കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന റവാഡ എ. ചന്ദ്രശേഖര്‍ പാര്‍ട്ടി ഭരണത്തില്‍ പോലീസ് തലപ്പത്തെത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഇടയില്‍ ചര്‍ച്ച സജീവമാകുന്നു. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് ജീവിതാവസാനംവരെ സിപിഎമ്മും പോഷക സംഘടനകളും വേട്ടയാടിയ എം.വി. രാഘവനേയും മാധ്യമ പ്രവര്‍ത്തകനായിരുന്ന രാഘവന്റെ മകന്‍ എം.വി. നികേഷ് കുമാറിനേയും കൂടെക്കൂട്ടിയ സിപിഎം നേതൃത്വം ഒടുവില്‍ റവാഡയേയും അംഗീകരിച്ചതോടെ കൂത്തുപറമ്പ് വെടിവയ്‌പ്പ് രക്തസാക്ഷികളെ പാര്‍ട്ടി മറന്നുവോയെന്ന ചോദ്യമാണ് ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നത്. ഈയുള്ള കാലം മുഴുവന്‍ കൂത്തുപറമ്പ് വെടിവെയ്‌പ്പിനെതിരേയും വെടിയേറ്റ് മരിച്ചവര്‍ക്ക് വേണ്ടിയും വാതോരാതെ പ്രസംഗിച്ച പാര്‍ട്ടി പറഞ്ഞതെല്ലാം ഒന്നൊന്നായി അധികാരത്തിനും ചില പാര്‍ട്ടി നേതാക്കളുടെ സ്വാര്‍ത്ഥതയ്‌ക്കുമായി വിഴുങ്ങുകയല്ലെ എന്ന ചോദ്യമാണ് സിപിഎം അണികളും പാര്‍ട്ടി പ്രവര്‍ത്തകരും പരസ്പരം ചോദിക്കുന്നത്.
വെടിവെയ്‌പ്പ് നടന്ന അന്ന് തൊട്ട് പാര്‍ട്ടി വൈകാരികമായി കൊണ്ടു നടന്ന രക്തസാക്ഷികളെ മറന്ന് വെടിവെപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ ഇടത് സര്‍ക്കാരിന്റെ കാലത്ത് പോലീസ് തലപ്പത്തേക്ക് വരുന്നത് വലിയ രാഷ്‌ട്രീയ കൗതുകത്തിനും ചര്‍ച്ചകള്‍ക്കുമാണ് വഴിവെയ്‌ക്കുകയാണ്. 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ അന്നത്തെ മന്ത്രി എം.വി. രാഘവനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. അന്ന് തലശേരി എഎസ്പിയായിരുന്ന റവാഡ ചന്ദ്രശേഖറിനെതിരെ, പിന്നീട് അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ കേസെടുത്തിരുത്തിരുന്നു. 2012ല്‍ ഹൈക്കോടതി അദ്ദേഹത്തെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി.
വെടിവെപ്പ് സംബന്ധിച്ച് റവാഡ കോടതിയില്‍ നല്‍കിയ മൊഴികള്‍ അന്ന് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. എങ്കിലും, കൂത്തുപറമ്പ് സംഭവത്തിന് ഉത്തരവാദിയെന്ന് സിപിഎം ഒരു കാലത്ത് മുദ്രകുത്തിയ എം.വി. രാഘവനെ അംഗീകരിക്കുകയും മരണത്തിന് മുമ്പെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ചേര്‍ത്തുപിടിക്കുകയും മകന്‍ നികേഷ് കുമാറിനെ പിന്നീട് അഴിക്കോട് ഇടത് സ്ഥാനാര്‍ത്ഥിയാക്കി. ഇതേ രീതിയിലാണ് റവാഡയുടെ കാര്യത്തിലും പാര്‍ട്ടി ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. വെടിവയ്‌പ്പില്‍ അതീവമായി ഗുരുതരമായി പരുക്കേറ്റു ശയ്യാവലംബിയായ പുതുകുടി പുഷ്പന്‍ അടുത്ത കാലത്താണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എം.വി. രാഘവനെ ഡിവൈഎഫ്‌ഐ സമര വളണ്ടിയര്‍മാര്‍ കരിങ്കൊണി കാണിച്ചു തടയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കാര്യം മന്ത്രിയായ എം.വി.ആറിനെയും അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി അര്‍ബന്‍ ബാങ്ക് ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായില്ല. ആദ്യം ആകാശത്തേക്ക് വെടിവച്ചു മുന്നറിയിപ്പു നല്‍കാതെ പ്രകടനം നടത്തിയ സമരക്കാര്‍ക്കെതിരെ റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ് പ്രകാരം ഹക്കീം ബത്തേരിയുടെ നേതൃത്വത്തില്‍ പോലീസ് വെടി വയ്‌ക്കുകയായിരുന്നു.
എഡിഎം ടി.ടി. ആന്റണിയായിരുന്നു വെടിവയ്‌പിന് ഉത്തരവിട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍. സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു മരിച്ചവരെല്ലാം. അന്ന് തൊട്ട് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐ അടക്കമുളള സംഘടനകള്‍ സമര പോരാട്ടത്തിന്റെ രക്തസാക്ഷികളാണ് മരിച്ചവരെന്ന നിലയില്‍ വര്‍ഷം തോറും കൂത്തുപറമ്പ് രക്തസാക്ഷി ദിനവും മറ്റ് പരിപാടികളും നടത്തി വരുന്നുണ്ട്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സമരം നടത്തിയ പാര്‍ട്ടി മരണാസനനായ ഘട്ടംമുതല്‍ രാഘവനെയും പിന്നീട് അദ്ദേഹത്തിന്റെ മകനേയും പാര്‍ട്ടി സഖാക്കളായി കൊണ്ടു നടന്നു. മാത്രമല്ല സ്വാശ്രയ സ്ഥാപനത്തിനെതിരെ സമരം ചെയ്ത പാര്‍ട്ടിയും പാര്‍ട്ടി നേതാക്കളും പിന്നീട് സ്വാശ്രയ സ്ഥാപനങ്ങളുടെ മേധാവികളായി.
ഏറ്റവും ഒടുവില്‍ വിദേശ സര്‍വ്വകലാശാലകള്‍ക്ക് പാര്‍ട്ടി ഭരണകൂടം സംസ്ഥാനത്തേക്ക് കടന്നു വരാന്‍ വാതില്‍ തുറന്നിടുന്നിടത്ത് കാര്യങ്ങളെത്തി. ഇതെല്ലാം പുതിയ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.












