കോഴിക്കോട്: കോഴിക്കോട് രൂപത ബിഷപ്പായിരുന്ന ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി. കോഴിക്കോട് രൂപതയെ അതിരൂപതയായും ഉയര്‍ത്തി. ആര്‍ച്ചു ബിഷപ്പുമാരും ബിഷപ്പുമാരും ഉള്‍പ്പെടെ സംന്യസ്ഥരും രാഷ്‌ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖരും വിശ്വാസികളും അടങ്ങുന്നവരെ സാക്ഷിയാക്കി ഭക്തിസാന്ദ്രമായ ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. ഇന്നലെ വൈകിട്ട് മൂന്നിന് സെന്റ് ജോസഫ് പള്ളിയില്‍ ഭാരതത്തിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ മോസ്റ്റ് റവ. ഡോ. ലിയോപോള്‍ഡോ ജിറല്ലിയുടെ നേതൃത്വത്തിലാണ് സ്ഥാനാരോഹണ പ്രഖ്യാപന ചടങ്ങ് നടന്നത്. കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് വചന പ്രഘോഷണം നടത്തി.
കുര്‍ബാനയുടെ ആദ്യഘട്ടമായി സ്ഥാനാരോഹണത്തിനായി പുറപ്പെടുവിച്ച ഉടമ്പടി ലാറ്റിന്‍, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ വായിച്ചു. പിന്നീട് വര്‍ഗീസ് ചക്കാലക്കല്‍ ഭാരതത്തിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയുടെ മുമ്പിലും വിശ്വാസ സമൂഹത്തിനു മുമ്പിലും സഭയോടുള്ള തന്റെ വിധേയത്വം ഏറ്റുപറയുകയും ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
ഫ്രാന്‍സിസ് സേവ്യറിന്റെ മിഷനറി ചൈതന്യത്താല്‍ ക്രൈസ്തവ വിശ്വാസം മലബാറില്‍ ശക്തിയാര്‍ജ്ജിച്ചപ്പോള്‍, സിറോ മലബാര്‍-മലങ്കര സഭ സമൂഹങ്ങള്‍ക്ക് പടര്‍ന്നു പന്തലിക്കുവാന്‍ സാഹചര്യമൊരുക്കിയ കോഴിക്കോട് രൂപത അതിരൂപതയായി ഉയര്‍ത്തപ്പെടുമ്പോള്‍ രൂപതയുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്ന് കാര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് വചനപ്രഘോഷണത്തില്‍ ആശംസിച്ചു.
ദിവ്യബലിക്ക് ശേഷം നടന്ന പൊതു ചടങ്ങില്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, തലശ്ശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല, മന്ത്രി മുഹമ്മദ് റിയാസ്, മേയര്‍ ബീന ഫിലിപ്പ്, ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖര്‍, എം.ടി. രമേശ്, പി. രഘുനാഥ്, പി.സി. ജോര്‍ജ്, അഡ്വ. കെ.പി. പ്രകാശ്ബാബു, എംപിമാരായ ഷാഫി പറമ്പില്‍, എം.കെ. രാഘവന്‍, എംഎല്‍എമാരായ സണ്ണി ജോസഫ്, തോട്ടത്തില്‍ രവീന്ദ്രന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
കോഴിക്കോട് അതിരൂപതയുടെ ചരിത്രപുസ്തകം വര്‍ഗീസ് ചക്കാലക്കല്‍ പ്രകാശനം ചെയ്തു. ഫാദര്‍ സെബാസ്റ്റിയന്‍ കാരക്കാട്ടിന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: