ജൂലൈ 5ന് എന്ത് സംഭവിക്കുമെന്ന ഭീതിയിൽ ലോകം. ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനത്തിൽ ഞെട്ടിയിരിക്കുകയാണ് ജപ്പാനും ചൈനയും തായ്‌വാനുമൊക്കെ. പുതിയ വാൻഗയുടെ പ്രവചനത്തിന് പിന്നാലെ 76 മണിക്കൂറിനുള്ളിൽ 500ലധികം ചെറു ചലനങ്ങൾ തെക്കുപടിഞ്ഞാറൻ ടൊകാര ദ്വീപിനെ പിടിച്ചുലച്ചത് പേടിയുടെ വ്യാപ്തി കൂട്ടി.
ജൂലൈ അഞ്ചിന് ജപ്പാനിൽ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനക്കുരുക്കിൽ പെട്ട് ആളുകൾ ജപ്പാനിലേക്കുള്ള യാത്ര വരെ കൂട്ടത്തോടെ റദ്ദാക്കുന്ന സ്ഥിതിയുണ്ടായി. തന്റെ സ്വപ്‌നത്തിൽ കാണുന്ന കാര്യങ്ങൾ എഴുത്തിലൂടെ ലോകത്തോട് വിളിച്ച് പറയുകയാണത്രെ ബാബ വാംഗ. കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് ഇവരുടെ ആരാധകർ അവകാശപ്പെടുന്നത്.
തെക്കൻ ജപ്പാനിലെ ഒരു വിദൂര ദ്വീപസമൂഹത്തിൽ ശനിയാഴ്‌ച മുതൽ 470ലധികം ഭൂകമ്പങ്ങൾ ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ജനങ്ങൾക്ക് ആശങ്ക ഇരട്ടിയായി. ബാബാ വാംഗയുടെ പ്രവചനങ്ങൾ സത്യമാവുകയാണോ.. അങ്ങനെയെങ്കിൽ ദുരന്തത്തിന് ഇനി നാലുനാളുകൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്..ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ.
രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി തുടങ്ങിയവയെല്ലാം ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു. എല്ലാ വർഷാവസാനവും പ്രവചനങ്ങളുമായി എത്താറുള്ള ഈ ബാബ വാംഗയുമായി പരക്കെ താരതമ്യം ചെയ്യപ്പെടുന്ന ജാപ്പനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയോ തത്സുകി ഇത്തരം പ്രവചനങ്ങൾ നടത്താറുള്ളത്
1999-ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചര്‍ ഐ സോയുടെ കവർ പേജിൽ തന്നെ 2011 മാർച്ചിലെ ഭൂകമ്പവും തുടർന്നുള്ള സുനാമിയും രേഖപ്പെടുത്തിയിരുന്നു.
ഈ ദുരന്തത്തിൽ ഏകദേശം 16,000 പേർ മരിക്കുകയും ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്‌തിരുന്നു. താൻ പ്രവചിച്ച അതേ വർഷം അതേ സമയത്താണ് ഈ ദുരന്തങ്ങൾ ഉണ്ടായതെന്നാണ് തത്സുകിയുടെ അവകാശവാദം. പ്രവചനത്തിന് പിന്നാലെ വിവിധ വ്യാഖ്യാനങ്ങളും പുറത്ത് വരുന്നുണ്ട്. സമുദ്രത്തിനടിയില്‍ ഭൗമാന്തര്‍ഭാഗത്തുനിന്നുള്ള ലാവ പുറത്തേക്ക് വരുന്നതിനെപ്പറ്റിയാണ് പ്രവചനമെന്ന് ചിലർ വാദിക്കുന്നു. എന്നാൽ അതൊരു വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്നും കരുതുന്നവരുണ്ട്. അതേസമയം പ്രവചനത്തിന് പിന്നാലെ ധാരാളം വിനോദസഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: