നാട്ടാചാരങ്ങളുടെ ഭാഗാമയി ഏറെ വിചിത്രവും ചിലപ്പോള്‍ നിസ്സാരമെന്നു തോന്നാവുന്നതുമായ പല കാര്യങ്ങളും ഈ ആധുനിക കാലഘട്ടത്തില്‍ പോലും നാം പിന്തുടരുന്നുണ്ട്. യുക്തിവാദികള്‍ക്ക് പ്രത്യക്ഷത്തില്‍ അസംബന്ധമെന്നു തോന്നാമെങ്കിലും ഈ ആചാരങ്ങളൊക്കെ ആഴത്തില്‍ വിശകലനം ചെയ്താല്‍ അവയ്‌ക്കു പിന്നിലും ചില ശാസ്ത്രീയ വസ്തുതകള്‍ കണ്ടെത്താന്‍ കഴിയും.
രണ്ട് ആചാരങ്ങളിലെ ശാസ്ത്രീയത എടുത്തു കാട്ടാനുള്ള ശ്രമമാണിവിടെ. നദികളിലും സ്നാനഘട്ടങ്ങളിലും ജലസ്രോതസ്സുകളിലും നാണയങ്ങള്‍ നിക്ഷേപിക്കുന്ന രീതി ആണ് ഒന്ന്. രണ്ടാമത്തേത് ശകുനം നോക്കി യാത്രയുടെയും മറ്റും ശുഭാശുഭഫലം മുന്‍കൂട്ടി മനസ്സിലാക്കുന്ന സമ്പ്രദായവും. മുന്‍കാല പരിചയം, അനുവഭ സമ്പത്ത് എന്നിവ അടിസ്ഥാനമാക്കി തെറ്റുകള്‍ തിരുത്തി പ്രശ്‌നപരിഹാരം കാണുന്ന ഒരു പഠനരീതി തന്നെ ഭാരതം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹ്യൂറിസ്റ്റിക് (heuristic) എന്നറിപ്പെടുന്ന ഈ രീതിയുടെ കാതല്‍ ഒരു വ്യക്തി തന്റെ പരിചയസമ്പത്തും സ്വാര്‍ജ്ജിത അറിവുകളും ആധാരമാക്കി നടത്തുന്ന പ്രവചനങ്ങള്‍ വലിയൊരളവോളം ശരിയായി വരാം എന്നതാണ്.
പുരാതനകാലം മുതല്‍ക്കേ മനുഷ്യന്‍ നദീതടങ്ങളെ അതിജീവനത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. പല നാഗരിക സംസ്‌ക്കാരങ്ങളും നദികളുമായോ അവയുടെ തീരങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. പണ്ടു കാലങ്ങളില്‍ ധനവിനിമയത്തിനായി ചെമ്പുനാണയങ്ങളാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. ചെമ്പ് ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന രീതി പുരാതനകാലം മുതല്‍ക്കെ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇത് ഭാരതീയ ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. പുരാതന ഈജിപ്തിലും ഈ ജലശുദ്ധീകരണ രീതി പിന്തുടര്‍ന്നിരുന്നു. ഇന്ന് അതിനൂതനമായ റിവേഴ്സ് ഓസ്‌മോസിസ്’ എന്ന പ്രക്രിയ ഉപയോഗിച്ച് ശരിയായ അളവില്‍ കോപ്പര്‍ അയോണുകള്‍ ചേര്‍ത്ത് ഏറ്റവും ഫലപ്രദമായി ജലശുദ്ധീകരണം നടത്തപ്പെടുന്നു.
ഉത്തരേന്ത്യയിലേക്കു ചെന്നാല്‍ ഗംഗ, യമുന, കാവേരി തുടങ്ങിയ നദികളിലേക്ക് നാണയത്തുട്ടുകള്‍ എറിയുന്ന കാഴ്ച സര്‍വ്വ സാധാരണമാണ്. കിണര്‍, കുളങ്ങള്‍, ഉറവകള്‍ എന്നിവിടങ്ങളില്‍ നേര്‍ച്ചയായും ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിനായും ഭക്തര്‍ നാണയങ്ങള്‍ നിക്ഷേപിക്കാറുണ്ട്. ഇറ്റലിയിലെ റോമില്‍ സ്ഥിതിചെയ്യുന്ന ട്രെവി (Trevi) ജലധാരയിലേക്ക് സന്ദര്‍ശകര്‍ നാണയങ്ങള്‍ എറിയാറുണ്ട്. പ്രതിവര്‍ഷം ഏതാണ്ട് 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ (രൂപയില്‍ കണക്കാക്കിയാല്‍ 17.16 കോടി) ഈ ജലധാരയില്‍ നിന്നു ലഭിക്കുന്നു. നമ്മുടെ നാട്ടിലെ പുണ്യനദികളില്‍ നടത്തുന്ന നാണയ നിക്ഷേപത്തേയും ഇതിനു സമാനമായി കാണാം. പാമ്പന്‍ പാലത്തിനു മുകളിലൂടെ രാമേശ്വരത്തേക്കു പോകുമ്പോള്‍ ജനങ്ങള്‍ തീവണ്ടിയില്‍ നിന്നും വാഹനങ്ങളില്‍ നിന്നും കടലിലേക്ക് നാണയങ്ങളെറിയുന്നത് കാണാം. ഇത് ഒരു ആചാരമായി തുടരുന്നതാണെങ്കിലും ഇതിന്റെ ഉത്ഭവം ജലസ്രോതസ്സുകളെ മാലിന്യ വിമുക്തമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണെന്നതില്‍ സംശയം വേണ്ട.
പുരാതനകാലത്ത് നാണയങ്ങള്‍ അധികവും ചെമ്പില്‍ നിര്‍മ്മിച്ചവ ആയിരുന്നു. ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ചെമ്പ് നമ്മുടെ ശരീരത്തിനാവശ്യമായ ഒരു മൂലകമാണ്. ചെമ്പു പാത്രത്തില്‍ സൂക്ഷിക്കുന്ന വെള്ളം ഉപയോഗിച്ചാല്‍ ത്രിദോഷ(വാതം, പിത്തം, കഫം) സന്തുലനാവസ്ഥ നിലനിര്‍ത്തി ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ഈ ശാസ്ത്ര സത്യമാകാം ഇന്നു ബാലിശമായി തോന്നാവുന്ന ജലസ്രോതസ്സുകളിലേക്കുള്ള നാണയമേറ് എന്ന ആചാരത്തിന്റെ പിറവിക്കു പിന്നില്‍ എന്നു കരുതണം.
ഇതുപോലെയാണ് ശകുനം നോക്കുന്ന രീതിയുടേയും തുടക്കം. പുതുതലമുറ യുക്തിചിന്തയുടെ ഭാഗമായി ശകുനത്തെ സംശയത്തോടെ സമീപിക്കുന്നുണ്ടാവാം. എന്നാല്‍ പൂര്‍വ്വികര്‍ ഇതിനെ പ്രകൃതിയുടെ മുന്‍കരുതല്‍ എന്ന രീതിയില്‍ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. നല്ല ശകുനങ്ങള്‍ നല്ല ഫലങ്ങളും ദുര്‍നിമിത്തങ്ങള്‍ മോശം ഫലങ്ങളും നല്‍കുമെന്ന് പൂര്‍വികര്‍ വിശ്വസിച്ചു. ശകുനങ്ങള്‍ ഭാവി ഫലസൂചകമാണ്. പ്രകൃതി ചലനങ്ങളും പക്ഷിമൃഗാദികളുടെ നീക്കവും വരാന്‍പോകുന്ന കാര്യങ്ങളെ മുന്‍കൂട്ടി അറിയാനായി നമ്മുടെ പിതാമഹന്മാര്‍ ഉപയോഗപ്പെടുത്തി. വേദപുരാണങ്ങളില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. രാമായണ, മഹാഭാരതങ്ങളില്‍ ശകുനവുമായി ബന്ധപ്പെട്ട ധാരാളം പരാമര്‍ശങ്ങളുണ്ട്. സ്ത്രീകള്‍ക്ക് ശരീരത്തിന്റെ ഇടതുഭാഗം തുടിക്കുന്നത് ശുഭലക്ഷണവും പുരുഷന്മാര്‍ക്ക് അശുഭവുമാണ്. സമുദ്രലംഘനം നടത്തി ഹനുമാന്‍ അശോകവനിയില്‍ വേഷപ്രഛന്നനായി എത്തുമ്പോള്‍ സീതാദേവിക്ക് ഇടതുവശം തുടിച്ചതായി രാമായണം പറയുന്നു. തന്റെ ദാരിദ്ര്യം സതീര്‍ത്ഥ്യനായ ശ്രീകൃഷ്ണനെ അറിയിക്കാന്‍ ഒരുപിടി അവിലുമായി ദ്വാരകയിലേക്കു പോകാനൊരുങ്ങുന്ന കുചേലന്‍, ചകോര പക്ഷികളുടെ കോലാഹലം കേട്ടാണ് പുറപ്പെടുന്നത്.
പശുവിന്റെ പിന്‍ഭാഗം, മണിനാദം, ഇരട്ടബ്രാഹ്മണര്‍ ആദിയായവ ശുഭശകുനവും പൂച്ച കുറുകെ ചാടുക, നായ്‌ക്കള്‍ ഓരിയിടുക, അരിവാള്‍, മഴു ആദിയായ ലോഹ ഉപകരണങ്ങളേന്തി ആരെങ്കിലും എതിരെ വരിക ഇവയൊക്ക അശുഭലക്ഷണമായി കണക്കാക്കപ്പെടുന്നു. മഹാഭാരതത്തിലും ശുകുനത്തെപ്പറ്റിയുള്ള കഥാ സന്ദര്‍ഭങ്ങളുണ്ട്. നാട്ടിന്‍പുറത്ത് ‘ശകുനം അറിയാ പാപി ചെന്ന് അറിയും’ എന്നൊരു ചൊല്ലു തന്നെയുണ്ട്.
പ്രകൃതി ചലനങ്ങള്‍, സൂചനകള്‍, മൃഗ-പക്ഷികള്‍ ഇവയുടെ ആഗമന ശബ്ദങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ബൃഹത്തായ ഒരു പഠനശാഖ ‘ശകുനശാസ്ത്രമെന്ന’ പേരിലുണ്ട്. മൃഗ-പക്ഷികള്‍ക്ക് മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്ത ശബ്ദതരംഗങ്ങളെ അറിയാന്‍ കഴിവുണ്ട്. ഇതു കൃത്യമായി മനസ്സിലാക്കിയാല്‍ പല ആപത്തുകളില്‍ നിന്നും രക്ഷനേടാം. പ്രകൃതിക്ഷോഭങ്ങളും ഭൂകമ്പങ്ങളും മൃഗങ്ങളും പക്ഷികളും മുന്‍കുട്ടി അറിയാറുണ്ട്. നമ്മെ പൊതിയുന്ന പ്രകൃതിശക്തി കാണിച്ചുതരുന്ന ലക്ഷണങ്ങളുമാണ് ശകുനങ്ങള്‍. അവ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചില കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജം നല്‍കുന്നതിനോടൊപ്പം അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും സഹായിക്കും. പ്രകൃതി ഇപ്രകാരം നല്‍കുന്ന സൂചനകള്‍ ശരിയായി മനസ്സിലാക്കി അവയെ പ്രയോജനകരമായി ഉപയോഗിക്കുകയാണ് പൂര്‍വികര്‍ ചെയ്തത്.
ഇതു രണ്ടും, നമ്മുടെ ഏത് ആചാരങ്ങള്‍ക്കു പിന്നിലും ഒരു ശാസ്ത്രീയ വശമുണ്ട് എന്ന സത്യം ബോധ്യപ്പെടുത്തുന്നു. ആ ആചാരങ്ങളെല്ലാം ലോക നന്മയെ ഉന്നം വച്ചുകൊണ്ടുമായിരുന്നു. നാം അന്ധവിശ്വാസം എന്നു നിസാരവല്‍ക്കരിക്കുന്ന ഏതു കാര്യത്തിലും കൃത്യമായി വിശകലനം ചെയ്താല്‍ ശാസ്ത്രീയ അടിത്തറ ദര്‍ശിക്കാം. ഈ അടിത്തറയാണ് നമ്മുടെ സംസ്‌ക്കാരത്തെ സനാതനമാക്കുന്നത്.
(പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ആണ് ലേഖകന്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: