദക ഉത്തരവാദിത്ത ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ഈ സമീപനത്തിന്റെ അടിസ്ഥാന തത്വം. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍, ഇ-മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍, ടയര്‍, ബാറ്ററി, ഉപയോഗിച്ച എണ്ണ സംസ്‌കരിക്കുന്നതിനുള്ള ചട്ടങ്ങള്‍ എന്നിവയെല്ലാം ഈ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയത്. ഇത് സമഗ്രമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. അതിലൂടെ വിവിധ വസ്തുക്കളുടെ പുനരുപയോഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 4,000 സംരംഭകരെ അനൗപചാരിക മേഖലയില്‍ നിന്ന് ഔപചാരിക മേഖലയിലേക്ക് കൊണ്ടു വന്ന് രജിസ്റ്റര്‍ ചെയ്യാനായി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1600 കോടി രൂപയിലധികം വരുമാനവും സൃഷ്ടിക്കപ്പെട്ടു. 2022 ല്‍ ആരംഭിച്ച എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി (ഇപിആര്‍) പോര്‍ട്ടലുകള്‍ ചാക്രിക സമ്പദ്വ്യവസ്ഥയിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പായിരുന്നു. 24-25 സാമ്പത്തിക വര്‍ഷത്തില്‍, പ്ലാസ്റ്റിക് പാക്കേജിങ്, ഇ-വേസ്റ്റ്, വേസ്റ്റ് ടയറുകള്‍, ബാറ്ററി മാലിന്യം, ഉപയോഗിച്ച എണ്ണ എന്നിവയ്‌ക്കായി 61,055 നിര്‍മാതാക്കള്‍ ഇപിആര്‍ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022 ലെ മാലിന്യ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചതിനു ശേഷവും, ഇപിആര്‍ പോര്‍ട്ടലുകള്‍ അവതരിപ്പിച്ചതിനു ശേഷവും, സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ്, സാമ്പത്തിക വര്‍ഷത്തില്‍ 127.48 ലക്ഷം ടണ്ണായി വര്‍ധിച്ചു. ഈ ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രതിവര്‍ഷം 3.6 എംഎംടി ആയിരുന്നു.
നടപടിക്രമങ്ങളിലെ കാലതാമസം കുറയ്‌ക്കുന്നതിനും സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തല്‍ ഉറപ്പാക്കുന്നതിനുമായി, 2018-ല്‍ പ്രോ-ആക്ടീവ് ആന്‍ഡ് റെസ്‌പോണ്‍സീവ് ഫെസിലിറ്റേഷന്‍ ബൈ ഇന്ററാക്ടീവ്, വിര്‍ച്വസ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സിംഗിള്‍-വിന്‍ഡോ ഹബ് എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ ഐടി സംവിധാനം ആരംഭിച്ചു. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ബിസിനസുകളും പരിസ്ഥിതി നിയന്ത്രണ സ്ഥാപനങ്ങളും തമ്മിലുള്ള ആശയവിനിമയത്തില്‍ വിപ്ലവം സൃഷ്ടിച്ചു. ബുദ്ധിമുട്ടേറിയതും കടലാസ് അധിഷ്ഠിതവുമായ പ്രക്രിയ എന്ന നിലയില്‍ നിന്ന് പാരിസ്ഥിതിക അനുമതികളെ കാര്യക്ഷമവും ശക്തവുമായ ഡിജിറ്റല്‍ അനുഭവമാക്കി ഈ പ്ലാറ്റ് ഫോം മാറ്റി.
നഗര-നിര്‍ദ്ദിഷ്ട പ്രവര്‍ത്തന പദ്ധതികളോടെ 2019 ലാണ് ദേശീയ ശുദ്ധവായു പരിപാടിക്ക് തുടക്കം കുറിച്ചത്. 2025-26 ആകുമ്പോഴേക്കും പിഎം 10 സാന്ദ്രതയില്‍ 40 ശതമാനം കുറവ് വരുത്തുകയോ 2017-18 ലെ അടിസ്ഥാന വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 60 മൈക്രോഗ്രാം/ാ3 എന്ന ദേശീയ നിലവാരം കൈവരിക്കുകയോ ചെയ്യുക എന്നതാണ് എന്‍സിഎപി ലക്ഷ്യമിടുന്നത്. 131 നഗരങ്ങളിലെ വായു ഗുണനിലവാര പ്രവണതകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതില്‍ സിപിസി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇത് വായു ഗുണനിലവാരത്തെ നിരന്തര പുരോഗതിയിലേക്ക് നയിച്ചു. 2021-ല്‍, പേപ്പര്‍ലെസ് പ്രോജക്ട് മാനേജ്മെന്റിനായുള്ള സിംഗിള്‍ പോയിന്റ് വെബ് അധിഷ്ഠിത ഉപകരണമായി, ക്ലീന്‍ എയര്‍ നടപടികള്‍ നടപ്പിലാക്കുന്നതിലെ ഭൗതികവും സാമ്പത്തികവുമായ പുരോഗതി നിരീക്ഷിക്കുന്നതിനായി, പോര്‍ട്ടല്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് എയര്‍ ക്വാളിറ്റി ഇന്‍ നോണ്‍-അറ്റെയിന്‍മെന്റ് സിറ്റിസ് നിലവില്‍ വന്നു.
2022 ജൂലൈ ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനവും 2022 ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ കൂടുതല്‍ കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റുകളുടെ നിരോധനവും നടപ്പാക്കി. അതേ വര്‍ഷം തന്നെ ജല്‍ ജീവന്‍ ദൗത്യം ജല ലഭ്യതയെ പാരിസ്ഥിതിക സുസ്ഥിരതയുമായി സമന്വയിപ്പിച്ചു.
വിവിധ മേഖലകളിലെ ശീതീകരണ ആവശ്യകത പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല നയങ്ങളും ശീതീകരണ ആവശ്യകത കുറയ്‌ക്കാന്‍ സഹായിക്കുന്ന നടപടികള്‍ പട്ടികപ്പെടുത്തുന്നതുമായി ഒരു സമഗ്ര കൂളിങ് ആക്ഷന്‍ പ്ലാന്‍ വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഭാരതം മാറി. ശീതീകരണ ആവശ്യകത വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്നതും സാമ്പത്തിക വളര്‍ച്ചയ്‌ക്ക് അനിവാര്യവുമായ ഘടകമാണ്. കൂടാതെ പാര്‍പ്പിട, വാണിജ്യ കെട്ടിടങ്ങള്‍, ശീതീകൃത ശൃംഖലകള്‍, ഗതാഗതം, വ്യവസായങ്ങള്‍ എന്നിങ്ങനെ സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ആവശ്യമാണ്.
ഹൈഡ്രോഫ്‌ലൂറോകാര്‍ബണുകളുടെ ഉത്പാദനം ഘട്ടം ഘട്ടമായി കുറയ്‌ക്കുന്നതിനുള്ള മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിലെ കിഗാലി ഭേദഗതി 2021 സെപ്റ്റംബര്‍ 27-ന് ഭാരതം അംഗീകരിച്ചു. 2032 മുതല്‍ 4 ഘട്ടങ്ങളിലായി 2032, 2037, 2042, 2047 വര്‍ഷങ്ങളില്‍ യഥാക്രമം 10 ശതമാനം, 20ശതമാനം, 30ശതമാനം, 85ശതമാനം എന്നിങ്ങനെ കുറയ്‌ക്കാനുള്ള പ്രതിജ്ഞാബദ്ധത രാജ്യം വ്യക്തമാക്കി.
2022-ല്‍ പാസാക്കിയ ഊര്‍ജ്ജ സംരക്ഷണ (ഭേദഗതി) നിയമം ഭാരതത്തിന്റെ തനത് കാര്‍ബണ്‍ ക്രെഡിറ്റ് ട്രേഡിംഗ് സ്‌കീം ആവിഷ്‌കരിച്ചു. ഇത് ബഹിര്‍ഗമനം കുറയ്‌ക്കുന്നതിനുള്ള വിപണി അധിഷ്ഠിത സംവിധാനങ്ങള്‍ സൃഷ്ടിച്ചു. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിക്ക് കീഴില്‍ 2023-ല്‍ നമ്മുടെ കാര്‍ബണ്‍ ക്രെഡിറ്റ് ട്രേഡിങ് സ്‌കീം പ്രവര്‍ത്തനക്ഷമമായത് ഭാരതത്തിലെ ആദ്യത്തെ സമഗ്ര കാര്‍ബണ്‍ വിപണി സൃഷ്ടിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി മാറി. 2021 നവംബര്‍ 1-ന് സിഒപി 26ല്‍ ഗ്ലാസ്ഗോയില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച മിഷന്‍ ലൈഫ് (പരിസ്ഥിതി സൗഹൃദ ജീവിതശൈലി) മനുഷ്യന്റെ ജീവിത ശൈലീ പരിവര്‍ത്തനത്തിലൂടെ സുസ്ഥിര ഉപഭോഗ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകാപരമായ ഇടപെടലാണ്.
2024-ല്‍ രാജ്യവ്യാപകമായി ഭാരത് സ്റ്റേജ് ഢക മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കിയതും സുസ്ഥിര ധനസഹായത്തിനായുള്ള ഗ്രീന്‍ ടാക്‌സോണമി ചട്ടക്കൂടിന്റെ വികസനവും ശുദ്ധവും ഹരിതവുമായ പരിസ്ഥിതിയോടുള്ള ഭാരതത്തിന്റെ ഉറച്ച പ്രതിബദ്ധതയും പരിസ്ഥിതി ഭരണം സാങ്കേതിക പുരോഗതിയെയും സാമ്പത്തിക നവീകരണത്തെയും എങ്ങനെ മുന്നോട്ട് നയിക്കുമെന്നും വ്യക്തമാക്കുന്ന സംരംഭങ്ങളാണ്.
പരിസ്ഥിതി സൗഹൃദവും ഗുണമേന്മയുള്ളതുമായ സുസ്ഥിര ഉത്പന്നങ്ങളുടെ നിര്‍മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം മന്ത്രാലയം ഇക്കോമാര്‍ക്ക് ചട്ടങ്ങള്‍ 2024 വിജ്ഞാപനം ചെയ്തു. സുസ്ഥിര ഉത്പാദനവും ഉപഭോഗ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനായി 80 ഉപവിഭാഗങ്ങളുള്‍പ്പെടെ 17 വിശാലമായ വിഭാഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തി.
മലിന ജലം പുറന്തള്ളുന്നത് കുറയ്‌ക്കുന്നതിലും അനുവര്‍ത്തന ഭാരം ലഘൂകരിക്കുന്നതിനുമുള്ള മികച്ച രീതികള്‍ സ്വീകരിക്കുന്നതിനായി വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനമേകാന്‍, അവയെ തരംതിരിക്കുന്നതിനുള്ള പുതിയ രീതിശാസ്ത്രം അവതരിപ്പിച്ചു. ഈ ശാസ്ത്രീയ സമീപനം പ്രവര്‍ത്തനങ്ങളെ ചുവപ്പ്, ഓറഞ്ച്, പച്ച, വെള്ള, നീല എന്നീ വിഭാഗങ്ങളായി തരംതിരിക്കുന്നതിലേക്ക് നയിച്ചു. മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍, കമ്പോസ്റ്റിങ് യൂണിറ്റുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, മെറ്റീരിയല്‍ വീണ്ടെടുക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളെയാണ് നൂതന നീല വിഭാഗ വ്യവസായങ്ങള്‍ പ്രതിനിധീകരിക്കുന്നത്.
ചുവപ്പുനാടയില്‍ നിന്ന് ഹരിത നവീകരണത്തിലേക്കുള്ള ഒരു ദശാബ്ദക്കാലത്തെ യാത്ര, ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് എന്തൊക്കെ സുസാധ്യമാണെന്ന് തെളിയിക്കുന്നു. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വികസനവും സന്തുലിതമാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ സമീപനം ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന ബഹുമുഖ ഭരണ മാതൃക സൃഷ്ടിച്ചു.
2047-ല്‍ വികസിത ഭാരതം സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ട് പോകുമ്പോള്‍, ഒരു ദശാബ്ദത്തിലേറെയായി നടപ്പിലാക്കി വരുന്ന പരിസ്ഥിതി ഭരണ ചട്ടക്കൂട് സുസ്ഥിര വികസനത്തിന് ശക്തമായ അടിത്തറ പാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: