ന്യൂദല്‍ഹി: ബ്രഹ്മോസിനെ കൂടുതല്‍ ദീര്‍ഘദൂരശേഷിയും കൃത്യതയും ഉള്ള മിസൈലാക്കി മാറ്റുക വഴി ഒരു ബ്രഹ്മോസ് 2.0 വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയ്‌ക്ക് മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍. ഈ ലക്ഷ്യം കൂടി മുന്‍നിര്‍ത്തി വൈകാതെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് മോദിക്ക് വാക്ക് നല്‍കുക കൂടി ചെയ്തിരിക്കുന്നു പുടിന്‍.
റഷ്യ വാഗ്ദാനം ചെയ്യുന്ന പുതുമകള്‍ എന്തെല്ലാം?
ഇന്ത്യയും റഷ്യയും ചേര്‍ന്ന് ബ്രഹ്മോസ് മിസൈലിനെ അടുത്ത തലമുറ മിസൈലാക്കാനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. ഇന്ത്യയും റഷ്യയും ചേര്‍ന്ന് വീണ്ടും പുതിയ രു അങ്കത്തിന് ഒരുങ്ങുകയാണ്. ബ്രഹ്മോസിനെ കൂടുതല്‍ വിനാശകാരിയാക്കാനുള്ള ഗവേഷണം. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രതിരോധരംഗത്ത് ഇന്ത്യയുടെ ചങ്ങാതിയായ റഷ്യ. ഇപ്പോഴത്തെ 290 മുതല്‍ 400 കിലോമീറ്റര്‍ എന്ന ദൂരത്തിന് പകരം കൂറെക്കൂടി അകലേക്ക് കൃത്യമായ ലക്ഷ്യം ഭേദിക്കാവുന്ന മിസൈലാക്കി ബ്രഹ്മോസിനെ മാറ്റാനാണ് പുതിയ പരീക്ഷണം. 800 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് ശത്രുലക്ഷ്യം ലാക്കാക്കി ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ പായുന്ന ബ്രഹ്മോസ് വികസിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ബ്രഹ്മോസ് ഒരു മെയ്‌ക്ക് ഇന്‍ ഇന്ത്യ സംരംഭമായിരിക്കും. അതിന് സാങ്കേതിക സഹായം റഷ്യ നല്‍കും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് ബ്രഹ്മോസിന്റെ കരുത്ത് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഉദ്ഘാടനം ചെയ്ത പുതിയ ബ്രഹ്മോസ് ഗവേഷണനിര്‍മ്മാണ കേന്ദ്രത്തില്‍ ആണ് പുതിയ തലമുറ ബ്രഹ്മോസ് വികസിപ്പിക്കുക.
ബ്രഹ്മോസ് മിസൈല്‍ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈല്‍ ആയിരുന്നു. ഇന്ത്യയുടെ ഡിആര്‍ഡിഒയും (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) റഷ്യയുടെ റോക്കറ്റ് ഡിസൈന്‍ വിഭാഗമായ എന്‍പിഒ മാഷിനോസ്ട്രോയെനിയയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ ഡിസൈന്‍ ചെയ്തത്. യുദ്ധക്കപ്പലുകള്‍ക്ക് എതിരെ തൊടുക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്ന പി-800 ഒനിക്സ് എന്ന മിസൈലിനെ പരിഷ്കരിച്ചതാണ് ബ്രഹ്മോസ് മിസൈല്‍.
ബ്രഹ്മോസ് എന്ന പേര് വന്നതെങ്ങിനെ?
ബ്രഹ്മോസ് എന്ന പേര് വന്നതെങ്ങിനെയെന്നോ? ഇന്ത്യയിലെയും റഷ്യയിലെയും രണ്ട് നദികളുടെ പേര് ചേര്‍ത്തുവെച്ചാണ് ബ്രഹ്മോസ് എന്ന പേരുണ്ടാക്കിയത്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ പേരും റഷ്യയിലെ മോസ്കവ നദിയുടെ പേരും ചേര്‍ത്തുവെച്ച് ഒന്നാക്കിയാണ് ബ്രഹ്മോസ് എന്ന പേര് ഉണ്ടാക്കിയത്. ഇന്നത്തെ ബ്രഹ്മോസിന് 290 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പോകാന്‍ സാധിക്കും. ഇത് ഒരു സൂപ്പര്‍ സോണിക് മിസൈലാണ്.. അതിനര്‍ത്ഥം ഇതിന് ശബ്ദത്തേക്കാള്‍ വേഗതയില്‍ മൂളിപ്പായാന്‍ സാധിക്കും. പക്ഷെ ബ്രഹ്മോസിന്റെ വേഗത മാക് 2.8 ആണ്. അതായത് ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ പായാന്‍ സാധിക്കും. ഇന്ത്യയുടെ യുദ്ധജെറ്റായ എസ് യു -30 എംകെഐ എന്ന ഇന്ത്യയുടെ തന്നെ എച്ച് എഎല്‍ നിര്‍മ്മിച്ച സുഖോയ് യുദ്ധജെറ്റിലാണ് ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കുക. ബ്രഹ്മോസ് സാധാരണ ഭൂമിനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ പറക്കാറില്ല. താഴ്ന്നാണ് പറക്കുക. ഭൂമിയില്‍ സ്ഥാപിച്ച റഡാറുകളുടെ കണ്ണുവെട്ടിക്കാനാണിത്. ഒരു വിമാനം ഭൂമിക്ക് മുകളിലൂടെ ക്രൂസ് ചെയ്യുന്നതുപോലെ പറക്കുന്നതിനാലാണ് ക്രൂസ് മിസൈല്‍ എന്ന് ബ്രഹ്മോസിനെ വിളിക്കുന്നത്.
പാകിസ്ഥാന്റെ സൈനികവിമാനത്താവളം കത്തിച്ച ബ്രഹ്മോസ്
പാകിസ്ഥാന്റെ നൂര്‍ ഖാന്‍ എന്ന സൈനിക വിമാനത്താവളം ഉള്‍പ്പെടെ പല സൈനികവിമാനത്താവളങ്ങളിലും നാശം വിതച്ചത് ബ്രഹ്മോസ് മിസൈല്‍ ആണ്. അതിനാല്‍ ബ്രഹ്മോസിന് വേണ്ടി വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ ക്യൂനില്‍ക്കുകയാണ്. ഒരു ബ്രഹ്മോസ് മിസൈലിന്റെ വില 34 കോടി മുതലാണെങ്കിലും പാകിസ്ഥാനെതിരെ വന്‍വിജയം നേടിയതോടെ ഈ മിസൈലിന്റെ വില എത്രയോ മടങ്ങായി ഉയര്‍ന്നിരിക്കുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ വാങ്ങല്‍ കരാര്‍ ഒപ്പിടുന്നതിന്റെ വക്കിലാണ്. എന്നാല്‍ പാകിസ്ഥാനില്‍ ബ്രഹ്മോസ് വിതച്ച നാശം കണ്ട് ആകൃഷ്ടരായി എത്തിയിരിക്കുന്നത് ചിലെ, ബ്രസീല്‍, അര്‍ജന്‍റീന, വെനസ്വേല, ഈജിപ്ത് എന്നീ രാജ്യങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളായ സൗദിയും യുഎഇയും ഖത്തറും ഒമാനും ബ്രഹ്മോസിന് വേണ്ടി ഇന്ത്യയ്‌ക്ക് പിന്നാലെ കൂടിയിട്ടുണ്ട്.
ഇപ്പോള്‍ വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാം
2001ല്‍ ആദ്യമായി ബ്രഹ്മോസ് ടെസ്റ്റ് ചെയ്യുമ്പോള്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍ ആയിരുന്നു. 2008ഓടെ യുദ്ധക്കപ്പലുകളില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ ആയി ബ്രഹ്മോസ് മാറി. ഇപ്പോള്‍ യുദ്ധജെറ്റുകളില്‍ പിടിപ്പിക്കാന്‍ കഴിയുന്നതോടെ ആകാശത്തില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന കഴിവും നേടിക്കഴിഞ്ഞു ബ്രഹ്മോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: