ദുബായ് : ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ഈ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായാണ് ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നത്. ഈ വിസ കാലതാമസം കൂടാതെ യാഥാർഥ്യമാകുമെന്ന് ജാസിം അൽ ബുദൈവി അറിയിച്ചിട്ടുണ്ട്. ജി സി സി ഇന്റീരിയർ മിനിസ്ട്രി പാസ്സ്‌പോർട്ട് വകുപ്പ് തലവന്മാരുടെ 39-മത് യോഗത്തിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈ വിസ യാഥാർഥ്യമാക്കുന്നതിന് ജി സി സി അംഗരാജ്യങ്ങൾ കൈക്കൊള്ളുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ ഏകീകൃത ടൂറിസ്റ്റ് വിസ സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ജി സി സി രാജ്യങ്ങൾക്കിടയിൽ സുഗമമായ സഞ്ചാരം ഉറപ്പ് വരുത്തുന്നതാണ്.
2023 നവംബറിൽ ഒമാനിലെ മസ്‌കറ്റിൽ വെച്ച് നടന്ന ജി സി സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്‌ക്ക് ഐകകണ്‌ഠ്യേന അംഗീകാരം നൽകിയിരുന്നു.
അതേ സമയം നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജി സി സി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക. മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി സംസാരിക്കുന്നതിനിടയിൽ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ മേഖലയിലൂടെയുള്ള യാത്രകൾ കൂടുതൽ സുഗമവും, ചെലവ് കുറഞ്ഞതുമാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഈ വിസ ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് എല്ലാ ജി സി സി രാജ്യങ്ങളും സന്ദർശിക്കാനാകുമെന്നും, മുപ്പത് ദിവസം വരെ മേഖലയിൽ ചെലവഴിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: