മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. ബിജെപി സ്ഥാനാർഥി അഡ്വ.മോഹൻ ജോർജ്ജ് മണ്ഡലത്തിലെ ജനങ്ങളോട് വോട്ട് ചോദിച്ച് പര്യടനം നടത്തും. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കും. കൂടാതെ ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കണ്ട് അവസാന വട്ട വോട്ട് ഉറപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി.
ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. കഴിഞ്ഞദിവസം റോഡ് ഷോ നടത്തിയതിനാൽ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. വൈകുന്നേരത്തോടെ നിലമ്പൂരിൽ സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിലും പങ്കെടുക്കും. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചാരണ തിരക്കുകളിലാണ് മുന്നണികൾ.നിലമ്പൂരിലും എടക്കരയിലുമായാണ് കൊട്ടിക്കലാശം കേന്ദ്രീകരിക്കുക. ക്ഷേമപെൻഷൻ മുതൽ പിവി അൻവറിന്റെ ആൾബലം ഏത് മുന്നണിയെ ബാധിക്കുമെന്നതുവരെ നീണ്ട വിവാദങ്ങളും ചർച്ചകളുമാണ് നിലമ്പൂരിൽ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: