ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന മോദിയുടെ മുദ്രാവാക്യം ഇന്ത്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ നടന്നുവരികയാണ്. 40 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് അവരുടെ ശക്തിമേഖലകളില്‍ നിന്നും പുറന്തള്ളപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങള്‍ ഭരിയ്‌ക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയാണ്. ഇതിന് പുറമെയാണ് ദല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണം.
ദക്ഷിണേന്ത്യയില്‍ കേരളം കോണ്‍ഗ്രിസന് കൈവിട്ട് പോയിട്ട് 10 വര്‍ഷം കഴിഞ്ഞു. ആകെ അവിടെ ഉള്ളത് ഒരു കര്‍ണ്ണാടകവും പിന്നെ തെലുങ്കാനയും മാത്രമാണ്. ഇതില്‍ കര്‍ണ്ണാടകത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ പോരു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം കിട്ടിയപ്പോള്‍ അത് മുര്‍ച്ഛിച്ചു. ഹൈക്കമാന്‍ഡിന്റെ പോസ്റ്റര്‍ബോയ് ഡികെ ശിവകുമാര്‍ ആണെങ്കിലും കര്‍ണ്ണാടകയിലെ ലോക്കല്‍ സ്വാധീനവും സീനിയോരിറ്റിയും കണക്കിലെടുത്താണ് സിദ്ധരാമയ്യയെ അന്ന് മുഖ്യമന്ത്രിയാക്കിയത്.
2018ലും 2023ലും കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തിനായി വിറകുവെട്ടുകയും വെള്ളംകോരുകയും ചെയ്ത നേതാവാണത്രെ ഡി.കെ. ശിവകുമാര്‍. 2018ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജനതാദള്‍ എസിനെ കോണ്‍ഗ്രസ് മുന്നണിയില്‍ എത്തിച്ചത് ശിവകുമാറാണ്. അത് ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ചു. പക്ഷെ ആ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രിപദം ജനതാദളിലെ കുമാരസ്വാമിക്ക് കൊടുക്കേണ്ടി വന്നു.
2023ല്‍ കോണ്‍ഗ്രസ് വിജയത്തിന് പിന്നില്‍ തന്ത്രങ്ങള്‍ മെനഞ്ഞത് ഡികെ ശിവകുമാര്‍ ആണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു. പക്ഷെ മുഖ്യമന്ത്രിയായത് സീനിയര്‍ നേതാവ് സിദ്ധരാമയ്യ. ഇതില്‍ ശിവകുമാറിന്റെ അണികള്‍ക്ക് വിഷമമുണ്ട്. അതുകൊണ്ടാണ് ഭരണം രണ്ട് വര്‍ഷം പിന്നിട്ടതോടെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. പക്ഷെ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കില്ലെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചതോടെ ഇരുവിഭാഗവും തമ്മിലുള്ള യുദ്ധം മുറുകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കോ സോണിയോഗാന്ധിയ്‌ക്കോ കേന്ദ്രനേതാക്കള്‍ എന്ന നിലയില്‍ അണികള്‍ അംഗീകരിക്കുന്ന ഒരു തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. എന്തിന് ഹൈക്കമാന്‍ഡിന് പോലും അതിന് കഴിയുന്നില്ല.
ആകെ കിട്ടിയ ഒരു സംസ്ഥാനമെങ്കിലും അഞ്ച് വര്‍ഷം തമ്മില്‍ തല്ലാതെ ഭരിക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു കോണ്‍ഗ്രസ്. അധികാരത്തില്‍ കയ്യിട്ടു വാരാനുള്ള ആര്‍ത്തിയല്ലാതെ നാടു നന്നാക്കാനുള്ള ത്വരയൊന്നുമല്ല ഈ അധികാരക്കസേരയ്‌ക്കു വേണ്ടിയുള്ള വഴക്കിന് പിന്നില്‍. ഈ കോണ്‍ഗ്രസുകാരാണോ ഇനി ഇന്ത്യ ഭരിയ്‌ക്കാന്‍ പോകുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. എന്തായാലും ഇതോടെ മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന സ്വപ്നം അതിവേഗം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: