വാഷിങ്ടണ്‍: ഭാരതത്തിന്റെ ശത്രുക്കളില്‍ ഒന്നാമത് ചൈനയാണെന്ന് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി. ചൈനയെ ഒന്നാമത്തെ എതിരാളിയായും പാകിസ്ഥാനെ അസ്തിത്വ ഭീഷണിയായുമാണ് ഭാരതം കാണുന്നതെന്ന് ഏജന്‍സിയുടെ 2025ലെ ലോകവ്യാപക ഭീഷണി വിലയിരുത്തല്‍ (വേള്‍ഡ്വൈഡ് ത്രെട്ട് അസസ്‌മെന്റ്-2025) റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിലും ചൈനയെ നേരിടുന്നതിലും ആഗോളതലത്തില്‍ നേതൃത്വം കെട്ടിപ്പടുക്കുന്നതിലുമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ഗണന നല്കുക. പാകിസ്ഥാനുമായുള്ള സംഘര്‍ഷ സാഹചര്യത്തിലും, ചൈനയെ ഒന്നാമത്തെ എതിരാളിയായും പാകിസ്ഥാനെ അനുബന്ധ സുരക്ഷാ പ്രശ്‌നമായുമാണ് ഭാരതം കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലനില്‍പ്പിനു തന്നെ ഭീഷണിയായാണ് പാകിസ്ഥാന്‍ ഭാരതത്തെ കാണുന്നത്. അതിാല്‍ ഭാരതത്തിന്റെ സൈനിക ശക്തിയെ മറികടക്കാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആയുധ ശേഖരണം അവര്‍ തുടരും. നിലവില്‍ ആണവായുധ ശേഖരം ആധുനികവല്‍ക്കരിക്കുകയാണ് അവര്‍.
ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിനും ആഗോളതലത്തില്‍ നേതൃത്വപരമായ പങ്ക് വര്‍ദ്ധിപ്പിക്കാനുമായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തത്തിന് ഭാരതം മുന്‍ഗണന നല്കുന്നുണ്ട്. 2020ലെ ഭാരതം-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേഖലയില്‍നിന്നു സൈനിക പിന്മാറ്റം നടത്തിയെങ്കിലും ദീര്‍ഘകാലമായുള്ള തര്‍ക്കം പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, ആഭ്യന്തര പ്രതിരോധ വ്യവസായം ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലെ ആശങ്കകള്‍ ലഘൂകരിക്കുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനുമായി ഭാരതം മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഭാരതം ആണവ ശേഷിയുള്ള അഗ്‌നി-V പ്രൈം എംആര്‍ബിഎമ്മിന്റെയും അഗ്‌നി-I ന്റെയും പരീക്ഷണം നടത്തിയിരുന്നു. ആണവ ത്രയത്തെ ശക്തിപ്പെടുത്തുന്നതിനും എതിരാളികളെ തടയാനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി രണ്ടാമത്തെ ആണവ അന്തര്‍വാഹിനി കമ്മിഷന്‍ ചെയ്തു.
റഷ്യയുമായുള്ള ബന്ധം ഭാരതം ഈ വര്‍ഷവും തുടരും. ഇത് സാമ്പത്തിക, പ്രതിരോധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രധാനമാണെന്ന് ഭാരതം കരുതുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: