വാഷിങ്ടൻ : വിദേശ വിദ്യാർഥികളുടെ വീസ ഇന്റർവ്യൂകൾ നിർത്തി വയ്‌ക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. യുഎസിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുന്നതിനുകൂടി വേണ്ടിയാണിത്. എഫ്, എം, ജെ വീസ അപേക്ഷകൾക്കുള്ള ഇന്റർവ്യൂകൾക്കാണ് നടപടി ബാധകമാകുക.
നിലവിൽ ഇന്റർവ്യൂ അപ്പോയിന്‍റ്മെന്‍റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കോണ്‍സുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് നിർദേശം. ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കോർത്ത ഹാർവഡ് യൂണിവേഴ്സിറ്റിക്കുമേൽ പുതിയ നിയന്ത്രണം കൊണ്ടുവരാൻ ശ്രമം തുടങ്ങി.
എല്ലാ ഫെഡറൽ ഏജൻസികളും ഹാർവഡുമായുള്ള അവരുടെ കരാറുകൾ റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ വേണമെന്നു യുഎസ് ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടു. ഇതിലൂടെ വാഴ്സിറ്റിക്കുള്ള 10 കോടി ഡോളർ സഹായം തടയുകയാണു ലക്ഷ്യം. നേരത്തേ ഹാർവഡ് വാഴ്സിറ്റിയിൽ വിദേശികളായ വിദ്യാർഥികളെ ചേർക്കാനുള്ള അനുമതി എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടി ബോസ്റ്റൺ ഫെഡറൽ കോടതി തൽക്കാലം തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: