India

ആക്സിയം-4 ദൗത്യം: ശുഭാംശു ശുക്ല മയോജെനിസിസ് പരീക്ഷണങ്ങള്‍ ആരംഭിച്ചു

Published by

ന്യൂദല്‍ഹി: ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ഭാരത ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ലൈഫ് സയന്‍സസ് ഗ്ലോവ്ബോക്സില്‍ (എല്‍എസ്ജി) മയോജെനിസിസ് പരീക്ഷണങ്ങള്‍ നടത്തുവാന്‍ ആരംഭിച്ചു.

ആക്സിയം സ്പേസ് ദൗത്യത്തിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ച്, ക്രൂ അംഗങ്ങള്‍ ഐഎസ്എസിലെ അവരുടെ അറൈവല്‍ പ്രോട്ടോക്കോളുകള്‍ക്ക് ശേഷം പ്രായോഗിക ഗവേഷണങ്ങള്‍ നടത്തണം. ഇതിന്റെ ഭാഗമായാണ് ശുഭാംശു ശുക്ല എല്‍എസ്ജി തിരഞ്ഞെടുത്തത്.

ബഹിരാകാശത്ത് അസ്ഥി പേശികളുടെ അപചയത്തിന് പിന്നിലെ ജൈവശാസ്ത്രപരമായ വഴികള്‍ കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ബഹിരാകാശയാത്രികര്‍ക്ക് ഒരു പ്രധാന വെല്ലുവിളിയാണ് ബഹിരാകാശത്ത് വച്ചുള്ള പേശികളുടെ അപചയം. ഈ സംവിധാനങ്ങളെ തിരിച്ചറിയുന്നതിലൂടെ, ബഹിരാകാശ സഞ്ചാരികളെ സംരക്ഷിക്കുക മാത്രമല്ല ഭൂമിയിലെ പേശീക്ഷയ രോഗങ്ങള്‍ ബാധിച്ച ആളുകളെ സഹായിക്കുകയും ചെയ്യുന്ന ചികിത്സകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷരുടെ പ്രതീക്ഷ. അതിനാല്‍ 14 ദിവസത്തെ താമസക്കാലയളവില്‍ ബഹിരാകാശ യാത്രികര്‍ ഈ ഗവേഷണങ്ങള്‍ക്ക് ആയിരിക്കും സമയം ചെലവഴിക്കുക.

ഭാരതത്തിലെ വിവിധ ദേശീയ ഗവേഷണ വികസന ലബോറട്ടറികളില്‍ നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുമായി നിര്‍ദ്ദേശിക്കപ്പെട്ട മൈക്രോഗ്രാവിറ്റി ഗവേഷണ പരീക്ഷണങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്താണ് ഐഎസ്ആര്‍ഒ ശുഭാംശു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പരീക്ഷണ വിഷയങ്ങള്‍ തിരഞ്ഞെടുത്തത്. 7 പരീക്ഷണങ്ങളാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെല്‍ സയന്‍സ് ആന്‍ഡ് റീജനറേറ്റീവ് മെഡിസിന്‍ (ഇന്‍സ്റ്റെം) ആണ് മയോജെനിസിസ് പരീക്ഷണം നിര്‍ദ്ദേശിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഈ ഏഴ് പരീക്ഷണങ്ങള്‍ക്ക് പുറമേ, ഇസ്രോയും നാസയും സംയുക്തമായി നടത്തുന്ന അഞ്ച് ശാസ്ത്ര അന്വേഷണങ്ങളിലും രണ്ട് ഇന്‍-ഓര്‍ബിറ്റ് സ്റ്റേം (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) പ്രദര്‍ശനങ്ങളിലും ശുഭാംശു ശുക്ല പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക