ബെംഗളൂരു: ജാവലിന്‍ ത്രോയില്‍ മാത്രമായുള്ള ഭാരതത്തിലെ ആദ്യ അന്താരാഷ്‌ട്ര മത്സരം ഇന്ന്. ഒളിംപിക് ഇരട്ട മെഡല്‍ ജേതാവ് നീരജ് ചോപ്ര, ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ്, അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഎഫ്‌ഐ), വേള്‍ഡ് അത്‌ലറ്റിക്‌സ്(ഡബ്ല്യു എ) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് ഇന്നു നടക്കും. ഭാരതത്തിലെ അത്‌ലറ്റിക്‌സ് രംഗത്തെ കൈപിടിച്ചുയര്‍ത്തുന്നത് ലക്ഷ്യമിട്ട് നീരജ് ചോപ്ര മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്.
മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിക്കപ്പെട്ട മത്സരത്തെ ലോക അത്‌ലറ്റിക്‌സ് പോരാട്ടത്തിന് നല്‍കുന്ന പ്രാധാന്യത്തോടുകൂടിയാണ് നീരജ് ചോപ്രയും അണിയറ പ്രവര്‍ത്തകരും ഓരോ നീക്കങ്ങളും നടത്തിക്കൊണ്ടിരുന്നത്. ആസൂത്രണം മുതല്‍ ഇന്നലെ ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് വരെ കുറ്റമറ്റ രീതിയില്‍ നയിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു.
ഇന്ന് വൈകീട്ട് ഏഴ് മുതല്‍ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഒരു മാസം മുമ്പേ നടക്കേണ്ടതായിരുന്നു നീരജ്‌ചോപ്ര ക്ലാസിക്. എപ്രില്‍ അവസാനത്തോടുകൂടി ഉടലെടുത്ത അതിര്‍ത്തിയിലെ കലുഷിത സാഹചര്യത്തെ തുടര്‍ന്നാണ് നീട്ടിക്കൊണ്ടുപോയത്.
നീരജ് അടക്കം മൂന്ന് പേരാണ് ഇന്നത്തെ മത്സരത്തില്‍ എലൈറ്റ് ഗ്രൂപ്പില്‍ മത്സരിക്കുന്നത്. ജര്‍മനിയില്‍ നിന്നുള്ള തോമസ് റോളര്‍, കെനിയയുടെ ജൂലിയസ് യെഗോ എന്നിവരാണ് നീരജിനൊപ്പം എലൈറ്റ് ഗ്രൂപ്പില്‍ മത്സരിക്കുന്നവര്‍. രണ്ട് താരങ്ങളുടെയും ഏറ്റവും മികച്ച പ്രകടനം നീരജിനെക്കാള്‍ മേലെയാണ്. 2016 റയോ ഡി ജനീറോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ താരമാമ് ജൂലിയസ് യെഗോ. 92.72 മീറ്റര്‍ ആണ് ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ ഒടുവില്‍ പങ്കെടുത്ത മത്സരത്തില്‍ എറിഞ്ഞിരിക്കുന്നത് 83.08 മീറ്റര്‍ ആണ്. തോമസ് റോളര്‍ രണ്ട് തവണ ജാവലിന്‍ ത്രോയില്‍ ലോക ചാമ്പ്യനായിട്ടുണ്ട്. 93.90 മീറ്റര്‍ വരെ ദൂരത്തില്‍ എറിഞ്ഞിട്ടുള്ള തോമസ് റോളറിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടനം 80.79 മീറ്ററില്‍ ഒതുങ്ങി. ഈ രണ്ട് താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് വിദേശ താരങ്ങള്‍ മത്സരിക്കാനിറങ്ങും. ഭാരതത്തില്‍ നിന്ന് നീരജ് ചോപ്രയെ കൂടാതെ നാല് പേര്‍ മത്സരിക്കുന്നുണ്ട്. സച്ചിന്‍ യാദവ്, രോഹിത് യാദവ്, സഹില്‍ സില്‍വാള്‍, യാഷ് വീര്‍ സിങ് എന്നിവരാണ് നീരജ് ചോപ്ര ക്ലാസിക്കില്‍ മാറ്റുരയ്‌ക്കുന്ന ഭാരതീയര്‍.
മാറ്റുരയ്‌ക്കാനിറങ്ങുന്നവര്‍; അന്താരാഷ്‌ട്ര താരങ്ങള്‍
ജാവലിന്‍ ത്രോവര്‍ (രാഷ്‌ട്രം- മികച്ച പ്രകടനം മീറ്ററില്‍)
തോമസ് റോളര്‍ (ജര്‍മനി- 93.90)
ജൂലിയസ് യെഗോ (കെനിയ- 92.72)
കര്‍ട്ടിസ് തോംപ്‌സണ്‍ (അമേരിക്ക- 87.76)
മാര്‍ട്ടിന്‍ കൊനെസ്‌നി (ചെക്ക് റിപ്പബ്ലിക്- 80.59)
ലൂയിസ് മൗറീഷിയോ ഡാ സില്‍വ (ബ്രസീല്‍- 86.62)
റുമേഷ് പതിരഗെ (ശ്രീലങ്ക- 85.45)
സിപ്രിയാന്‍ മ്രിസിഗോള്‍ഡ് (പോളണ്ട്- 85.92)
ഭാരത താരങ്ങള്‍
ജാവലിന്‍ ത്രോവര്‍ (മികച്ച പ്രകടനം മീറ്ററില്‍)
നീരജ് ചോപ്ര (90.23)
സച്ചന്‍ യാദവ് (85.16)
രോഹിത് യാദവ് (83.40)
സഹില്‍ സില്‍വാള്‍ (81.81)
യാഷ് വീര്‍ സിങ് (82.57)
പ്രതികരിക്കാൻ ഇവിടെ എഴുതുക: