തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ ഇ ഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചതോടെ സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും കരുവന്നൂര്‍ ചര്‍ച്ചയാകും. പാര്‍ട്ടി നേതാക്കളെ പ്രതികളാക്കിയത് രാഷ്‌ട്രീയ പകപോക്കലെന്ന് സിപിഎം നേതൃത്വം ആരോപിക്കുമ്പോഴും അവരുടെ വാദങ്ങള്‍ ദുര്‍ബലമാണ്. പത്തുവര്‍ഷത്തിലേറെ നീണ്ടുനിന്ന തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്. തട്ടിപ്പുകാര്‍ക്ക് ഒത്താശ ചെയ്തതിനും പ്രതിഫലമായി വന്‍തുക കൈപ്പറ്റിയതിനുമാണ് നേതാക്കളും പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുന്നത്. നിരവധി തവണ സഹകാരികളും താഴെത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചിട്ടും കരുവന്നൂരില്‍ പാര്‍ട്ടി നേതൃത്വം തട്ടിപ്പുകാരെ സംരക്ഷിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ അറിവും പിന്തുണയുമില്ലാതെ പത്തു വര്‍ഷത്തിലേറെ ഒരു സഹകരണ ബാങ്കില്‍ ഇത്തരമൊരു തട്ടിപ്പു നടക്കുക അസാധ്യമാണ്. എ.സി. മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് തട്ടിപ്പിന് തുടക്കം. അന്നു ബ്രാഞ്ച് മാനേജരായിരുന്ന എം.വി. സുരേഷ് രേഖാമൂലം മൊയ്തീനു പരാതി നല്കിയിട്ടും നടപടിയുണ്ടായില്ല. സുരേഷിനെ ബാങ്കില്‍ നിന്നും പിന്നീടു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പിന്നീട് മൊയ്തീന്‍ മന്ത്രിയായപ്പോള്‍ കെ. രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായി. രാധാകൃഷ്ണനു ശേഷം എം.എം. വര്‍ഗീസും സെക്രട്ടറിയായി. ഈ സമയത്തെല്ലാം പരാതികളുമായി നിരവധി പേര്‍ പാര്‍ട്ടി ഓഫീസ് കയറിയിറങ്ങി. പക്ഷേ നേതൃത്വം അനങ്ങിയില്ല. തട്ടിപ്പിനു നേതൃത്വം നല്കിയ പ്രധാന പ്രതി ബിജു കരീമിന്റെ സ്ഥാപനം ഉദ്ഘാടനത്തിനു സഹ. മന്ത്രിയായിരുന്ന മൊയ്തീന്‍ നേരിട്ടെത്തുകയും ചെയ്തു. സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പലവട്ടം തട്ടിപ്പു ചൂണ്ടിക്കാണിച്ചു. സര്‍ക്കാരും പാര്‍ട്ടിയും അതെല്ലാം മറച്ചുവച്ചു.
പരാതി നല്കിയ പലരും പാര്‍ട്ടിക്കു പുറത്തായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന എ.കെ. ചന്ദ്രനാണ് പാര്‍ട്ടി കരുവന്നൂര്‍ ബാങ്കിന്റെ ചുമതല നല്കിയിരുന്നത്. ചന്ദ്രന്‍ നേരത്തേ തന്നെ കേസില്‍ പ്രതിയായി. പിന്നീട് ചന്ദ്രനെ പാര്‍ട്ടി പുറത്താക്കി. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍കുമാര്‍ സിപിഎം നേതാക്കള്‍ക്കെതിരേ മൊഴി നല്കിയിട്ടുണ്ട്. നേതാക്കള്‍ പറഞ്ഞിട്ടാണ് കോടികളുടെ വ്യാജ വായ്പകള്‍ നല്കിയതെന്നാണ് മൊഴി.
കേരളത്തിലെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കരുവന്നൂരില്‍ നടന്നത്. ബാങ്കില്‍ ചെറിയ വായ്പകള്‍ക്കായി പണയപ്പെടുത്തിയിരുന്ന സാധാരണക്കാരുടെ ആധാരത്തിന്മേല്‍ വ്യാജ പേരുകളില്‍ കോടികള്‍ വായ്പ എഴുതിച്ചേര്‍ത്ത് പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിലൊരു വിഹിതം പാര്‍ട്ടിക്കും ലഭിച്ചു. പ്രതികളുടെ അക്കൗണ്ടില്‍ നിന്ന് പാര്‍ട്ടി ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: