കോട്ടയം: മകളുടെ ചികില്‍സാര്‍ത്ഥം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍ അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞു. തകര്‍ന്നു വീണ കെട്ടിടത്തിനടിയില്‍ പെട്ടു മരിച്ച ബിന്ദു (54) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത് മകളുടെ ശസ്ത്രക്രിയയ്‌ക്കായാണ്. നിര്‍മ്മാണ തൊഴിലാളിയായ തലയോലപ്പറമ്പ് കുന്നില്‍ വിശ്രുതന്റെ ഭാര്യയാണ് ബിന്ദു. തലയോലപ്പറമ്പിലെ ഒരു വസ്ത്രശാലയില്‍ ജീവനക്കാരിയായിരുന്നു .
ജൂലൈ ഒന്നിനാണ് മകള്‍ നവമിയെ (20) ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മകള്‍ക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കാനായാണ് പതിനാലാം വാര്‍ഡിന്റെ മൂന്നാം നിലയിലേക്ക് ചെന്നത്. അപ്പോഴാണ് കെട്ടിടം തകര്‍ന്നു വീണത്. അമ്മയെ കാണാനില്ലെന്നും ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മകള്‍ പറഞ്ഞെങ്കിലും തുടക്കത്തില്‍ അധികൃതര്‍ അത് അത്ര കാര്യമാക്കിയില്ല. ഒരുമണിക്കൂറിനു ശേഷം ജെസിബി കൊണ്ടുവന്ന് തിരച്ചില്‍ നടത്തി ബിന്ദുവിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് മകള്‍ നവമി. മകന്‍ എറണാകുളത്ത് എന്‍ജിനീയറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: