ചെന്നൈ : സനാതനഭക്തരുടെ മുരുക സംഗമത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, മുൻ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ സമ്മേളനത്തിന്റെ പ്രധാന സംഘാടകർ എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് തമിഴ്നാട് പൊലീസ് . ജൂൺ 22 ന് മധുരയിൽ ഭഗവാൻ മുരുകന്റെ ഭക്തരുടെ സമ്മേളനം നടത്തിയതാണ് സ്റ്റാലിൻ സർക്കാരിനെ ചൊടിപ്പിച്ചത് . പാർട്ടി പ്രവർത്തകനും, മധുരൈ പീപ്പിൾസ് ഫെഡറേഷൻ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ അഭിഭാഷകനും കോർഡിനേറ്ററുമായ എസ് വഞ്ചിനാഥനാണ് പരാതി നൽകിയതെന്ന് മധുര പോലീസ് പറഞ്ഞു.
പരിപാടിയിൽ രാഷ്‌ട്രീയവും മതപരവുമായ പ്രസംഗങ്ങൾ നടത്തിയെന്നും , ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നുമാണ് E3 അണ്ണാനഗർ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിൽ ആരോപിക്കുന്നത് . ഹിന്ദു മുന്നണി പ്രസിഡന്റ് കാടേശ്വര സുബ്രഹ്മണ്യം, എസ് മുത്തുകുമാർ, പവൻ കല്യാൺ, അണ്ണാമലൈ, ആർഎസ്‌എസ്, ബിജെപി, ഹിന്ദു മുന്നണി, അനുബന്ധ ഹിന്ദു സംഘടനകളുടെ സംഘാടകർ എന്നിവരെ പ്രതികളാക്കിയാണ് പരാതി നൽകിയിരിക്കുന്നത്.
മുരുകന്റെ ആറ് പുണ്യ വാസസ്ഥലങ്ങളുടെ ചിത്രങ്ങളാൽ ചുറ്റപ്പെട്ട വേദിയിൽ നടന്ന ഈ പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു . ഒരു ലക്ഷത്തിലധികം ഭക്തർ പങ്കെടുത്തതായി ഹിന്ദു മുന്നണി വ്യക്തമാക്കിയിരുന്നു. അതേസമയം സനാതനഭക്തർ ഒന്നു ചേരുന്നത് കണ്ടിട്ടുള്ള പരിഭ്രാന്തിയാണ് സ്റ്റാലിൻ സർക്കാരിനെന്ന് വ്യക്തമാണ്.
തമിഴ്‌നാട്ടിൽ മുരുകൻ സമ്മേളനം എന്തിനാണ് നടത്തിയതെന്ന് ചോദിച്ചവരാണ് ഡിഎം കെ നേതാക്കൾ . വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുക്കൾ ഒന്നിച്ച് വോട്ട് ചെയ്താൽ തങ്ങളുടെ അടിത്തറ ഇളകുമെന്നും എം കെ സ്റ്റാലിന് വ്യക്തമായ ബോധ്യമുണ്ട് . മാത്രമല്ല “ക്ഷേത്രങ്ങളെ വരുമാന സ്രോതസ്സുകളായി കണക്കാക്കുന്നത്” നിർത്തണമെന്ന് ആവശ്യപ്പെടുന്നതും ഉൾപ്പെടെ ആറ് പ്രമേയങ്ങൾ ഈ സമ്മേളനത്തിൽ പാസാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഹിന്ദുക്കൾ ഒന്നുചേരുന്നത് തടയാൻ പരമാവധി ഭീഷണികളും സ്റ്റാലിൻ സർക്കാർ ഉയർത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: