തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും പരോക്ഷവിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ.സരിത ശിവരാമന്. കെ.കെ ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് ഡയറക്ടറായിരുന്നു ഡോ.സരിത ശിവരാമന്.
ആരോഗ്യമേഖലയില്‍ മാറാരോഗങ്ങളും പകര്‍ച്ചവ്യാധിയും പ്രളയവും ചുഴലിക്കാറ്റും അടക്കം നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും ആരോഗ്യപ്രവര്‍ത്തകരും അവരെ നയിച്ച മന്ത്രിമാരും ജനപ്രതിനിധികളും തമ്മില്‍ നല്ല കൂട്ടായ്മയാണ് ഉണ്ടായിരുന്നതെന്ന് സരിത ശിവരാമന് പറയുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടണ്ട നിരവധി സാഹചര്യങ്ങള്‍ ആരോഗ്യ വകുപ്പിലെ കര്മമേഖലയില് നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും കരുത്തും ആത്മവിശ്വാസവും പകര്‍ന്നുതന്ന് കൂടെ നിന്ന ജനപ്രതിനിധികളെ നന്ദിയോടെ ഓര്‍ത്തുപോകുന്നു. ജീവന്റെ ഒരു തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാന്‍ കഴിയില്ല എന്ന നിശ്ചയദാര്‍ഢ്യം നല്കിയ ഊര്‍ജം ചെറുതൊന്നുമല്ല. മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് കേട്ടപ്പോള്‍ ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി പോയതാണ്, എന്ന് പറഞ്ഞാണ് കെ.കെ ശൈലജയുടെ കാലത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് ഡോ.സരിത ശിവരാമന് എഴുതി അവസാനിപ്പിക്കുന്നത്.
കൊവിഡ് കാലത്ത് കെ.കെ ശൈലജയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഡോക്ടറാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പരോക്ഷമായിട്ടാണെങ്കിലും വീണാ ജോര്‍ജിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചും കെ.കെ ശൈലജയെ പുകഴ്ത്തിയുമുള്ള സരിതയുടെ പോസ്റ്റിലൂടെ സിപിഎമ്മിനകത്തെ ഒരു വിഭാഗത്തിന്റെ അതൃത്പ്തിയാണ് പുറത്തു വരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയെന്ന് അണികള്‍ വിശ്വസിച്ചിരുന്ന ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ അസംതൃപ്തരായ ഒരുവിഭാഗം ആരോഗ്യ വകുപ്പിന്റെ ഇപ്പോഴത്തെ വീഴ്ചയെ സൈബറിടങ്ങളില്‍ ആഘോഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: