ബീജിങ്: ഇരുട്ടിലും കാണാന്‍ സഹായിക്കുന്ന ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വികസിപ്പിച്ചതായി ഗവേഷകര്‍. കണ്ണടച്ചാല്‍പോലും ഈ ലെന്‍സുകള്‍ കാഴ്ച സാധ്യമാക്കുമെന്നാണ് അവകാശവാദം. ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകരാണ് ലെന്‍സ് വികസിപ്പിച്ചത്.
ഈ ലെന്‍സുകള്‍ക്ക് ഊര്‍ജസ്രോതസ് ആവശ്യമില്ലെന്നും സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പുതിയ കോണ്‍ടാക്റ്റ് ലെന്‍സിലെ നാനോപാര്‍ട്ടിക്കിളുകള്‍ ഇന്‍ഫ്രാറെഡ് ലൈറ്റ് ആഗിരണം ചെയ്യുകയും അത് സസ്തനികളുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്ന തരംഗദൈര്‍ഘ്യങ്ങളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. എലികളിലാണ് ഈ ലെന്‍സുകള്‍ ആദ്യം പരീക്ഷിച്ചത്. അതിനുശേഷമാണ് മനുഷ്യരില്‍ പരീക്ഷിച്ചത്.
ഇന്‍ഫ്രാറെഡ് പ്രകാശം മനസിലാക്കാനും അതിന്റെ ദിശ തിരിച്ചറിയാനും പരീക്ഷണത്തിന്റെ ഭാഗമായവര്‍ക്ക് കഴിഞ്ഞു. അവര്‍ കണ്ണടച്ചപ്പോള്‍ ഇന്‍ഫ്രാറെഡ് കാഴ്ച വര്‍ധിച്ചുവെന്നും ഗവേഷകര്‍ പറയുന്നു. ദൃശ്യപ്രകാശത്തേക്കാള്‍ ഫലപ്രദമായി നിയര്‍-ഇന്‍ഫ്രാറെഡ് ലൈറ്റ് കണ്‍പോളകളിലൂടെ കടന്നുപോകും എന്നതാണ് ഇതിന് കാരണം.
ധരിക്കാവുന്ന ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് സൂപ്പര്‍ വിഷന്‍ നല്കാനുള്ള സാധ്യത തുറന്നു തരുന്നതാണ് പഠനമെന്ന് ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ന്യൂറോസയന്റിസ്റ്റ് ടിയാന്‍ സ്യൂ പറഞ്ഞു. ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ നിന്നുള്ള ഉപകരണം പോലെ തോന്നാമെങ്കിലും, യഥാര്‍ത്ഥ ലോകത്തില്‍ ഇതിന് ഉപയോഗങ്ങളുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.
മിന്നുന്ന ഇന്‍ഫ്രാറെഡ് ലൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും, കള്ളപ്പണം, ലഹരിവസ്തുക്കള്‍ എന്നിവ തടയുന്ന സാഹചര്യങ്ങളിലും വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇന്‍ഫ്രാറെഡ് വിവരങ്ങള്‍ എന്‍കോഡ് ചെയ്യാനും കൈമാറാനും, കാഴ്ച കുറഞ്ഞ സാഹചര്യങ്ങളില്‍ കാഴ്ച മെച്ചപ്പെടുത്താനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകും. അടിയന്തര സാഹചര്യങ്ങള്‍ക്കുമായി സ്മാര്‍ട്ട് ഉപകരണങ്ങളില്‍ സംയോജിപ്പിക്കാനും ഉള്‍പ്പെടെ ഈ സാങ്കേതികവിദ്യക്ക് ധാരാളം പ്രായോഗിക ഉപയോഗങ്ങള്‍ ഉണ്ടെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: