അധിനിവേശത്തിന്റെ,അധികാര
ഗര്‍വ്വിന്റെ,
അടയാളമാണിന്നുലോകം,
അടയാളമൊക്കവെ
പേറ്റിപ്പെറുക്കിനാം,
അടരാടി വീഴുന്നു മണ്ണില്‍.
അമ്മയെ അറിയില്ല, അച്ഛനെ കണ്ടില്ല,
പെങ്ങളെ ഓര്‍ത്തില്ല മനുജന്‍,
വിധിതന്‍ കണക്കുകള്‍ കത്തിയാല്‍ തീര്‍ക്കുന്ന,
കരുണയെക്കൊന്നവന്‍ മര്‍ത്യന്‍.
ജീവിതപ്പടവുകള്‍ കയറുവാനന്നു നാം,
ജാതിവൈചിത്ര്യം കുറിച്ചു,
ജാതിതന്‍ കണ്ണില്‍ കനലു നിറച്ചു നാം,
കണ്ണീരു കൊയ്തു മറിച്ചു.
പ്രണയമാം ഭാഷ്യമോ
പരിദേവനത്തിന്റെ പകലുകള്‍
താണ്ടിക്കടന്നു,
പ്രാണന്‍ കടഞ്ഞു പ്രണയം കൊടുത്തവര്‍,
പ്രാണനെടുത്തു പിരിഞ്ഞു.
ആതുരസേവനം മാര്‍ഗമായ് കണ്ടവര്‍,
ആഢംബരത്തില്‍ മുഴുകി,
കത്തിയാല്‍ നെഞ്ചകം കോറി വരഞ്ഞവര്‍,
കഷ്ടത കണ്ടുരസിച്ചു.
കാടകം പൂണ്ടു നാം കാടു കൈയ്യേറി നാം,
കൊമ്പന്റെ കുംഭയെ കാലിയാക്കി,
കാടിളക്കിക്കരിനാടിതു പൂണ്ടതും
കാടന്റെ ഭാവമായ് കണ്ടുവോ നാം.
ബുദ്ധി മറന്നവര്‍ കുഞ്ഞിനെ പ്പേറിയോര്‍,
ബുദ്ധിമോശത്താല്‍ പണിപ്പുര തീര്‍ത്തവര്‍,
കാകനും, കഴുകനും തിന്നുവാന്‍ നല്‍കിയോ,
കാടത്തരത്തിന്റെ ദത്തിനെപ്പേറിയോ?
അധമമാം ലഹരിയെ സിരയിലങ്ങേറ്റവെ,
അമ്മയാമീശനെപ്പാടെ മറന്നുവോ,
അറിവിന്റെ ദീപം തെളിച്ചൊരാ അച്ഛനെ,
അറിയാത്തപോലെനടിച്ചങ്ങിരുന്നുവോ?
അമ്മയെ പോറ്റുവാനാവതില്ലെങ്കിലും,
അമ്മയെക്കൊല്ലുവാന്‍കൈയ്യുയര്‍ത്തേണമോ?
അമ്മിഞ്ഞ തന്നങ്ങു ലാളിച്ചതെത്രനാള്‍,
അത്രമേല്‍ മാറിയോ ലഹരിയാലിന്നു നീ.
അചിന്ത്യമെന്നോര്‍ക്കുകില്‍,
അഹിതമായ് തോന്നണം,
അധര്‍മ്മമെന്നോതുകില്‍,
ധര്‍മ്മത്തെ അറിയണം.
അനീതിയെന്നറിവിലോ,
നീതിയെക്കൊള്ളണം,
അമ്മയെന്നറിവിലോ,
സത്യമായ് വളരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക