കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിക്കഴിഞ്ഞല്ലോ. 2009നുശേഷം ആദ്യമായാണ് മേയില്‍ കാലവര്‍ഷം കടുക്കുന്നത്. കേരളത്തിലാകെ തീവ്രമഴ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും അത് ഫലപ്രദമാക്കാനും കെടുതികള്‍ കുറയ്‌ക്കാനും കര്‍ശനമായ കരുതലും കടുത്ത നടപടികളും അനിവാര്യമാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ടുജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലാകെ തീവ്രമഴയ്‌ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അടുത്ത 48 മണിക്കൂറില്‍ ഉയര്‍ന്ന തിരകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര ഗവേഷണകേന്ദ്രവും പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ തീരങ്ങളിലാണ് റെഡ് അലര്‍ട്ട്. 3 മുതല്‍ 4.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരകള്‍ക്കും കടലേറ്റത്തിനും സാധ്യതയും പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കടുത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. നിരവധി വീടുകള്‍ക്കുമുകളില്‍ മരങ്ങള്‍ വീണു. വീടുകള്‍ വ്യാപകമായി തകര്‍ന്നു. മരങ്ങള്‍ വീണു റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകര്‍ന്നു. ദേശീയ പാത നിര്‍മ്മാണം പുരോഗമിക്കുന്ന പയ്യോളി, കൊയിലാണ്ടി മേഖകളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. 3950 ക്യാമ്പുകള്‍ തയ്യാറായെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
അതേസമയം കാലവര്‍ഷം നേരത്തെ എത്തുമെന്ന സൂചന ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന പരാതികളുണ്ട്. അതിന്റെ വ്യക്തമായ തെളിവാണ് വിദ്യാലയങ്ങളുടെ കാര്യത്തിലുള്ള ജാഗ്രതക്കുറവ്. പല കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി തുടങ്ങിയിട്ടുപോലുമില്ല. ഏതാനും ദിവസം മാത്രമേ അവധി തീരാനുള്ളൂ. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത സ്‌കൂളുകളില്‍ വേണം പ്രവേശനോത്സവം സംഘടിപ്പിക്കാന്‍. മന്ത്രിമാര്‍ സര്‍ക്കാരിന്റെ വാര്‍ഷികോത്സവങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു. കോട്ടയം തലനാട് ഗവണ്മെന്റ് എല്‍.പി. സ്‌കൂളിന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കൊടുങ്ങല്ലൂരില്‍ വള്ളം മറിഞ്ഞ് മേത്തല പടന്ന സ്വദേശി സന്തോഷ് മരിച്ചു. ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു. കോഴിക്കോട് നല്ലളത്ത് 110 കെവി. ലൈന്‍ ടവര്‍ തകര്‍ന്നുവീണു. കണ്ണൂര്‍ പിണറായിയില്‍ തെക്ക് ബൈക്ക് യാത്രക്കാരനാണ് ഗുരുതരമായി പരിക്കേറ്റത്. പാലക്കാട് 33 കെ.വി. ലൈനി
ല്‍ മരം വീണതോടെ അട്ടപ്പാടി ഇരുട്ടിലായി. ഇതിനിടയിലാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ ശക്തികൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. നിലവില്‍ രണ്ടു സംഘങ്ങള്‍ കേരളത്തിലുണ്ട്. ജൂണ്‍ രണ്ടോടെ ഏഴ് സംഘങ്ങള്‍ കൂടി കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കാലവര്‍ഷക്കെടുതി നേരിടാന്‍ കലക്ടര്‍മാര്‍ക്ക് ഒരു കോടി വീതവും പഞ്ചായത്തുകള്‍ക്ക് ഒരുലക്ഷവുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. നഗരസഭകള്‍ക്ക് മൂന്നുലക്ഷവും കോര്‍പ്പറേഷനുകള്‍ക്ക് 5 ലക്ഷവുമാണ് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. അടിയന്തിര സാഹചര്യം നേരിടാന്‍ അഗ്‌നിരക്ഷാസേന, പോലീസ് സിവില്‍ ഡിഫന്‍സ് ടീം കരസേന, നാവിക സേന, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പസ് എന്നിവയുടെ ഗ്രൂപ്പിനേയും നിശ്ചയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
മലയോരമേഖലയില്‍ മണ്ണിടിച്ചലും ഉരുള്‍പൊട്ടലും ഉണ്ടാകുമെന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് സാധ്യതയുള്ളതിനാല്‍ ക്യാമ്പുകളിലേക്ക് മാറാനും നിര്‍ദ്ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും സര്ക്കാര്‍ നല്‍കിയിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം പൊതുജനങ്ങള്‍ സ്വയം രക്ഷയ്‌ക്ക് ചെയ്തോളണം എന്ന് സാരം. അതുപോര കുറച്ചുകൂടി ജാഗ്രതയോടെ സര്‍ക്കാര്‍ ശ്രമം ഉണ്ടായേ തീരൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: