തിരുവനന്തപുരം: രാജ്ഭവനിലും പിന്നെ സെനറ്റ് ഹാളിലെ പരിപാടിയിലും കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം കണ്ട് ഹാലിളകി സസ്പെൻഷനിലായ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ പഴയ ചിത്രം വാർത്തയിൽ നിറയുന്നു. അനിൽകുമാർ പ്രിൻസിപ്പളായിരുന്ന എരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് ആർട്സ് ക്ലബ് ഉദ്ഘാടനമാണ് വേദി. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമാണ് പശ്ചാത്തലത്തിൽ. ധ്വനി 2020 എന്ന പേരിട്ടിരിക്കുന്ന വേദിയിൽ അനിൽകുമാറും ഉണ്ട്. അന്നില്ലാത്ത എന്ത് വിരോധമാണ് ഇപ്പോൾ അനിൽകുമാറിന് ഭാരതാംബയോട് എന്നാണ് ഉയരുന്ന ചോദ്യം.
കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ കഴിഞ്ഞ ദിവസം സസ്‌പെൻ്റ് ചെയ്തിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്.
രജിസ്ട്രാറുടെ നടപടിയില്‍ രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് രാജ്ഭവന് സമര്‍പ്പിച്ചതിനു പിന്നാലെയാണ് പ്രത്യേക അധികാരം ഉപയോഗിച്ച് വിസി സസ്‌പെന്‍ഷനിലേക്ക് നീങ്ങിയത്. അതേസമയം രജിസ്ട്രാർക്ക് പിന്തുണയുമായി സർക്കാർ രംഗത്ത് എത്തിയിട്ടുണ്ട്. വി.സിയുടേത് അധികാര ദുർവിനിയോഗമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറയുന്നത്. സസ്പെൻഷനെതിരെ രജിസ്ട്രാർ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
നിയമോപദേശം ലഭിച്ച ശേഷം സർക്കാരും കോടതിയിലേക്ക് പോയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: