കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞു വീഴാനിടയായ സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതേ സമയം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനം ഒട്ടും വൈകിയിട്ടില്ലെന്നും തകര്‍ന്നു വീണത് കാലപ്പഴക്കം ചെന്ന കെട്ടിടമാണെന്നുമാണ് മന്ത്രിയുടെ വാദം. അപകട വിവരം അറിഞ്ഞ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജെസിബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കുവാന്‍ ഇവിടെ പ്രയാസമായിരുന്നു. എങ്കിലും എത്രയും വേഗം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു . 2013ല്‍ ബലക്ഷയം കാട്ടി എക്‌സി.എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പുതിയ ബില്‍ഡിംഗ് പണിയുവാന്‍ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാര്‍ ഏറ്റെടുക്കണമെന്നും ആരോഗ്യമന്ത്രി രാജിവെച്ചു ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടേത് ഗുരുതര തെറ്റാണ്. ഉദ്യോഗസ്ഥര്‍ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയാണോ. പൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തില്‍ എങ്ങനെ ആള് കയറും. രക്ഷപ്രവര്‍ത്തനത്തെ മന്ത്രി ഇല്ലാതാക്കി. ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നു മന്ത്രി പറഞ്ഞത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ആരെങ്കിലും ഉണ്ടോ എന്ന് നോക്കൂ എന്നല്ലേ സാമാന്യ ബോധമുള്ളവര്‍ പറയുകയെന്നും വിഡി സതീശന്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാണി സി കാപ്പന്‍, എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചശേഷമാണ് ഈ ആവശ്യം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: