ഇസ്ലാമബാദ്: കശ്മീരില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെ പാകിസ്ഥാന്‍ പിന്തുണയ്‌ക്കുമെന്ന പ്രഖ്യാപനം തന്നെയാണ് കറാച്ചിയിലെ പാകിസ്ഥാന്‍ നേവല്‍ അക്കാദമിയില്‍ നടത്തിയ പ്രസംഗത്തില്‍ പാക് സേനയുടെ മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍ സൂചിപ്പിച്ചതെന്ന് വിലയിരുത്തല്‍. കശ്മീരില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ എല്ലാം സ്വാതന്ത്ര്യസമരമാണെന്നാണ് അസിം മുനീര്‍ ഈ പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. അതിനര്‍ത്ഥം ഭാവിയിലും കശ്മീരിലേക്ക് ഭീകരരെ അയയ്‌ക്കുമെന്നും അവര്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും തന്നെയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് അധീന കശ്മീരിലും പാകിസ്ഥാനിലും ഇന്ത്യ ആക്രമിച്ച ഭീകരപരിശീലന കേന്ദ്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പാകിസ്ഥാനിപ്പോള്‍. വലിയ വലിയ ഭീകരപരിശീലനക്യാമ്പുകള്‍ക്ക് പകരം 20 മുതല്‍ 30 വരെ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പുകള്‍ സ്ഥാപിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. അതായത് ഭാവിയില്‍ ആക്രമിച്ചാല്‍ വലിയ ആള്‍നാശമോ വസ്തുനാശമോ നടത്താന്‍ കഴിയാത്ത വിധം വികേന്ദ്രീകൃതമായ ഭീകരപരിശീലന സംവിധാനമാണ് കൊണ്ടുവരാന്‍ പോകുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പഠിച്ച പാഠത്തിനനുസരിച്ച് പുതിയ സംവിധാനങ്ങള്‍ ഒരുക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.
ഇന്ത്യയുടെ ഉപഗ്രഹസംവിധാനങ്ങള്‍ക്കോ റഡാര്‍ സംവിധാനങ്ങള്‍ക്കോ ഡ്രോണുകള്‍ക്കോ അടയാളപ്പെടുത്താന്‍ കഴിയാത്ത വിധം അതീവ രഹസ്യമായിട്ടായിരിക്കും ഈ ഭീകരക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. പിടിക്കപ്പെടാതിരിക്കാന്‍, ഭീകരപരിശീലനക്യാമ്പുകള്‍ക്ക് ചുറ്റും റഡാര്‍ കണ്ണുകളെ മറയ്‌ക്കാനുള്ള ആധുനിക സംവിധാനങ്ങളും സാറ്റലൈറ്റ് സിഗ്നേച്ചര്‍ മാസ്കിങ്ങുകളും തെര്‍മല്‍ മാസ്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും.
കാടുകളും ചെറിയ പർവതങ്ങളും കൊണ്ട് ചുറ്റപ്പെട്ടതും തീവ്രവാദികളെ ഒളിപ്പിച്ച് വളരെക്കാലം സൂക്ഷിക്കാൻ എളുപ്പമുള്ളതുമായ സ്ഥലങ്ങള്‍ ആണ് പാക് ചാരസംഘടനയായ ഐഎസ്‌ഐ പുതിയ ഭീകര പരിശീലന കേന്ദ്രങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭീകരപരിശീലനം നടക്കുന്ന പാക് അധീന കശ്മീരിലെ അത്മുക്കം, സര്‍ദി, ലിപ, കൊട് ളി, കഹുത, ജന്‍കോട്ടെ, ചമന്‍കോട്ട് എന്നീ പ്രദേശങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ജെയിഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകളുടെ കമാന്‍ഡര്‍മാരെയാണ് ഇവിടെ പരിശീലനങ്ങള്‍ക്കായി ഐഎസ് ഐ കൊണ്ടുവരുന്നത്. ഇവിടെ ഇപ്പോള്‍ പാക് കമാന്‍ഡര്‍മാര്‍ മാത്രമല്ല, കശ്മീരില്‍ നിന്നുള്ള ഭീകരരും ഈ ക്യാമ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ പാകിസ്ഥാനില്‍ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ എല്ലാം കശ്മീരിലെ ജനങ്ങള്‍ സ്വയം നിര്‍ണ്ണയാവകാശത്തിന് നടത്തുന്ന സമരമാണെന്നായിരുന്നു അസിം മുനീര്‍ നടത്തിയ ന്യായീകരണം. കശ്മീരിന് എല്ലാക്കാലത്തും പാകിസ്ഥാന്‍ ധാര്‍മ്മിക പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിക്കുക വഴി അസിം മുനീര്‍ ഭാവിയിലും പാകിസ്ഥാന്‍ കശ്മീരില്‍ ശക്തമായി ഇടപെടുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചന.
യുഎസ് പ്രസിഡന്‍റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആദ്യമായി നടത്തുന്ന പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെങ്കില്‍ പാകിസ്ഥാന്റെ അജണ്ടകള്‍ക്ക് പിന്നില്‍ യുഎസിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്. ഐഎംഎഫിന്‍റേതുള്‍പ്പെടെ ലഭിച്ച വന്‍സാമ്പത്തിക സഹായത്തില്‍ നല്ലൊരു പങ്ക് ആയുധങ്ങള്‍ക്കായി ചെലവഴിക്കാനാണ് പാകിസ്ഥാന്റെ നീക്കം. കശ്മീരില്‍ സമാധാനം എന്നും പിടികിട്ടാ ദൂരത്തില്‍ ആയിരിക്കുമെന്നും ഏറ്റുമുട്ടലിന്റെ ഭീഷണി എപ്പോഴും നിലനില്‍ക്കുമെന്നും അസിം മുനീര്‍ പ്രസംഗത്തില്‍ ഉയര്‍ത്തിയ ഭീഷണി ആന്നഭാവിയില്‍ കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചേക്കുമെന്നതിന്റെ സൂചനയാണെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: