ന്യൂദല്‍ഹി: 2024 -25 സാമ്പത്തിക വര്‍ഷത്തില്‍ ഭാരത്തിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 81.04 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14% വര്‍ധനവ്. 2023 -24ല്‍ 71.28 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
2013-14 ല്‍ 36.05 ബില്യണ്‍ യുഎസ് ഡോളറായിരുന്നു നേരിട്ടുള്ള വിദേശനിക്ഷേപം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിനുപിന്നാലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ആകര്‍ഷകവും മത്സരാധിഷ്ഠിതവുമായ ഒരു നിക്ഷേപ കേന്ദ്രമായി ഭാരതം തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ നയം തുടര്‍ച്ചയായി അവലോകനം ചെയ്യുന്നു. തല്‍ഫലമായി എഫ്ഡിഐ ഒഴുക്ക് സ്ഥിരമായി വര്‍ധിക്കുന്നു.
2024-25 ല്‍ സേവന മേഖലയാണ് ഏറ്റവും കൂടുതല്‍ എഫ്ഡിഐ ഇക്വിറ്റി നേടിയത്, മൊത്തം നിക്ഷേപ ത്തിന്റെ 19%. കമ്പ്യൂട്ടര്‍സോഫ്ട്വെയര്‍, ഹാര്‍ഡ്‌വെയര്‍ (16%), ട്രേഡിങ് (8%)എന്നിങ്ങനെയാണ് മറ്റ് മേഖലകള്‍. സേവന മേഖലയിലേക്കുള്ള എഫ്ഡിഐ 40.77% ഉയര്‍ന്ന് 9.35 ബില്യണ്‍ യുഎസ് ഡോളറി ലെത്തി. മുന്‍ വര്‍ഷം 6.64 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഹിതം ലഭിച്ചിരിക്കുന്നത് മഹാരാഷ്‌ട്രയിലേക്കാണ്, 39%. കര്‍ണാടക 13%, ദല്‍ഹി 12% നേടി. സിംഗപ്പൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത് 30%. മൗറീഷ്യസ്17%, അമേരിക്ക 11%വുമാണ്. എഫ്ഡിഐയുടെ ഉറവിട രാജ്യങ്ങളുടെ എണ്ണം 112 ആയി വര്‍ധിച്ചു. ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഭാരതത്തിന്റെ വര്‍ധിച്ചുവരുന്ന ആഗോള ആകര്‍ഷണത്തെ അടിവരയിടുന്നതാണ് പുതിയ നിക്ഷേപ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: