തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്‌ക്കലിന്റെ വെളിപ്പെടുത്തലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത, ആദ്യ ഒപി ടിക്കറ്റ് ആദ്യ പ്രധാനമന്ത്രിയുടെ പേരിലെടുത്ത, സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍കോളജിന് ഇന്ന് അനാരോഗ്യത്തിന്റെ അവശത.
അടിക്കടി നിര്‍മാണപ്രവര്‍ത്തനങ്ങളും കോടികളുടെ ഫണ്ട് ചെലവഴിക്കലും നടക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യ വികസനവും രോഗീപരിചരണവും അവതാളത്തില്‍. കേടാകുന്ന ഉപകരണങ്ങള്‍ യഥാസമയം മാറ്റാറില്ല. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പുതിയ ഉപകരണങ്ങള്‍ എത്തിയാല്‍ വൈകാതെ കേടാകുന്ന അപൂര്‍വപ്രതിഭാസം. സ്വകാര്യ ലാബുകളെയും ആശുപത്രികളെയും സഹായിക്കാനാണിതെന്ന ആരോപണം ശക്തം. വലിയൊരുവിഭാഗം ഡോക്ടര്‍മാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റുന്നുവെന്നും രോഗികള്‍ ആക്ഷേപമുന്നയിക്കുന്നു.
ഒപിയില്‍ പ്രതിദിനമെത്തുന്നത് അയ്യായിരത്തിലധികം പേര്‍. പുലര്‍ച്ചെ ആറുമണിക്കു മുമ്പ് എത്തിയാലേ ഉച്ചയ്‌ക്ക് മുമ്പ് ഡോക്ടറെ കാണാന്‍ സാധിക്കൂ. ടെസ്റ്റുകള്‍ക്ക് കുറിപ്പടി കൊടുത്താല്‍ പരിശോധനാ ഫലവുമായി വീണ്ടും ഡോക്ടറെ കാണണമെങ്കില്‍ അടുത്ത ആഴ്ചയിലെ ഒപിയില്‍ എത്തണം. വിദൂര ദേശങ്ങളില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ളവരാണ് പലപ്പോഴും എത്തുന്നതെന്നതിനാല്‍ അടുത്ത ഒപി തീയതിവരെ രോഗി ജീവിച്ചിരിക്കുമെന്ന് യാതൊരുറപ്പുമില്ല.
അടിസ്ഥാന സൗകര്യവികസനം ഇഴഞ്ഞുനീങ്ങുന്നു. മൊബൈല്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി, സി റ്റി സ്‌കാന്‍, മൊബൈല്‍ എക്‌സ്‌റേ മെഷീന്‍, എംആര്‍ഐ മെഷീന്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനുള്ള ഈ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍. ഉള്ളവ പോലും ഉപകാരപ്രദമാക്കാന്‍ സാധിക്കുന്നില്ല. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പോഴുമുള്ളത് 1964 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാര്‍ മാത്രം.
യൂറോളജി, കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നീളുന്നു. റേഡിയോളജി വിഭാഗത്തില്‍ ഒപിയിലെത്തുന്ന രോഗികള്‍ക്ക് എംആര്‍ഐ പരിശോധനയ്‌ക്കായി കാത്തിരിക്കേണ്ടിവരുന്നത് രണ്ടുമാസം വരെ.
കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗത്തിലേക്കുള്ള സ്‌റ്റെന്റ്, വാല്‍വ്, പേസ്‌മേക്കര്‍, ബലൂണ്‍, കത്തീറ്റര്‍ വയര്‍, ഗൈഡ്‌വയര്‍ തുടങ്ങിയവയും ആവശ്യത്തിന് ലഭ്യമല്ല.
മരുന്നുകമ്പനികളുടെ കുടിശിക നല്‍കാത്തതിനാല്‍ അവശ്യമരുന്നുകള്‍പോലും രോഗികള്‍ പുറത്തുനിന്ന് വാങ്ങണം. ശസ്ത്രക്രിയകള്‍ക്ക് രോഗികള്‍ വാങ്ങിനല്‍കേണ്ട ചികിത്സാ ഉപകരണങ്ങളുടെ ലിസ്റ്റ് നല്‍കും. ഇവ വാങ്ങാന്‍ സ്വകാര്യ ലാബുകളെ തെരഞ്ഞെടുത്ത് നിര്‍ദ്ദേശിക്കുന്നതും ഡോക്ടര്‍മാരാണ്. പലരും ശസ്ത്രക്രിയ നിശ്ചയിച്ച ദിവസം ആശുപത്രിയില്‍ എത്തുമ്പോഴാണ് ഇക്കാര്യം അറിയുന്നത്.
കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കി ഉപകരണം വാങ്ങാനുള്ള ഏജന്റുമാര്‍ വാര്‍ഡുകളില്‍ കറങ്ങിനടക്കുന്നുണ്ടാവും. അത്യാഹിതവിഭാഗത്തിലെ നഴ്‌സുമാര്‍ക്ക് വെള്ളം കുടിക്കാന്‍പോലും സമയം കിട്ടാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: