കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് കനത്ത ജനരോഷം നേരിടുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ താത്കാലികമായി രക്ഷിച്ചെടുക്കാന്‍ മന്ത്രി വി. എന്‍ വാസവന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. അപകടമുണ്ടായപ്പോള്‍ തകര്‍ന്നു വീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ചത് താനാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാറിന്റെ ഏറ്റുപറച്ചിലില്‍ ഇക്കാര്യത്തില്‍ വലിയ വഴിത്തിരിവായി. സ്ഥലം എംഎല്‍എയും പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയുമായ വാസവന്റെ തന്ത്രപരമായ വിജയമാണിത്. ജനസമ്മതനായ ഡോ.ജയകുമാര്‍ കുറ്റം ഏറ്റതോടെ ആ വഴിക്കുള്ള ജനരോഷം തണുത്തു. എന്തു കുറ്റം ചെയ്താലും കേരളത്തിലെത്തന്നെ മികച്ച ഡോക്ടര്‍മാരിലൊരാളായ ജയകുമാറിനെതിരെ വിരല്‍ ചൂണ്ടാന്‍ ജില്ലയില്‍ ആരും തയ്യാറാകില്ലെന്ന് അടുത്ത സുഹൃത്തുകൂടിയായ വാസവന് അറിയാം. മാപ്പു സാക്ഷിയായി ഡോ. ജയകുമാറിന്റെ രംഗത്തുവരല് വിഷയത്തില്‍ വലിയ ട്വിസ്റ്റാണ് ഉണ്ടാക്കിയത്. മന്ത്രിമാര്‍ക്ക് മുഖം രക്ഷിച്ചെടുക്കാന്‍ അതു സഹായകമായി. രണ്ടാമത്തേത് ബിന്ദുവിന്റെ ഭര്‍ത്താവ് അടക്കമുള്ളവര്‍ മുന്നോട്ടു വച്ച നാല് ആവശ്യങ്ങളും വാസവന് നേരിട്ട് വീട്ടിലെത്തി വാഗ്ദാനം ചെയ്തതാണ്. മകന് താത്കാലിക ജോലിയും മകള്‍ക്ക് ചികില്‍സയും ശവസംസ്കാരത്തിനുള്ള ധനസഹായവും നഷ്ടപരിഹാരവും ഉടനടി പ്രഖ്യാപിച്ചതോടെ കോട്ടയത്തെ ഇടതു വലത് മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും വാസവനു കൂറു പ്രഖ്യാപിച്ച് വഴിമാറി. ഇന്നലെ കോട്ടയത്തു നിന്ന് മടങ്ങും വഴി ശാരീരികാസ്വാസ്ഥ്യമുണ്ടായതിനാല് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജനരോഷമടങ്ങും വരെ ബിന്ദുവിന്റെ വീട്ടിലേക്കോ കോട്ടയത്തേയ്ക്കോ വരേണ്ടെന്നും താന്‍ കൈകാര്യം ചെയ്തോളാമെന്നും വാസവന് അറിയിക്കുകയായിരുന്നു. ഇതു വഴി വീണാ ജോര്‍ജിനെ രംഗത്തു നിന്ന് പൂര്‍ണ്ണമായി മാറ്റി നിര്‍ത്താനും ജില്ലയിലെ തന്റെ മേല്‍ക്കോയ്മ ഊട്ടി ഉറപ്പിക്കാനും കൂടി വാസവനു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: