തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കേസുകളിലാകെ 65 അദ്ധ്യാപകരും 12 അനദ്ധ്യാപകരും പ്രതികളാണ്. ഇതില്‍ 45 പേര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചു. ഒരാള്‍ക്ക് നിര്‍ബന്ധിത പെന്‍ഷന്‍ നല്കി. 9 പേരെ പിരിച്ചുവിട്ടു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്ന് പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പോക്‌സോ കേസിലുള്‍പ്പെട്ട 14 അദ്ധ്യാപകരെയും എയ്ഡഡ് മേഖലയില്‍ നിന്ന് 7 അദ്ധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്ത് നിയമനടപടി സ്വീകരിച്ചു. വിദ്യാലയങ്ങളിലെ പോക്‌സോ കേസ് പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അച്ചടക്കനടപടി എടുക്കാത്ത കേസുകളില്‍ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചുവരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: