കോഴിക്കോട്:പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ വീണ്ടും മോഷണം. ചടങ്ങിനെത്തിയവര്‍ സമ്മാനിച്ച പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് കവര്‍ന്നത്. പേരാമ്പ്ര കടിയങ്ങാട് പാലത്തിനടുത്ത് താമസിക്കുന്ന പിണങ്ങോട്ട് ഹൗസില്‍ ഫൈസലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഫൈസലിന്റെ മകളുടെ വിവാഹം ഇന്നലെയായിരുന്നു. തിങ്കളാഴ്ച രാവിലെ പണം എണ്ണുന്നതിനായി പെട്ടി പരിശോധിച്ചപ്പോഴാണ് കവറുകള്‍ മോഷ്ടിച്ചതായി മനസിലായത്.
രണ്ട് പെട്ടികളാണ് കല്ല്യാണ ദിവസം സ്ഥാപിച്ചിരുന്നത്. ഒന്ന് വീട്ടുവരാന്തയിലും മറ്റൊന്ന് മുറിയിലുമായിരുന്നു. സ്ത്രീകള്‍ സമ്മാനിച്ച കവറുകള്‍ ഇടാനായാണ് മുറിയില്‍ പെട്ടി വച്ചത്. ഈ പെട്ടിയിലെ കവറുകളാണ് കവര്‍ന്നത്. പെട്ടിയുടെ ഒരു വശം തകര്‍ത്ത നിലയിലാണ്. പരാതിയെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
കഴിഞ്ഞ 18 -ാം തിയതി പേരാമ്പ്ര പൈതോത്ത് സമാന രീതിയില്‍ മോഷണം നടന്നിരുന്നു. കോറോത്ത് സദാനന്ദന്റെ മകളുടെ വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി മുറിയില്‍ വച്ച് പൂട്ടിയിരുന്നു. വാതില്‍ കുത്തിത്തുറന്നാണ് പെട്ടി മോഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: