ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള
ഭാരതീയ വിചാരകേന്ദ്രം,അക്കാദമിക് ഡീന്‍
വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളെയും ഉള്‍ക്കൊളളിച്ചുകൊണ്ട് ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ പ്രയോജനമാകുന്ന വിധത്തില്‍ ഉന്നത നിലവാരവും, ഗുണമേന്മയും, മൂല്യാധിഷ്ഠിതവും, വികസനോന്മുഖവുമായ വിദ്യാഭ്യാസ പദ്ധതിയായിട്ടാണു ദേശീയ വിദ്യാഭ്യാസനയം (എന്‍ഇപി 2020) കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം, പഠന ഗവേഷണങ്ങള്‍ക്കായി വിവര സാങ്കേതിക വിദ്യയുടെ സംയോജനം, ദേശീയ ഗവേഷണ ഫൗണ്ടേഷന്‍, അദ്ധ്യാപകര്‍ക്ക് പ്രൊഫഷണല്‍ പരിശീലനം, ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്‌ട്രനിലവാരം, ബഹുവിഷയാധിഷ്ഠിത പാഠ്യപദ്ധതി, നൂതന സംയോജിത അദ്ധ്യാപന രീതികള്‍, ശാസ്ത്രീയവും ഫലപ്രദമായ വിലയിരുത്തല്‍, ഏത് ഇന്ത്യന്‍ ഭാഷകളിലും എല്ലാ വിഷയങ്ങളുടേയും ഉള്ളടക്കം ലഭ്യമാക്കുക എന്നിവയുള്‍പ്പെടുന്ന വിദ്യാഭ്യാസ പദ്ധതിയാണ് എന്‍ഇപി 2020. ഇന്റര്‍ ഡിസിപ്ലിനറി, ട്രാന്‍സ് ഡിസിപ്ലിനറി, സ്‌കില്‍ ഓറിയന്റേഷന്‍, വൊക്കേഷണലൈസേഷന്‍, ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എബിസി), നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക്, മള്‍ട്ടി എന്‍ട്രി-എക്സിറ്റ് സൗകര്യങ്ങള്‍ എന്നിവയിലൂന്നിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
യുജിസി-റെഗുലേഷന്‍-2025
ഇത്തരത്തില്‍ അന്താരാഷ്‌ട്ര നിലവാരവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസ പദ്ധതിക്കനുഗുണമായ മാനവവിഭവ ശേഷി ഉറപ്പുവരുത്തുന്നതിനു വേണ്ടി അദ്ധ്യാപക-അക്കാദമിക തസ്തികകളിലേക്കുള്ള നിയമനം, പ്രമോഷന്‍, യോഗ്യത, സേവന- വേതന വ്യവസ്ഥകള്‍, ഉത്തരവാദിത്തങ്ങള്‍ ഇവയെക്കുറിച്ച് വ്യക്തമായി നിര്‍വചിച്ചു കൊണ്ടാണ് പുതിയ യുജിസി റെഗുലേഷന്‍-2025, വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ചട്ടങ്ങളനുസരിച്ച് അദ്ധ്യാപക നിയമനങ്ങള്‍ക്ക് ബിരുദങ്ങള്‍ വ്യത്യസ്ത വിഷയങ്ങളിലാണെങ്കില്‍ പോലും യുജിസി- നെറ്റ് പ്രകടനത്തെ അടിസ്ഥാനമാക്കി ഫാക്കല്‍റ്റി തസ്തികകളിലേക്ക് അപേക്ഷകര്‍ക്ക് യോഗ്യത നേടാനാകും. കര്‍ക്കശമായ വിഷയ അതിരുകള്‍ നീക്കം ചെയ്യുന്നതിന് ഫാക്കല്‍റ്റി തെരഞ്ഞെടുപ്പുകള്‍ക്കായി ബിരുദ-ബിരുദാനന്തര ബിരുദങ്ങളില്‍ മുഖ്യവിഷയങ്ങളോടൊപ്പം പഠിച്ച അനുബന്ധ വിഷയങ്ങളില്‍ യോഗ്യത നേടിയവര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. ക്ലാസ്സില്‍ അദ്ധ്യാപകന്‍ അവലംബിക്കുന്ന നൂതന അദ്ധ്യാപന രീതികള്‍, ഗവേഷണം, ടീച്ചിംഗ് ലാബ് വികസനം, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അല്ലെങ്കില്‍ കോ-പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന നിലയില്‍ ലഭിക്കുന്ന കണ്‍സള്‍ട്ടന്‍സി / സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് ഫണ്ടിങ്, ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങള്‍-പുസ്തക രചനകള്‍ എന്നിവയും അദ്ധ്യാപകരായി നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ ‘ശ്രദ്ധേയമായ സംഭാവനകള്‍’ ആയി കണക്കാക്കും.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍,അസിസ്റ്റന്റ് പ്രൊഫസര്‍, ലൈബ്രേറിയന്‍, ഡെപ്യൂട്ടി ലൈബ്രേറിയന്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്ററ് ഡയറക്ടര്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് മുതലായ തസ്തികകളുടെ നിയമനം, പ്രമോഷന്‍, യോഗ്യത, പ്രവര്‍ത്തിപരിചയം, ഉത്തരവാദിത്തം, സേവന-വേതന വ്യവസ്ഥകള്‍ എന്നിവ യൂജിസി- റെഗുലേഷന്‍-2025 ചട്ടങ്ങള്‍ കൃത്യമായി നിര്‍വചിച്ചു രേഖപ്പെടുത്തിയിരിക്കുന്നു.
വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനു വേണ്ടി മൂന്നംഗ സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ചാന്‍സലറിന് അധികാരവും ആവശ്യമായ നിയമന വ്യവസ്ഥകളും പുതിയ യുജിസി റെഗുലേഷനിലെ 10- 11 ഖണ്ഡികകളില്‍ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. കേരള യൂണിവേഴ്‌സിറ്റി ആക്റ്റിലെ അതേ നിര്‍ദേശങ്ങള്‍ തന്നെയാണ് വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ക്കും പുതിയ യുജിസി ചട്ടങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ തലത്തില്‍ വിവിധ ചട്ടങ്ങളില്‍ നിലവിലുള്ള അവ്യക്തത നീക്കി, വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് ഇത് സഹായകമാകും.
എന്നാല്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനത്തെ യുജിസി സ്‌കീമുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നോ ബിരുദ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ നിന്നോ വിലക്കുന്നതിന് കാരണമായേക്കാമെന്നും യുജിസി പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു. ഭാരതത്തിലെ വിദ്യാഭ്യാസ സമൂഹം പൊതുവായും ബഹുഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളും ദേശീയ വിദ്യാഭ്യാസനയം-2020 ഉം പുതുതായി പ്രസിദ്ധീകരിച്ച യുജിസി റെഗുലേഷന്‍-2025 ഉം സ്വാഗതം ചെയ്തിരിക്കുന്നു.
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലുകള്‍
എന്നാല്‍ കേരള സര്‍ക്കാര്‍ ഈ പരിഷ്‌കാരങ്ങളെ പാടെ എതിര്‍ക്കുകയാണ്. ഈ റെഗുലേഷനുകള്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണാവകാശത്തെ ബാധിക്കുമെന്നാണ് കേരളത്തിന്റെ വാദം. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി ഒരു ദേശീയവിദ്യാഭ്യാസ നയം രൂപീകരിക്കാനോ പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിക്കാനോ പാടില്ല; അത് പിന്‍വലിക്കണമെന്ന പ്രമേയവും നിയമസഭ പാസാക്കി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം പരിശോധിച്ചാല്‍ ബോധ്യമാകും യുജിസി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത.
സര്‍വ്വകലാശാലാ ഭരണത്തില്‍ രാഷ്‌ട്രീയ ഇടപെടലും കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്‌ട്രീയ അതിപ്രസരവും കേരളത്തിലെ ബഹുഭൂരിപക്ഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അങ്ങേയറ്റത്തെ നിലവാര തകര്‍ച്ചയിലെത്തിച്ചിരിക്കുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോള്‍ത്തന്നെ ഏതാണ്ടു പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അതേസമയം, ഒരു കാലത്തുമില്ലാത്ത പോലെ, ബിരുദ പഠനത്തിനുവേണ്ടി നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കുടിയേറുന്നു.
ഈ സന്നിഗ്‌ദ്ധ ഘട്ടത്തില്‍ നമ്മുടെ വിദ്യാഭ്യാസം അന്താരാഷ്‌ട്ര നിലവാരമുള്ളതും ഗുണമേന്മയുള്ളതും ആക്കി മാറ്റാനും, സര്‍വ്വകലാശാലകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങളെ സുസംഘടിതവും, വ്യവസ്ഥാപിതവും, ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് പരിഷ്‌കരിക്കാനും ദേശീയ വിദ്യാഭ്യാസ നയവും യുജിസി-റെഗുലേഷന്‍-2025 ഉം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ നടപ്പിലാക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന് ബാധ്യതയുണ്ട്.
അതേസമയം, യുജിസി റെഗുലേഷന്‍-2025നു ബദലായി, സര്‍വകലാശാലകളുടെ നിയമങ്ങള്‍ പുനഃക്രമികരിക്കുന്നതിന് കേരള സര്‍ക്കാര്‍ പുതിയ കമ്മീഷനുകള്‍ രൂപീകരിച്ചു. പ്രോ-ചാന്‍സലറുടെ അധികാരം വര്‍ധിപ്പിക്കല്‍, അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക സ്വാതന്ത്ര്യം നല്‍കല്‍, പല സ്റ്റാറ്റിയൂട്ടറി അധികാരങ്ങളുടെയും പുനഃക്രമീകരണം, പുതിയ അധികാരങ്ങള്‍ രൂപീകരിക്കുക, അഫീലിയേറ്റഡ് കോളേജുകള്‍ അനുവദിക്കുക, സ്വാശ്രയ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുക , ഗവേഷണ പാര്‍ക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷനുകള്‍ നകിയ ശുപാര്‍ശകള്‍ രണ്ടു ബില്ലുകളായി നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയാണുണ്ടായത്.
സര്‍വ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്നേക്കാളുപരി പ്രത്യയശാസ്ത്ര തൊഴിലാളികളെ വാര്‍ത്തെടുക്കാനും ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് തൊഴിലുറപ്പാക്കാനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്നതിനാണ് ഈ ബില്ല് ലക്ഷ്യമിടുന്നത്. യൂണിവേഴ്‌സിറ്റിയുടെ സ്വയംഭരണവകാശത്തെയും അക്കാദമിക ഭരണ സംവിധാനത്തെയും നിഷേധിക്കുന്നതാണ് ഈ ബില്ല്. ചാന്‍സലറിന്റെയും വൈസ് ചാന്‍സലറിന്റെയും അധികാരങ്ങളിലുള്ള കടന്നുകയറ്റമാണിത്. ബില്ലിലെ ചട്ടങ്ങള്‍ യൂണിവേഴ്സിറ്റിയെ ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കി മാറ്റിയിരിക്കുന്നു. യുജിസിയോ, ഭാരതത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളോ, പ്രോ-ചാന്‍സലര്‍ എന്ന പദവി വിദ്യാഭ്യാസ മന്ത്രിക്കു നല്കിയിട്ടില്ല. കേരളത്തിലും വൈകിയാണ് വിദ്യാഭ്യാസ മന്ത്രി പ്രോ-ചാന്‍സലര്‍ കൂടിയാണെന്ന് നിശ്ചയിച്ചതെങ്കിലും അതൊരു ഗസ്റ്റ് ഓഫ് ഹോണര്‍ പദവി മാത്രമായിരുന്നു.
എന്നാല്‍ പുതിയ ബില്ലിലെ താഴെക്കൊടുത്തിരിക്കുന്ന ചട്ടങ്ങള്‍ പ്രോ-ചാന്‍സലറിന് അമിതാധികാരങ്ങള്‍ നല്കുന്നു.
പ്രോ-ചാന്‍സലര്‍.-(ബില്ലിലെ (യ) വകുപ്പ് 9. പകരം താഴെ പറയുന്ന വകുപ്പ് ചേര്‍ക്കേണ്ടതാണ്)
(1) സംസ്ഥാനത്തെ അതതു വകുപ്പിന്റെ ചുമതലയുള്ള മന്ത്രി, തന്റെ ഔദ്യോഗിക പദവി കാരണം യൂണിവേഴ്‌സിറ്റിയുടെ പ്രോ-ചാന്‍സലര്‍ ആയിരിക്കും.
(2) ചാന്‍സലറുടെ അഭാവത്തില്‍, പ്രോ-ചാന്‍സലര്‍, ഗവര്‍ണര്‍മാരുടെ ബോര്‍ഡ് യോഗങ്ങളിലും സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിലും അധ്യക്ഷത വഹിക്കേണ്ടതാണ്. ചാന്‍സലറുടെ അഭാവത്തില്‍, പ്രോ-ചാന്‍സലര്‍ സെനറ്റിന്റെ യോഗങ്ങളിലും സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിലും അധ്യക്ഷത വഹിക്കും.
(3) സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏതൊരു വിവരവും ആവശ്യപ്പെടാന്‍ പ്രോ-ചാന്‍സലര്‍ക്ക് അവകാശമുണ്ടാകും. അത്തരം അഭ്യര്‍ത്ഥന സര്‍വകലാശാല പാലിക്കേണ്ടതാണ്.
(4) സര്‍ക്കാരിന്റെ നയവുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും ചാന്‍സലറുടെയോ സര്‍വകലാശാലയുടെ ഏതെങ്കിലും അധികാരിയുടെയോ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയില്‍പ്പെടുത്താനും ഉചിതമായ നടപടി ആവശ്യപ്പെടാനും പ്രോ-ചാന്‍സലര്‍ക്ക് അവകാശമുണ്ടായിരിക്കും.
(5) സര്‍വകലാശാല, അതിന്റെ കെട്ടിടങ്ങള്‍, ലബോറട്ടറികള്‍, ഉപകരണങ്ങള്‍, സര്‍വകലാശാല പരിപാലിക്കുന്ന ഏതെങ്കിലും കോളജ് അല്ലെങ്കില്‍ സ്ഥാപനം എന്നിവയുടെ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയെയോ വ്യക്തികളെയോ പ്രേരിപ്പിക്കാനും; കൂടാതെ സര്‍വകലാശാല നടത്തുന്നതോ ആയ പരീക്ഷകള്‍, അദ്ധ്യാപനം, മറ്റ് ജോലികള്‍ എന്നിവയെക്കുറിച്ചും, സര്‍വകലാശാല, കോളജുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഭരണം അല്ലെങ്കില്‍ ധനകാര്യവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തെക്കുറിച്ചും സമാനമായ രീതിയില്‍ അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കാനും പ്രോ-ചാന്‍സലര്‍ക്ക് അവകാശമുണ്ട്
(6) ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്ന അധികാരങ്ങള്‍ പ്രോ-ചാന്‍സലര്‍ക്ക് ഉണ്ടായിരിക്കും.
(7) ചാന്‍സലര്‍, രേഖാമൂലമുള്ള ഉത്തരവ് വഴി, പ്രോ-ചാന്‍സലറെ ഏല്‍പ്പിക്കാവുന്ന ചാന്‍സലറുടെ മറ്റ് അധികാരങ്ങള്‍ പ്രോ-ചാന്‍സലര്‍ പ്രയോഗിക്കുകയും മറ്റ് കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യും.
ചാന്‍സലറിനേയും വൈസ് ചാന്‍സലറിനേയും നോക്കുകുത്തികളാക്കി വകുപ്പുമന്ത്രിക്ക് സൂപ്പര്‍ ചാന്‍സലറായി യൂണിവേഴ്‌സിറ്റികളില്‍ സെല്‍ ഭരണം നടപ്പിലാക്കാന്‍ മാത്രമേ ഈ ബില്ലിലെ ചട്ടങ്ങള്‍ സഹായകമാകൂ. യൂണിവേഴ്‌സിറ്റികളില്‍ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന ജനാധിപത്യ ഭരണ സംവിധാനങ്ങളെ തകര്‍ത്ത് പാര്‍ട്ടി ഏകാധിപത്യം കൊടികുത്തിവാഴാന്‍ അവസരമൊരുക്കുന്ന ഈ ബില്ല് ഒരു കോടതിയിലും നിലനില്‍ക്കുന്നതല്ല. ഇക്കാര്യം അറിയാവുന്ന സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തിനു സര്‍പ്പിക്കുന്ന പ്രസ്തുത ബില്ലില്‍ തന്നെ താഴെ കൊടുത്തിരിക്കുന്ന അലംഘനീമായ ഒരു ക്ലോസു കൂടി ചേര്‍ത്തിട്ടുണ്ട്.
(വ) സെക്ഷന്‍ 43-ല്‍, സബ് സെക്ഷന്‍ (3)ല്‍, ക്ലോസ് (്)ന് ശേഷം, ഇനിപ്പറയുന്ന വ്യവസ്ഥ ചേര്‍ക്കേണ്ടതാണ്,
അതായത്:- ”എന്നിരുന്നാലും, ചാന്‍സലര്‍ അദ്ദേഹത്തിന് സമര്‍പ്പിച്ച തീയതി മുതല്‍ അറുപത് ദിവസത്തിനുള്ളില്‍ സ്റ്റാറ്റിയൂട്ടില്‍ തീരുമാനമെടുത്തിട്ടില്ലെങ്കില്‍, അത് അംഗീകരിച്ചതായി കണക്കാക്കേണ്ടതാണ്” എന്നതാണ് ആ നിബന്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: