ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധത്തിന്റെ നട്ടെല്ല് റഷ്യയായിരുന്നു. സുഖോയ് യുദ്ധവിമാനം ഇന്ത്യയ്‌ക്ക് നല്‍കിയത് റഷ്യയാണ്. ഈ വിമാനത്തെ ഇന്ത്യയുടെ പ്രതിരോധരംഗത്തെ പൊതുമേഖലാസ്ഥാപനമായ എച്ച് എഎല്‍ (ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡ്) പുതിയ യുദ്ധമുറക്കനുസരിച്ച് പുതുക്കിയെന്ന് മാത്രം.
ഇന്ത്യയുടെ ആവനാഴിയിലെ ആഗ്നേയാസ്ത്രമായി അറിയപ്പെടുന്ന ബ്രഹ്മോസ് എന്ന മിസൈല്‍ റഷ്യയുടെ സംഭാവനയാണ്. റഷ്യയുടെ കപ്പലില്‍ നിന്നും തൊടുക്കാവുന്ന പി-800 ഒനിക്സിനെ പരിഷ്കരിച്ചെടുത്തതാണ് ബ്രഹ്മോസ്. ഒരു പരീക്ഷണമല്ല, നിരന്തരമായ പരീക്ഷണങ്ങള്‍. കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് പിന്നീട് കപ്പലില്‍ നിന്നും യുദ്ധജെറ്റില്‍ നിന്നും തൊടുക്കാവുന്ന മിസൈലാക്കി ഇന്ത്യയുടെ ശാസ്ത്രജ്ഞര്‍ അതിനെ മാറ്റി. പാകിസ്ഥാനിലെ വ്യോമവിമാനത്താവളങ്ങളെ തകര്‍ത്തത് ഇന്ത്യയില്‍ തന്നെ റഷ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സുഖോയ് വിമാനം ചിറകിലേറിപ്പറന്ന ബ്രഹ്മോസ് കുതിച്ചുപാഞ്ഞ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതോടെയാണ്. ഇതാദ്യമായാണ് യുദ്ധരംഗത്ത് ഇന്ത്യ ബ്രഹ്മോസ് പരീക്ഷിച്ചത്.
റഷ്യയുടെ ടാങ്കുകള്‍
റഷ്യ നല്‍കിയ രണ്ട് യുദ്ധടാങ്കുകള്‍ ഇന്ത്യയുടെ കരസേനയുടെ കരുത്താണ്. ടി-90എസ് ഭീഷ്മ, ടി-72 മൗണ്ട് അജേയ എന്നീ യുദ്ധടാങ്കുകളാണ് റഷ്യ നല്‍കിയിരിക്കുന്നത്. ഇതിനെ ഇന്ത്യ പരിഷ്കരിച്ചു എന്ന് മാത്രം. റോക്കറ്റുകള്‍ തൊടുക്കാവുന്ന ടാങ്കുകളാണ് ബിഎം-21 ഗ്രാഡ്, 9എ52 സ്മെര്‍ക് എന്നിവ. ഇതും റഷ്യ നല്‍കിയതും പിന്നീട് ഇന്ത്യ സ്വന്തം ആവശ്യത്തിനായി പരിഷ്കരിച്ചവയുമാണ്.
ചെറിയ തോക്കുകള്‍
റഷ്യ നല്‍കിയ അപകടകാരികളായ ചെറുതോക്കാണ് കലാഷ്നിക്കോവ് എകെ 230. ഇത് പിന്നീട് ഇന്ത്യ പരിഷ്കരിച്ചു.
ഇന്ത്യയുടെ പ്രതിരോധസംവിധാനമായ സുദര്‍ശന്‍ ചക്ര
സുദര്‍ശന്‍ ചക്ര എന്ന് പേരിട്ട എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനമായിരുന്നു പാകിസ്ഥാന്‍ മിസൈല്‍ ആക്രമണങ്ങളെ തകര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇത് പ്രധാനമന്ത്രി മോദി ഏറെ കഷ്ടപ്പെട്ട് നേടിയെടുത്ത ആയുധമാണെന്ന് പറയാം. ഇസ്രയേലിന്റെ അയേണ്‍ ഡോം പോലെ മിടുക്കുള്ളതാണ് എസ് 400. പാകിസ്ഥാനുമായുള്ള യുദ്ധം കൂടുതല്‍ എസ് 400 വാങ്ങുവാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചിരിക്കുകയാണ്.
ഹ്രസ്വദൂര വ്യോമപ്രതിരോധസംവിധാനങ്ങള്‍ സ്ട്രെല 10, ഒഎസ്എ എകെ
ഹ്രസ്വദൂരത്തിലുള്ള മിസൈല്‍ ആക്രമണങ്ങളെ തടുക്കാനുള്ള സ്ട്രെല 10, ഒഎസ്എ എകെ എന്നീവ്യോമപ്രതിരോധസംവിധാനവും റഷ്യയുടെ സംഭാവനയാണ്.
വ്യോമസേനയുടെ ആക്രമണകാരി സുഖോയ് എസ് യു -എംകെ3
വ്യോമസേനയുടെ ആക്രമണ ജെറ്റ് വിമാനങ്ങളായ സുഖോയ് എസ് യു -എംകെ31, ഇതിനെ പിന്തുണയ്‌ക്കുന്ന ലഘുയുദ്ധവിമാനങ്ങളായ മിഗ്-29, മിഗ് -21 ബൈസന്‍ എന്നിവയും റഷ്യയുടെ സംഭാവനകള്‍. റോട്ടറി വിംഗ് വിമാനങ്ങളായ മില്‍ എംഐ-17, ഹെവി ലിഫ്റ്റ് എംഐ-26 ഹെലികോപ്റ്ററുകളും റഷ്യയുടേതാണ്.
മോദി സര്‍ക്കാര്‍ ചെയ്തത്
വിദേശരാജ്യങ്ങളെ പൂര്‍ണ്ണമായും പ്രതിരോധആയുധങ്ങള്‍ക്ക് ആശ്രയിക്കേണ്ടതില്ലെന്ന തീരുമാനം മോദി സര്‍ക്കാര്‍ കൈക്കൊണ്ടു. ഇതിന്റെ ഭാഗമായി മെയ്‌ക്ക് ഇന്‍ ഇന്ത്യയെ പ്രതിരോധരംഗത്തേക്കും കൊണ്ടുവന്നു. ഒപ്പം കോര്‍പറേറ്റുകളെ ആയുധനിര്‍മ്മാണരംഗത്തേക്ക് കൊണ്ടുവരികയും ഇന്ത്യയുടെ പ്രീമിയം ടെക് വിദ്യാലയങ്ങളിലെ തലച്ചോറുകളെ ഗവേഷണത്തിന് കൊണ്ടുവന്നു. എല്ലാം ചേര്‍ന്നപ്പോള്‍ ആധുനികമായ ആയുധങ്ങള്‍ എത്തി. ഒപ്പം നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ്, ജിഐ മാപ്പിംഗ് തുടങ്ങിയ ആധുനിക സങ്കേതങ്ങളെ ആയുധനിര്‍മ്മാണത്തോട് ചേര്‍ത്തപ്പോള്‍ നല്ല പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കിട്ടി. ശത്രുക്യാമ്പുകളെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞു.
1500 കോടി രൂപ ചെലവഴിച്ച് മോദി സര്‍ക്കാര്‍ 2018ല്‍ തുടങ്ങിവെച്ച ഐഡെക്സ് എന്ന പദ്ധതി കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യയില്‍ ഒരു നിശ്ശബ്ദ വിപ്ലവം തീര്‍ക്കുകയായിരുന്നു. ഐ ഡെക്സ് (iDEX- Innovation for Defence Excellence)എന്നതിന്റെ മുഴുവന്‍ പേര് ഇന്നവേഷന്‍ ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് എന്നാണ്. പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് ഇന്നവേഷനും ടെക്നോളജി വികസനവും ലക്ഷ്യമാക്കിയുള്ള കേന്ദ്ര പ്രതിരോധവകുപ്പിന്റെ പദ്ധതിയായിരുന്നു ഐഡെക്സ്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1500 കോടിയാണ്. സ്റ്റാര്‍ട്ടപ്പുകളെയും വ്യവസായങ്ങളേയും വ്യക്തികളേയും റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് സ്ഥാപനങ്ങളെയും ഐഐടി, എന്‍ഐടി പോലുള്ള അക്കാദമിക് സ്ഥാപനങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംവിധാനത്തിലൂടെ ഇന്ത്യയ്‌ക്കാവശ്യമായ പുത്തന്‍ ആയുധങ്ങളും പ്രതിരോധസംവിധാനങ്ങളും തദ്ദേശീയമായ വികസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയ്‌ക്ക് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉപയോഗിക്കുക എന്ന അര്‍ത്ഥത്തില്‍ 2014 മുതലേ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രതിരോധ രംഗത്ത് ഇന്ത്യ നടപ്പാക്കിത്തുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: