India

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

Published by

ഇസ്ലാമാബാദ് : ഇന്ത്യൻ അതിർത്തിയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവാവും, യുവതിയും വെള്ളമില്ലാതെ മരുഭൂമിയിൽ മരിച്ചു. രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയ്‌ക്കടുത്ത് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലാണ് സംഭവം . പാകിസ്ഥാൻ ഹിന്ദു കൗമാരക്കാരായ രവി കുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത് .

ഇരുവരും ഇന്ത്യയിൽ വന്ന് വിവാഹിതരാകാനും സമാധാനപരമായ ജീവിതം നയിക്കാനും സ്വപ്നം കണ്ടിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ വിസ ലഭിച്ചില്ല. അതുകൊണ്ട് തന്നെ ഇവർ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചു, വഴിയിൽ വെള്ളവും ഇല്ലാത്തതിനാൽ നിർജ്ജലീകരണം മൂലമാണ് അവർ മരിച്ചതെന്ന് സംശയിക്കുന്നു.

ഭിബിയൻ മരുഭൂമിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ സുധീർ ചൗധരി പറഞ്ഞു. ഒരാഴ്ച മുമ്പ് അതിർത്തി കടന്ന ശേഷം വഴിതെറ്റിയ ഇവർ വിജനമായ ഒരു പ്രദേശത്ത് കുടുങ്ങിയതായും പൊലീസ് പറയുന്നു.രവി കുമാറിന്റെയും ശാന്തി ബായിയുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടന്നുവരികയാണെന്നും മരണകാരണം ഇതുവരെ കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും എസ്പി സുധീർ ചൗധരി പറഞ്ഞു.

ഇന്ത്യൻ സർക്കാർ അനുവദിച്ചാൽ ജയ്‌സാൽമീറിലെ ബന്ധുക്കൾ മൃതദേഹങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്നും മൃതദേഹങ്ങൾ പാകിസ്ഥാനിലേക്ക് അയച്ചില്ലെങ്കിൽ ഹിന്ദു ആചാരങ്ങൾ അനുസരിച്ച് അന്ത്യകർമങ്ങൾ നടത്താൻ തയ്യാറാണെന്നും ഹിന്ദു പാകിസ്ഥാൻ ഡിസ്‌പ്ലേസ്ഡ് യൂണിയൻ ആൻഡ് ബോർഡർ പീപ്പിൾസ് ഓർഗനൈസേഷന്റെ ജില്ലാ കോർഡിനേറ്റർ ദിലീപ് സിംഗ് സോധ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by