അഞ്ച് ദിവസം മുന്‍പ്, 2025 മെയ് 22 ന് രാജസ്ഥാനിലെ ബിക്കാനീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 103 റയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. റയില്‍വേ സ്റ്റേഷനുകളില്‍ പുതിയ സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള സംവിധാനങ്ങളാണ് ഉദ്ഘാടനം ചെയ്തത്. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം (എബിഎസ്എസ്) എന്നാണ് പദ്ധതിയുടെ പേര്. കേരളത്തിലെ രണ്ട് പ്രധാന സ്റ്റേഷനുകളും (വടകര, ചിറയിന്‍കീഴ്) കേരളാതിര്‍ത്തി പങ്കിടുന്ന പുതുച്ചേരിയിലെ മാഹി, തമിഴ്‌നാട്ടിലെ കുഴിത്തുറ സ്‌റ്റേഷനുകളും 103 ല്‍ ഉണ്ട്.
‘അഞ്ച് ദിവസം മുമ്പ്, മെയ് 22 ന്’ എന്ന് നിരീക്ഷണത്തിന്റെ തുടക്കത്തില്‍ പ്രത്യേകം പറയാന്‍ കാരണമുണ്ട്. അതിന് ഒരു മാസം മുമ്പ് ഏപ്രില്‍ 22 നായിരുന്നു ഭാരതത്തെ ദുഃഖിപ്പിച്ച, ഞെട്ടിച്ച, പാകിസ്ഥാന്‍ നിയന്ത്രിത ഭീകര പ്രസ്ഥാനങ്ങള്‍ കശ്മീരിലെ പഹല്‍ഗാമില്‍ 25 ഭാരതീയരെയും ഭാരതം സന്ദര്‍ശിക്കാനെത്തിയ ഒരു നേപ്പാള്‍ പൗരനേയും വധിച്ചത്. ഒരുമാസം തികഞ്ഞ ദിവസം, രാജസ്ഥാനില്‍, അയല്‍ രാജ്യമായ പാകിസ്ഥാന്‍ കണ്ണുപൊത്തിയാലും കാണാനും ചെവിപൊത്തിയാലും കേള്‍ക്കാനും തക്കരീതിയില്‍ പ്രധാനമന്ത്രി മോദി നടത്തിയ റയില്‍വേ സംവിധാനങ്ങളുടെ ഉദ്ഘാടനവും ആ വേദിയില്‍ നടത്തിയ ഉജ്ജ്വല പ്രസംഗവും ഭാരതത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. പറഞ്ഞത് പാകിസ്ഥാനോടാണ്, കേള്‍ക്കേണ്ടത് പതിറ്റാണ്ടുകളായി പാഴ്‌വൃത്തി ചെയ്യുന്ന ഭീകരസംഘടനകളാണ്; എന്നാല്‍, കേട്ടത് ലോകം മുഴുവനാണ്. ഏറെ ഞെട്ടിയത് രണ്ടു രാജ്യങ്ങളാണ്; ഒന്ന് ചൈന, രണ്ട് ബംഗ്ലാദേശ്. എന്തുകൊണ്ട് ഈ രാജ്യങ്ങളെ പ്രത്യേകം പറഞ്ഞുവെന്ന് വഴിയേ പറയാം.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് 75 വര്‍ഷം തികഞ്ഞകാലത്ത് റയില്‍വേയില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ശക്തിപ്പെടുത്തലും മോദിയുടെ നേതൃത്വത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ അടിസ്ഥാന പദ്ധതികളിലൊന്നാണ്. റയില്‍വേ ഭാരതജനതയില്‍ വലിയൊരു പങ്കിന്റെ ജീവരേഖയാണ് (ലൈഫ് ലൈന്‍). ബിജെപിക്ക്, അതിന്റെ മാതൃസംഘടനയായ ജനസംഘത്തിന്, അതിന്റെയും അടിത്തറയായ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് റയില്‍വേയുമായി ആത്മബന്ധമുണ്ട്. സഞ്ചാരമാണ് പ്രചാരണത്തിന്റെ ആധാരം എന്നു കരുതുന്നു ഈ സംഘടനകള്‍.
ജഗദ്ഗുരു ആദിശങ്കരന്‍ അങ്ങനെ സഞ്ചരിക്കുകയായിരുന്നു, ദിക്കുകളെ ഘടിപ്പിക്കാന്‍. (നമ്മെ അടക്കിഭരിച്ച ബ്രിട്ടീഷുകാര്‍ റയില്‍വേ സംവിധാനം കൊണ്ടുവന്നപ്പോഴാണ് ‘ഇന്ത്യ എന്ന ആശയവും ഭൂമിശാസ്ത്രപരമായ ഒന്നാകലും’ ഉണ്ടായതെന്ന് വിഡ്ഢിത്തം പറയാന്‍ ഗവേഷണം നടത്തി ജീവിതം പാഴാക്കിയവര്‍ ഇവിടെ ഉള്ളതുകൊണ്ടാണ് ആദിശങ്കരനെ, സഞ്ചാരത്തിന്റെ പ്രചാരണമന്ത്രം പഠിപ്പിച്ച ജഗദ്ഗുരുവിനെ, കുറിച്ച് പരാമര്‍ശിച്ചത്). ആ വഴിയില്‍ നടന്നും കടന്നും പോയ അനവധി അര്‍പ്പിത ചേതസ്സുകളില്‍ ഒരാളായിരുന്നു ജനസംഘത്തിന്റെ ആത്മാവായി വര്‍ത്തിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ. ദീനദയാലിന്റെ ജീവിതാന്ത്യം ഒരു റയില്‍ യാത്രയ്‌ക്കിടയിലായിരുന്നല്ലോ! (മുഘള്‍ സരായ് റെയില്‍വേ ട്രാക്കില്‍ ആയിരുന്നു, ഇന്നും നിസ്സംശയം ദുരൂഹതകള്‍ മാറിയിട്ടില്ലാത്ത ആ ദാരുണ സംഭവം ഉണ്ടായത്) അതൊക്കെ ഏറെ വൈകാരികതയുടെ സ്പര്‍ശമുള്ള വസ്തുതകളാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന ശ്രദ്ധയാണ് 103 സ്റ്റേഷനുകളുടെ ഉദ്ഘാടനത്തിലെ വലിയ ഭരണാസൂത്രണം.
റയില്‍വേ സ്റ്റേഷന്‍ ഏതാനും കുറച്ചാളുകള്‍ക്ക് വണ്ടികയറി അങ്ങോട്ടുമിങ്ങോട്ടും പോകാനുള്ള ഒരിടം, സന്ധ്യ മയങ്ങിയാല്‍ സാമൂഹ്യവിരുദ്ധരുടെ താവളം, എന്നിങ്ങനെ ചില തോന്നലായിരുന്നു ഒരു കാലത്ത് പൊതുവേ. വണ്ടിക്കുള്ളില്‍ കയറിയാലോ മാലിന്യം, വൃത്തിഹീനത, തിരക്ക്, സൗകര്യങ്ങളില്ലായ്മ, അനന്തമായ കാത്തിരിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍. അപകടങ്ങള്‍, സുരക്ഷയില്ലായ്മ എന്നിങ്ങനെ റയില്‍വേ കേന്ദ്ര സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് നടത്തുന്ന എന്തോ ഒന്ന് എന്ന ആദ്യകാല സങ്കല്‍പ്പത്തില്‍ നിന്ന് മാറി, ‘കൂകു കൂകു തീവണ്ടി, കൂകിപ്പായും തീവണ്ടി…’ എന്ന പഴയ കുട്ടിപ്പാട്ടു വരികളുടെ പാളത്തിലും താളത്തിലുംനിന്ന് വന്‍ കുതിപ്പാണ് ഭാരതീയ റെയില്‍വേ നടത്തിയിരിക്കുന്നത്. അതിന്റെ തെളിവ് ലോകത്തോട് വിളിച്ചുപറയുകകൂടി ആയിരുന്നു ബിക്കാനീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.
2047 ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍ വികസിത ഭാരതത്തിന്റെ വിശ്വരൂപം ലോകത്തിന് പ്രത്യക്ഷമാക്കുകയാണ് മോദി സര്‍ക്കാരിന്റെ ആസൂത്രണത്തിന്റെ കാതല്‍. അതിന് അടിസ്ഥാന സൗകര്യ വികസനവും അതില്‍ത്തന്നെ റയില്‍വേയും പ്രധാനഘടകമാണ്. ആ വഴിയില്‍ റയില്‍വേയ്‌ക്ക് മാത്രമായി ഒരു പ്രത്യേക പദ്ധതിയുണ്ട്, അത് 2030 ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ‘ലോകനിലവാരത്തില്‍, സ്വപ്‌നത്തിനുമപ്പുറം’ (വേള്‍ഡ് ക്ലാസ്, ബിയോണ്ട് ഡ്രീംസ്) എന്നാണ് ആ പദ്ധതിയുടെ മുദ്രാവാക്യം. അതിവേഗയാത്ര, ആധുനിക സൗകര്യങ്ങളുള്ള യാത്ര- അതാണ് അടിസ്ഥാന പ്രത്യേകതകള്‍. പാത വര്‍ധിപ്പിക്കല്‍, വൈദ്യുതീകരിക്കല്‍, അതിവേഗത്തിനുള്ള സാങ്കേതികത ഒരുക്കല്‍ എല്ലാം അതിദ്രുതം നടക്കുകയാണ്. ബുള്ളറ്റ് ട്രെയിന്‍ പോലുള്ള സംവിധാനത്തിനപ്പുറം ഹൈപ്പവര്‍ ലുപ് സാങ്കേതിക വിദ്യയും വരുന്നു, അതായത് മൂന്നു മണിക്കൂര്‍ കൊണ്ട് ഇപ്പോള്‍ പിന്നിടുന്ന ദൂരം വെറും 14 മിനിട്ടില്‍ യാത്ര ചെയ്യാനാവുന്ന വേഗസംവിധാനം- ഭാരത റയില്‍വേ പുതിയ ലോകചരിത്രം കുറിക്കാന്‍ കുതിക്കുകയാണ്. അതിന്റെ ഭാഗമായി രാജ്യമെമ്പാടും 1275 റയില്‍വേ സ്റ്റേഷുകള്‍ പുതുക്കി നൂതന സംവിധാനങ്ങള്‍ ഒരുക്കുകയാണ്. റയില്‍വേ സ്റ്റേഷനുകളെ ‘സാമൂഹ്യവിരുദ്ധ സ്ഥല’മെന്ന് ചിലര്‍ ഉണ്ടാക്കിക്കൊടുത്ത മുഖവൈകൃതം മാറ്റി, അവയെ സാംസ്‌കാരിക- ടൂറിസ കേന്ദ്രമാക്കുകയാണ് നവീകരണത്തിന്റെ രീതി. അതില്‍ 103 സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്. വ്യക്തികള്‍ക്ക് തൊഴില്‍, പ്രാദേശിക സാമൂഹ്യ- സാമ്പത്തിക ക്രമത്തില്‍ വളര്‍ച്ച, ഭദ്രത, പരിസ്ഥിതി പോഷണം, ജീവിതനിലവാരം മെച്ചപ്പെടുത്തല്‍, സാംസ്‌കാരിക സംരക്ഷണം തുടങ്ങി വിവിധ അനുബന്ധ നേട്ടങ്ങളിലൂടെ രാജ്യപുരോഗതിയിലും വികസനത്തിലും ജനസാമാന്യത്തെ പങ്കുചേര്‍ക്കുക എന്നതും ഈ വിശാല സങ്കല്‍പ്പത്തിനുണ്ട്. ഒരു തീവണ്ടിയെ സാമൂഹ്യമാറ്റത്തിനും രാഷ്‌ട്രനിര്‍മാണത്തിനും വിനിയോഗിക്കുന്ന അസാമാന്യമായ തന്ത്രമാണ് ഇതിലൂടെ നടപ്പാക്കുന്നത്.
അതിന്റെ ഉദ്ഘാടനത്തിന് മെയ് 22 എന്ന തീയതി തിരഞ്ഞടുത്തപ്പോള്‍, ആ വേദിയില്‍ ചില ദൃഢനിശ്ചയങ്ങളും വിശാലകാഴ്ചപ്പാടുകളും നയനിലപാടുകളും ലോകത്തോട് വിളിച്ചുപറഞ്ഞപ്പോള്‍ പ്രധാമന്ത്രി നരേന്ദ്ര മോദി സാധ്യമാക്കിയ ചിലതുണ്ട്. അതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഒരു ഭരണാധിപന്റെ നേതൃത്വ വൈഭവത്തിലെ ഈ സൂക്ഷ്മതകള്‍ ലോകത്തിന് പാഠപുസ്തകമാകുകയാണ്. പാകിസ്ഥാന്റെ ‘പഹല്‍ഗാമി’ലെ ദുസ്സാഹസത്തിനും ഭാരതത്തിന്റെ ‘സിന്ദൂറി’നും ശേഷം സംഭവിച്ചത് വിലയിരുത്തിയാല്‍ ചില വസ്തുതകള്‍ വ്യക്തമാകുന്നു; അക്രമിരാജ്യം ആഭ്യന്തര പ്രശ്‌നങ്ങളില്‍ തകര്‍ന്നിരിക്കുന്നു. അവിടെ നിത്യവൃത്തിക്ക് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പിച്ചതെണ്ടുന്നു. എന്നിട്ടോ കിട്ടുന്ന ഏത് ചില്ലിക്കാശും ഭാരതം തകര്‍ത്ത ഭീകരപ്രസ്ഥാനങ്ങളുടെ പാകിസ്ഥാനിലെ ആസ്ഥാനങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ‘ഇനാം’ കൊടുക്കുന്നു. ഭാരതമാകട്ടെ യുദ്ധസമാനമായ സാഹചര്യത്തിലും ജനസാമാന്യത്തിന് സുഗമ- സുരക്ഷിത യാത്രയ്‌ക്ക് സൗകര്യം ഒരുക്കുന്നു. ഒരു വികസിതരാജ്യമെന്ന നിലയിലേക്കുള്ള വികസനത്തിലേക്ക് കുതിക്കുന്നു. സാമ്പത്തിക ശക്തിയാകാനുള്ള സങ്കല്‍പ്പത്തില്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു; ഭാരതത്തെ ഒളിഞ്ഞിരുന്നു തകര്‍ക്കാന്‍ മെനക്കെടുന്ന ചൈനയ്‌ക്ക് സ്വാശ്രയ ഭാരതത്തിന്റെ ഈ നിലപാടു പ്രഖ്യാപനങ്ങളും നടപടികളും ഉറക്കം കെടുത്തുന്നതാണ്. ‘ഞങ്ങളില്ലേ ഒപ്പം’ എന്ന് ചോദിച്ച് പിരികയറ്റിയ ചൈനയ്‌ക്കാണ് പാകിസ്ഥാന്റെ തോല്‍വിയിലൂടെ വലിയ പ്രഹരമേറ്റത്. ചൈനക്ക് ലോകരാജ്യങ്ങളുടെ മുന്നില്‍ വിലകെട്ടു. അവര്‍ തോളില്‍ എടുത്തുവച്ച്, തകര്‍ന്നു കിടക്കുന്ന പാകിസ്ഥാന്റെ അതിര്‍ത്തിവരമ്പിലൂടെ കൈപിടിച്ച് കൊണ്ടുനടക്കുന്ന ബംഗ്ലാദേശിന് നരേന്ദ്ര മോദിയുടെ ആഹ്വാനങ്ങളും ആവേശ പ്രഖ്യാപനങ്ങളും സപ്തനാഡികളും തകര്‍ക്കുന്നതാണ്. ഭാരതം വെള്ളം വിലക്കിയാല്‍, ഭാരതം ബംഗ്ലാദേശ് ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങാതിരുന്നാല്‍, വ്യാപാരത്തില്‍ വിലക്കുവച്ചാല്‍ ബംഗ്ലാദേശ് കഴിഞ്ഞു. അന്താരാഷ്‌ട്ര ഗൂഢശക്തികള്‍ സമ്മാനിച്ച നോബല്‍ നേട്ടത്തിന്റെ തത്ത്വം സ്വന്തം അത്താഴത്തിനുള്ള വക നല്‍കില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സിഇഒ: യൂനുസ് മുഹമ്മദിന് അറിയാം. അതിര്‍ത്തിയില്‍ അഫ്ഗാനിലെ താലിബന്‍ ഭരണകൂടത്തിന്റെ സാന്നിദ്ധ്യം പാക്- ചൈന- ബംഗ്ലാദേശ് കൂട്ടിന്റെ പദ്ധതികളുടെ പാളം തെറ്റിക്കുന്നു. ഭാരതനീക്കങ്ങള്‍ ഓരോന്നും ഈ മൂന്നു രാജ്യങ്ങളും അങ്കലാപ്പോടെയാണ് വീക്ഷിക്കുന്നത്. പാകിസ്ഥാനിലും ബംഗ്ലാദേശിലും പാളയത്തില്‍ പടയൊരുക്കം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുമുണ്ട്.
ഇതൊക്കെ കണ്ട് അമ്പരന്നും അത് പുറത്തു പ്രകടിപ്പിക്കാതെ പാക് ഭീകരരെ പരസ്യമായി തുണയ്‌ക്കാനാവത്തതിനാല്‍, ആളെക്കൊന്ന് അധികാരം പിടിക്കാന്‍ തോക്കുമായി നടക്കുന്ന മാവോയിസ്റ്റുകളെ പിന്തുണക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക്, ഈ റയില്‍വേ വികസനത്തില്‍ ചെങ്കൊടിയുമായി പ്ലാറ്റ്‌ഫോമില്‍ കയറാന്‍ പോലും വകുപ്പില്ല. കാരണം, റയില്‍വേ കേന്ദ്ര സര്‍ക്കാരിന്റെ എന്തോ ഒന്ന്, അത് തടസപ്പെടുത്തിയും സമരം ചെയ്തും ജീവിക്കുന്നതാണ് കമ്യൂണിസ്റ്റ് പങ്ക് എന്ന് ധരിച്ചവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍. അവര്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടും, റയില്‍ വികസനത്തിനുള്ള കോര്‍പ്പറേഷന്‍ രൂപീകരിച്ചത് രണ്ടുപതിറ്റാണ്ടു കഴിഞ്ഞാണ്. കേരളം റയില്‍വേയോട് സഹകരിക്കുന്നില്ലെന്ന് വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവിനെക്കൊണ്ട് പാര്‍ലമെന്റില്‍ വരെ പറയിച്ചു. ഏതോ നിഗൂഢ കൂട്ടുകച്ചവടത്തിന്റെ ഭാഗമായി കെ റയില്‍ സ്വപ്‌നം കണ്ട് കഴിയുകയാണ് കേരളം. ഏറ്റവും ഒടുവില്‍ കേരളത്തിന് പണമില്ലാത്തതിനാല്‍ രാജ്യ വികസനം തടസപ്പെടാതിരിക്കാന്‍ കേരളം കൊടുക്കേണ്ട വിഹിതവും റയില്‍വേതന്നെ മുടക്കാമെന്ന് തീരുമാനിച്ചു. അതാണ് കേരളസ്ഥിതി എന്നതാണ് കേരള ജനതയുടെ ദുസ്ഥിതി.
പിന്‍കുറിപ്പ്:
സായുധ വിപ്ലവം കിനാവുകാണുന്ന അന്ധവിശ്വാസി കമ്മ്യൂണിസ്റ്റുകളായ മാവോയിസ്റ്റുകളെ കൊല്ലരുതെന്ന് സിപിഎം നേതാവ് എം.എ. ബേബി. പിടിക്കപ്പെട്ടപ്പോള്‍ ബേബിയുടെ വിപ്ലവ മോഡല്‍ ചെ ഗുവേരയും അവസാനം കരഞ്ഞു പറഞ്ഞത് ഇതുതന്നെയായിരുന്നുവല്ലോ!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: