ടെഹ്‌റാന്‍: തടവറയിലെ അനുഭവങ്ങള്‍ ഒരു റിവഞ്ച് ത്രില്ലറായ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റിലൂടെ പുറംലോകത്തെത്തിയപ്പോള്‍ സംവിധായകന്‍ ജാഫര്‍ പഹാനിയെ കാത്തിരുന്നത് ആസ്വാദലോകം ഉറ്റുനോക്കുന്ന കാന്‍സ് ചലച്ചിത്രമേളയിലെ പാം ഡി ഓര്‍. ഇറാന്‍ ഭരണകൂടത്തിന്റെ വിലക്ക് മറികടന്നെടുത്ത ചിത്രം. മുന്‍ തടവുകാരുടെ ഒരു സംഘം ജയിലില്‍ തങ്ങളെ ഭയപ്പെടുത്തിയ ആളെ വീണ്ടും കണ്ടുമുട്ടുന്നതും അയാളെ കൊല്ലണോ വേണ്ടയോ എന്ന് ചിന്തിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ചിരുന്ന സമയത്ത് കണ്ണ് മൂടിക്കെട്ടി ചോദ്യം ചെയ്യുമായിരുന്നു. ഭിത്തിക്ക് അഭിമുഖമായി ഇരുത്തിയാണ് ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യുന്ന ആളുടെ ശബ്ദം മാത്രം കേള്‍ക്കാം. രണ്ട് മുതല്‍ എട്ട് മണിക്കൂര്‍ വരെ ചോദ്യം ചെയ്തിട്ടുണ്ട്. അന്ന് ഈ ശബ്ദം ആരുടേതെന്നറിയാന്‍ വിസ്മയമായിരുന്നുവെന്ന് നേരത്തെ പഹാനി പറഞ്ഞിട്ടുണ്ട്. ഇതാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റിലേക്ക് നയിച്ചത്.
2010ലാണ് പഹാനി ആദ്യമായി അറസ്റ്റിലായത്. ഗ്രീന്‍ മൂവ്മെന്റ് പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിനായിരുന്നു അറസ്റ്റ്. കോടതി ആറ് വര്‍ഷത്തെ തടവ് വിധിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഉപാധികളോടെ ജാമ്യം. 12 വര്‍ഷം യാത്രകള്‍ക്കും സിനിമകള്‍ നിര്‍മിക്കുന്നതിനും വിലക്കെന്നതായിരുന്നു ജാമ്യോപാധി. 2010ലെ കാന്‍സ് ചലച്ചിത്രമേളയില്‍ ഇത്തവണത്തെ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന പനാഹിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2022 ജൂണ്‍ 11ന് പനാഹി അപ്രതീക്ഷിതമായി വീണ്ടും അറസ്റ്റിലായി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ തടവറയിലായിരുന്നു ജയില്‍വാസം. പനാഹിക്ക് ഒപ്പം സംവിധായകരായ മഹമ്മൂദ് റസൂലോഫും മുസ്തഫ ആല്‍ അഹ്മദും ജയിലിലായി. 2023ല്‍ നിരാഹാരം കിടന്നാണ് പനാഹി മോചനം നേടിയത്.
തന്റെ രാജ്യത്തെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി ജാഫര്‍ പനാഹി പറഞ്ഞു. നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം. നമ്മള്‍ ഏതുതരം വസ്ത്രം ധരിക്കണം, എന്തുചെയ്യണം, എന്തുചെയ്യരുത് എന്ന് ആരും നമ്മോട് പറയാന്‍ ധൈര്യപ്പെടരുത്. സിനിമ ഒരു സമൂഹമാണ്. നമ്മള്‍ എന്ത് ചെയ്യണമെന്നോ ചെയ്യാതിരിക്കണമെന്നോ പറയാന്‍ ആര്‍ക്കും അവകാശമില്ല, പനാഹി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ സര്‍ക്കാരിന്റെ യാത്രാവിലക്കും തടവും മറികടന്നാണ് ജാഫര്‍ പനാഹി തന്റെ സിനിമകള്‍ നിര്‍മിച്ചത്. മേളയുടെ സമാപന ചടങ്ങില്‍ ജൂറി അധ്യക്ഷ ജൂലിയറ്റ് ബിനോഷെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹോളിവുഡ് അഭിനേത്രിയും നിര്‍മാതാവുമായ കേറ്റ് ബ്ലാഞ്ചെറ്റ് പനാഹിക്ക് പുരസ്‌കാരം സമ്മാനിച്ചു.
യുഎസ് സ്റ്റുഡിയോ ആയ നിയോണിന്റെ തുടര്‍ച്ചയായ ആറാമത്തെ പാം ഡി ഓര്‍ നേട്ടം കൂടിയാണ് ഇത്. മുന്‍ വര്‍ഷങ്ങളിലെ പാം ഡി ഓര്‍ ചിത്രങ്ങളായ അനോറ, അനാട്ടമി ഓഫ് എ ഫോള്‍, ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്, ടിറ്റനെ, പാരസൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇവര്‍ പങ്കാളികളായിരുന്നു.
യുവാക്കിം ട്രയര്‍ സംവിധാനം ചെയ്ത നോര്‍വീജിയന്‍ കോമഡി ഡ്രാമ ചിത്രം സെന്റിമെന്റല്‍ വാല്യുവിനാണ് കാന്‍സ് ചലച്ചിത്രോത്സവത്തിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം. ബ്രസീലിയന്‍ ചിത്രമായ ദി സീക്രട്ട് ഏജന്റ് ഒരുക്കിയ ക്ലിബര്‍ മെന്‍ഡോങ്ക ഫിലോ ആണ് മികച്ച സംവിധായകന്‍. ചിത്രത്തിലെ പ്രകടനത്തിന് വാഗ്‌നര്‍ മൗറയ്‌ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം. ലിറ്റില്‍ സിസ്റ്റര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് നദിയ മെല്ലിറ്റിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.
അമേരിക്കന്‍ അഭിനേതാക്കളായ ഹാലെ ബെറി, ജെറമി സ്‌ട്രോംഗ്, ഇറ്റാലിയന്‍ താരം ആല്‍ബ റോഹ്വാച്ചര്‍, ഫ്രഞ്ച്-മൊറോക്കന്‍ എഴുത്തുകാരി ലീല സ്ലിമാനി, ചലച്ചിത്ര നിര്‍മാതാക്കളായ ഡിയൂഡോ ഹമാഡി, ഹോംഗ് സാങ്-സൂ, പായല്‍ കപാഡിയ, കാര്‍ലോസ് റെയ്ഗദാസ് എന്നിവരും ജൂറി പാനല്‍ അംഗങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: