തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ ഡി സമര്‍പ്പിച്ച രണ്ടാം കുറ്റപത്രത്തില്‍ സിപിഎമ്മിനെതിരേ ഗുരുതര വെളിപ്പെടുത്തലുകള്‍. രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സിപിഎമ്മിന്റെ അംഗീകാരം വരെ ചോദ്യം ചെയ്യപ്പെടാവുന്ന ഗുരുതര കുറ്റകൃത്യങ്ങളാണ് ഇ ഡി കണ്ടെത്തിയത്.
പാര്‍ട്ടി നേരിട്ടു തട്ടിപ്പില്‍ പങ്കാളിത്തം വഹിച്ചെന്നാണ് ഇ ഡി ആരോപണം. പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിന്റെ അറിവോടെയാണ് വ്യാജ വായ്പകള്‍ നല്കിയത്. ഇതിന്റെ പ്രതിഫലമായി ജില്ലാ കമ്മിറ്റി അക്കൗണ്ടിലേക്കു പ്രതികളില്‍ നിന്നു പണമെത്തി. രാജ്യത്ത് ആദ്യമായാണ് കോടികളുടെ ബാങ്ക് തട്ടിപ്പുകേസില്‍ ഒരു പാര്‍ട്ടി പ്രതിസ്ഥാനത്തെത്തുന്നത്. മുമ്പു ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ അന്വേഷണ സംഘം പ്രതി ചേര്‍ത്തിട്ടുണ്ടെന്നതൊഴിച്ചാല്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടി നേരിട്ടു പ്രതിയാകുന്ന കേസുകള്‍ വേറെയില്ല.
സിപിഎമ്മിന്റെ ലോക്കല്‍, ഏരിയ, ജില്ലാ തലങ്ങളിലുള്ള നേതാക്കള്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ഇ ഡി കണ്ടെത്തല്‍. ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയതനുസരിച്ചു ജില്ലാ സെക്രട്ടേറിയറ്റിലെ സീനിയര്‍ അംഗം (എ.കെ. ചന്ദ്രന്‍) ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ നോട്ടം വഹിച്ചു. ഈ സെക്രട്ടേറിയറ്റ് അംഗമാണ് വ്യാജ വായ്പകള്‍ നല്കുന്നതിനു നേതൃത്വം വഹിച്ചത്. ഇക്കാര്യം സെക്രട്ടറി സുനില്‍കുമാറിന്റെയും മാനേജര്‍ ബിജു കരീമിന്റെയും മൊഴികളിലുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതികള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കായി വന്‍തോതില്‍ പണമൊഴുക്കി. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആര്‍. ബിന്ദുവിനായും കുന്നംകുളത്ത് എ.സി. മൊയ്തീനു വേണ്ടിയും പ്രചാരണ വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയത് കേസിലെ മുഖ്യപ്രതികളാണ്. പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവനയ്‌ക്കു പുറമേ നേതാക്കള്‍ വ്യക്തിപരമായും പണം കൈപ്പറ്റി. പല തരത്തിലുള്ള സൗജന്യങ്ങളും നേതാക്കള്‍ സ്വീകരിച്ചു. സ്വര്‍ണമായും വീടുപണിക്കുള്ള സഹായമായും വാഹനമായും പാരിതോഷികം സ്വീകരിച്ചിട്ടുണ്ട്. ലോക്കല്‍, ഏരിയ, ജില്ലാ നേതാക്കള്‍ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. അതീവ ഗുരുതര കണ്ടെത്തലുകളാണ് ഇ ഡിയുടേത്. ഇക്കാര്യങ്ങള്‍ കോടതി കൂടി ശരിവച്ചാല്‍ തെരഞ്ഞെടുപ്പു കമ്മിഷനില്‍ നിന്നു സിപിഎമ്മിനെതിരേ നടപടി വന്നേക്കാം.
പാര്‍ട്ടിയുടെ അംഗീകാരം നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികളിലേക്കു കടക്കാനും ഇടയുണ്ട്. അതേ സമയം കേസ് ഗുരുതരമാണെന്നു ബോധ്യപ്പെട്ടതോടെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാനുള്ള പുറപ്പാടിലാണ് സിപിഎം. അടുത്ത ദിവസം തൃശ്ശൂരില്‍ വലിയ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കരുവന്നൂര്‍ കേസ് തിരിച്ചടിയാകുമെന്നു കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: