കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചതോടെ സിപിഎമ്മിന്റെ പങ്ക് വ്യക്തമായി. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്. ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഒരാള്‍ക്കുവേണ്ടി എന്ന മഹത്തായ സഹകരണതത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് സഹകരണ പ്രസ്ഥാനം രൂപം കൊണ്ടതും വളര്‍ന്നതും.
മുതലാളിത്തത്തിന്റെ കൊടിയ ചൂഷണത്തില്‍ നിന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ ചുവപ്പുനാടയില്‍ നിന്നും വിമുക്തമായി സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കപ്പെടുക എന്ന ദൗത്യമാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. സാധാരണ ജനങ്ങളുടെ അതിജീവനത്തിന്റെ കഥയാണ് ആദ്യകാല സഹകരണ സംഘങ്ങളുടേത്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ത്തന്നെ കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങളും ആരംഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് കക്ഷിരാഷ്‌ട്രീയഭേദത്തിന് ഉപരിയായി നാട്ടിലെ പൊതുകാര്യപ്രസക്തരായ ആളുകളാണ് മിക്ക സഹകരണ സംഘങ്ങള്‍ക്കും ആരംഭം കുറിച്ചത്. ദരിദ്രരായ കര്‍ഷകര്‍ക്കും സാധാരണക്കാരായ തൊഴിലാളികള്‍ക്കും ആശ്രയമാവുക എന്നതായിരുന്നു സഹകരണ സംഘങ്ങളുടെ ദൗത്യം. സ്വതന്ത്ര ഇന്ത്യയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളും സഹകരണ സംഘങ്ങളെയും സഹകരണ പ്രസ്ഥാനത്തെയും കൈയയച്ച് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നബാര്‍ഡ് പോലെയുള്ള സ്ഥാപനങ്ങള്‍ ഒട്ടേറെ ധനസഹായം നല്‍കി. ഇന്നും സഹകരണ മേഖലയ്‌ക്ക് വേണ്ടി ആയിരക്കണക്കിന് കോടികളാണ് സര്‍ക്കാര്‍ നീക്കിവെക്കുന്നത്. എന്നാല്‍ സഹകരണ മേഖലയുടെ അഭിമാനകരമായ ഈ ചരിത്രത്തെ മുഴുവന്‍ റദ്ദ് ചെയ്യുന്ന തരത്തിലാണ് കരുവന്നൂരില്‍ സിപിഎം നേതൃത്വത്തിലുള്ള തട്ടിപ്പ് അരങ്ങേറിയത്. 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സഹകരണ സംഘമാണ് കരുവന്നൂരിലേത്. സിപിഎം രൂപം കൊള്ളുന്നതിനും മുമ്പ് കരുവന്നൂരിലെ ജനങ്ങള്‍ ആരംഭിച്ചതാണ് ഈ സഹകരണ സംഘം.
കഴിഞ്ഞ 40ലേറെ വര്‍ഷമായി ഈ സംഘം ഭരിക്കുന്നത് സിപിഎം നേതാക്കളാണ്. സാധാരണക്കാരായ കര്‍ഷകരും തൊഴിലാളികളും സമ്പാദ്യത്തില്‍ നിന്ന് മിച്ചം വെച്ച് നിക്ഷേപിച്ച തുകയായിരുന്നു കരുവന്നൂര്‍ ബാങ്കിന്റെ അടിത്തറ. ഈ വിയര്‍പ്പിന്റെ വിലയാണ് അവര്‍ക്ക് നഷ്ടമായിരിക്കുന്നത്.
വ്യാജ വായ്പകള്‍ ഉണ്ടാക്കി 180 കോടി രൂപയോളം പ്രതികള്‍ തട്ടിയെടുത്തതായാണ് ഇ ഡി കണ്ടെത്തിയത്. സിപിഎം ഭരിക്കുന്ന ബാങ്കില്‍ ഇത്തരം വ്യാജവായ്പകള്‍ വഴി കോടികള്‍ തട്ടിയെടുക്കണമെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ സാധ്യമല്ല എന്ന് കേരളത്തില്‍ ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. പത്തു വര്‍ഷത്തിലേറെ തുടര്‍ച്ചയായി നടന്ന തട്ടിപ്പിനൊടുവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറംലോകം അറിയുന്നത്. നടന്നത് ആസൂത്രിതമായ തട്ടിപ്പാണെന്ന് വ്യക്തം. പന്ത്രണ്ടായിരത്തിലേറെ പേര്‍ക്കാണ് ബാങ്കില്‍ പണം നിക്ഷേപിച്ച് നഷ്ടമായിട്ടുള്ളത്. ഇതില്‍ 90 ശതമാനവും നിസ്സഹായരായ സാധാരണക്കാരാണ്. മക്കളുടെ വിദ്യാഭ്യാസത്തിന്, വിവാഹത്തിന്, വീട് നിര്‍മാണത്തിന്,ബിസിനസ് ആവശ്യത്തിന് ഒക്കെയായി സാധാരണക്കാര്‍ സ്വരുക്കൂട്ടിവച്ച കോടികളാണ് കൊള്ളയടിക്കപ്പെട്ടത്. ഇഡിയുടെ കണ്ടെത്തലനുസരിച്ച് പാര്‍ട്ടി നേതൃത്വമാണ് വ്യാജവായ്പകള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സാധാരണക്കാര്‍ ബാങ്കില്‍ പണയപ്പെടുത്തിയിട്ടുള്ള ആധാരങ്ങളുടെ പേരില്‍, മറ്റു ചിലര്‍ക്ക് കോടികള്‍ വായ്പ അനുവദിക്കുകയും തുക പ്രതികള്‍ക്ക് കൈമാറുകയും ചെയ്യുന്നു. കോടികള്‍ കിട്ടുന്ന പ്രതികള്‍ ഇതില്‍നിന്ന് ഒരു വിഹിതം പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കണം. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. നേതാക്കള്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്യുന്ന ആര്‍ക്കും കരുവന്നൂര്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പ കിട്ടും എന്ന സ്ഥിതിയായിരുന്നു. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിക്കും ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ക്കും പ്രതികള്‍ ഇങ്ങനെ പണം നല്‍കിയിട്ടുണ്ട്.
പ്രതികളുടെ അക്കൗണ്ടില്‍ നിന്ന് ജില്ലാ ഏരിയ കമ്മിറ്റികളുടെ അക്കൗണ്ടിലേക്ക് പണം പോയതിന്റെ രേഖകളും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ ഓഫീസ് കെട്ടിടം പണിയുന്നതിന് ഒരു ലക്ഷം രൂപ ഇത്തരത്തില്‍ ഒരു പ്രതി സംഭാവന ചെയ്തിട്ടുണ്ട്. എ.സി.മൊയ്തീന്‍ സഹകരണ വകുപ്പ് മന്ത്രിയായിരിക്കെ ബാങ്കിലെ ഒരു ജീവനക്കാരന്‍ തന്നെ ഈ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല പരാതിക്കാരനെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തു. പിന്നീട് ഇയാളെ ബാങ്കില്‍ നിന്ന് പിരിച്ചു വിട്ടു. ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് ആസൂത്രണം ചെയ്തതാണ് തട്ടിപ്പ് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ പലവട്ടം ഇവിടത്തെ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. ഒടുവില്‍ നാട്ടുകാരുടെ പരാതി പ്രളയം ആയതോടെ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. എന്നിട്ടും പ്രതികള്‍ വലയ്‌ക്ക് പുറത്തു തന്നെ വിലസി. ഇ ഡി രംഗത്ത് വന്നതോടെയാണ് വലിയ മീനുകള്‍ വലയിലായത്. പ്രധാന പ്രതിയായ വെളപ്പായ സതീശന്‍ മുതല്‍ തട്ടിപ്പിന്റെ ആസൂത്രകരായി ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടിട്ടുള്ള സിപിഎം നേതാക്കള്‍ വരെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടത് ഇ ഡി വന്നതോടെയാണ്.
കരുവന്നൂര്‍ കേസ് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഈ അന്വേഷണത്തില്‍ കണ്ടെത്തിയ മറ്റൊരു പ്രധാന സംഗതി സഹകരണ ബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നു എന്നതാണ്. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: