ചെന്നൈ: ഡിഎംകെ ഭരണം അവസാനിക്കുന്നതുവരെ ജനങ്ങള്‍ സ്വയം സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
പെര്‍മിറ്റ് ഇല്ലാതെ രണ്ട് തോക്കുകള്‍ കൈവശം വച്ചതിന് ആര്‍ക്കോണം ഡിഎംകെ കൗണ്‍സിലര്‍ ബാബു ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്‌ദേഹം. പോലീസ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിപ്പെട്ട് ആര്‍ക്കോണം ലൈംഗികാതിക്രമ കേസിലെ ഇര കണ്ണീരോടെ വീഡിയോ പുറത്തിറക്കിയ കാര്യം അദ്‌ദേഹം ചൂണ്ടിക്കാട്ടി. ഡിഎംകെ യുവജന വിഭാഗം നേതാവ് ദൈവചെയല്‍ ആ വിദ്യാര്‍ത്ഥിനിയെ നിരവധി നേതാക്കളുടെ ലൈംഗികാഭിലാഷങ്ങള്‍ നിറവേറ്റാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പരാതിപ്പെട്ടത് . ധൈര്യപൂര്‍വ്വം മുന്നോട്ടുവന്ന് പരാതി നല്‍കിയ ആ വിദ്യാര്‍ത്ഥിനിയെ പോലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് പളനി സ്വാമി പറഞ്ഞു.
ഡിഎംകെ മുനിസിപ്പല്‍ കൗണ്‍സിലര്‍ പെര്‍മിറ്റ് ഇല്ലാത്ത തോക്കുമായി നടക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ അരിവാള്‍ വരെയുണ്ട്. ഓട്ടോമാറ്റിക് റൈഫിളുകള്‍ തമിഴ്‌നാട്ടില്‍ സാധാരണമായി. ഇതാണോ സ്റ്റാലിനിസ്റ്റ് മാതൃക ? സത്യം പറയുമ്പോള്‍ സ്റ്റാലിന് എന്തിനാണ് ദേഷ്യം വരുന്നത്? പളനിസ്വാമി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: