ചലച്ചിത്രനിരൂപകന്‍ എന്ന നിലയില്‍ അനിഷേധ്യമായ അംഗീകാരം നേടിയിട്ടുള്ള വിജയകൃഷ്ണന്‍ ചലച്ചിത്ര ചരിത്രകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്.’ലോകസിനിമയുടെ കഥ’, ‘ഇന്ത്യന്‍ സിനിമയുടെ കഥ’, മലയാളസിനിമയുടെ കഥ’ എന്നീ മൂന്നു പുസ്തകങ്ങളിലൂടെ സിനിമയുടെ സമ്പൂര്‍ണ്ണ ചരിത്രം അദ്ദേഹം പ്രസിദ്ധം ചെയ്തിട്ടുണ്ട്. ഇവയില്‍ ആദ്യം രചിച്ചത് ‘മലയാളസിനിമയുടെ കഥ’യാണ്. മൂന്നു പതിറ്റാണ്ടിനു മുന്‍പ് മലയാളസിനിമയുടെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചു കെഎസ്എഫ്ഡിസിക്കുവേണ്ടി അന്നത്തെ ചെയര്‍മാനായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഈ പുസ്തകത്തിന്റെ രചന. പിന്നീട് ഓരോ പതിപ്പ് പ്രസിദ്ധം ചെയ്യുമ്പോഴും അതുവരെയുള്ള ചിത്രങ്ങളെ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച് വിപുലീകരിച്ചിട്ടുണ്ട്. ക്വാണ്ടിക് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പതിപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങള്‍ വരെ പ്രതിപാദിക്കപ്പെടുന്നുണ്ട്. ചലച്ചിത്ര കുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്നുവേണ്ട സിനിമയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരു പാഠപുസ്തകം തന്നെയാണിത്.
കല യാഥാര്‍ത്ഥ്യത്തിന്റെ കണ്ണാടിയാണെന്ന സിദ്ധാന്തത്തെ മലയാള സിനിമ എന്നും മുറുകെപ്പിടിച്ചിരുന്നു എന്ന് തുടക്കത്തില്‍ തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയുടെ തുടക്കം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ അത് ശരിയാണെന്ന് ബോധ്യപ്പെടും. സങ്കല്പങ്ങള്‍ക്കുപരിയായി പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ പ്രതിജ്ഞാബദ്ധമായി വരച്ചു കാട്ടിയ പാരമ്പര്യമാണ് മലയാള സിനിമയ്‌ക്കുള്ളത്. ബിംബങ്ങളായി പരിണമിച്ചതെല്ലാം പച്ചയായ ജീവിതങ്ങളുടെ സമന്വയങ്ങളായിരുന്നു.
മലയാള സിനിമയ്‌ക്കും മുമ്പേ ആരംഭിച്ച ലോക സിനിമയെയും ഇന്ത്യന്‍ സിനിമയെയും വിജയകൃഷ്ണന്‍ ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തോല്‍പ്പാവക്കൂത്തില്‍ നിന്ന് കഥാകഥനത്തെ പൂര്‍ണ്ണമായ ചലനങ്ങളിലേയ്‌ക്ക് എത്തിക്കാനായി യൂറോപ്യന്‍ നാടുകളില്‍ നിന്നാരംഭിച്ച പരീക്ഷണങ്ങളെക്കുറിച്ചും പിന്നീട് വസ്തുക്കളെ ചലനത്തോടെ രേഖപ്പെടുത്തുന്ന ‘കൈനെറ്റോകോപ്പ്’ എന്ന ഉപകരണത്തിന്റെ നിര്‍മിതിയെക്കുറിച്ചുമെല്ലാം വളരെ വിശദമായി പറഞ്ഞിരിക്കുന്നു.
സിനിമയുടെ മാന്ത്രിക ശക്തിയെപ്പറ്റി മനസിലാക്കിയ കാട്ടൂര്‍ക്കാരന്‍ വാറുണ്ണി ജോസഫ് ഉയര്‍ത്തിയ കൂടാരത്തില്‍ അണഞ്ഞ പെട്രോമാക്‌സുകളുടെ സാന്നിധ്യത്തില്‍ നടന്ന വിവരണത്തോടു കൂടിയ പ്രദര്‍ശനത്തിന്റെ വിജയവും തുടര്‍ന്ന് കാട്ടൂര്‍ക്കാരന്‍ നേരിട്ട ദുരന്തവും, അതിലും തളരാത്ത അദ്ദേഹത്തിന്റെ അഭിവാഞ്ഛയും മലയാള സിനിമാ ചരിത്രത്തിന്റെ, ഒരിക്കലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഏടുകളാണെന്ന് വിജയകൃഷ്ണന്‍ അടിവരയിട്ട് പറയുന്നു.
വിഗതകുമാരന്‍ മുതല്‍ പ്രഹഌദ വരെയുള്ള ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ട കാലഘട്ടത്തില്‍ നമ്മുടെ ഭാരതം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ ദഹിക്കുകയായിരുന്നു എന്ന വസ്തുത ആ ചിത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. പിന്നീട് സാതന്ത്ര്യാനന്തരം നിര്‍മിക്കപ്പെട്ട നിര്‍മല എന്ന ചിത്രം മുതല്‍ ഇങ്ങോട്ടുള്ളവയിലൊന്നും തന്നെ സമകാലിക അവസ്ഥ വിവരിക്കുന്ന കഥകള്‍ ഇല്ലാതിരുന്നത് അക്കാലത്തെ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതികരണശേഷിയില്ലായ്മയായി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു. സമകാലിക വിഷയങ്ങള്‍ക്ക് വിദഗ്‌ദ്ധമായ ചലച്ചിത്ര ഭാഷ്യം കൊണ്ടുവരാന്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ ഇന്ന് ശ്രമിക്കുന്നു എന്നത് ആശാവഹമാണ്.മലയാള സിനിമയുടെ വളര്‍ച്ചയുടെ നാള്‍വഴികളിലൂടെ സഞ്ചരിക്കുമ്പാള്‍ ബോക്‌സ്ഓഫീസില്‍ വിജയക്കൊടി പാറിച്ച ചിത്രങ്ങളെക്കുറിച്ചും തകര്‍ന്നു തരിപ്പണമായ ചിത്രങ്ങളെക്കുറിച്ചും, അവയുടെ ജയപരാജയങ്ങളുടെ കാരണങ്ങളും കഥാപശ്ചാത്തലങ്ങളും കഥാപാത്രങ്ങളും അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ശൃംഖലയെ ഉദ്ധരിച്ചുകൊണ്ട് ലേഖകന്‍ വിവരിക്കുന്നു. തകര്‍ന്ന നാലുകെട്ടുകളുടെ കഥ പറയാന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കുള്ള കഴിവിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ‘ മുറപ്പെണ്ണ്’, അസുരവിത്ത് എന്നീ ചലച്ചിത്രങ്ങള്‍ക്ക് പിന്നാലെ ‘ഇരുട്ടിന്റെ ആത്മാവി’ലൂടെ പി. ഭാസ്‌കരന്‍ നിലവാരമേന്മയുള്ള ഒരു ചിത്രത്തിന്റെ അമരക്കാരന്‍ എന്ന ഖ്യാതി വീണ്ടടുത്തു എന്ന് കൃത്യമായി വെളിപ്പെടുത്തുന്നു.
‘ആര്‍ട്ട്’, ‘കൊമേഴ്ഷ്യല്‍’ എന്ന വേര്‍തിരിവ് മലയാള സിനിമാസഞ്ചാരത്തെ എത്രത്തോളം സ്വാധീനിച്ചു എന്ന് ഉദാഹരണസഹിതം ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രതിസന്ധികളില്‍ ചവിട്ടി നിന്നുകൊണ്ട് സിനിമ എന്ന കലയെ ഉജ്ജ്വലവും എന്നാല്‍ വ്യാവസായിക നേട്ടങ്ങളുടെ ഇടനിലങ്ങളുമാക്കി മാറ്റിയ തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും നിര്‍മാതാക്കളെയും ഈ വായനയില്‍ നമുക്ക് അടുത്തറിയാന്‍ സാധിക്കും. മലയാള സിനിമയുടെ പ്രതിസന്ധിഘട്ടങ്ങളില്‍പ്പോലും ഹിറ്റുകള്‍ നല്‍കി കച്ചവടനേട്ടം കൊയ്ത സിനിമകളെക്കുറിച്ചും അവയുടെ സംവിധായകരെക്കുറിച്ചുമുള്ള വിവരണം എക്കാലത്തെയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥ പറയുന്ന രീതിയെയും പുതുമയുള്ള ട്രീറ്റുമെന്റിനെയും അനാവരണം ചെയ്യുന്നു.
പുസ്തകത്തിന്റെ ഈ പുതിയ പതിപ്പില്‍, തൊട്ടു മുമ്പുള്ള വര്‍ഷത്തില്‍ ഇറങ്ങിയ ചിത്രങ്ങളെക്കുറിച്ചും, പ്രതീക്ഷ തരുന്ന നവാഗതരായ സംവിധായകരെക്കുറിച്ചും വിവരിക്കുന്നുണ്ട്. മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യവും അതിന്റെ ചരിത്രവും, ചലച്ചിത്ര മേളകളുടെ പ്രാധാന്യവും ഭാവിയും എല്ലാം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.
രാമു കാര്യാട്ട്, പി.ഭാസ്‌കരന്‍, കെ.എസ്. സേതുമാധവന്‍, അടൂര്‍, അരവിന്ദന്‍ തുടങ്ങിയ സംവിധായകര്‍ക്കുവേണ്ടി പ്രത്യേക അധ്യായങ്ങള്‍ തന്നെ ഈ പുസ്തകത്തില്‍ മാറ്റിവച്ചിട്ടുണ്ട്.ചലച്ചിത്രത്തിന്റെ രീതിശാസ്ത്രം ഇഴകീറി പരിശോധിക്കുകയെന്ന ബ്രഹത്കര്‍മത്തില്‍ ഈ പുസ്തകത്തിന്റെ കര്‍ത്താവ് എല്ലാ അര്‍ത്ഥത്തിലും വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. പരിവര്‍ത്തനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് ഒടുവില്‍ അദ്ദേഹം ഉത്കണ്ഠാകുലനാകുന്നത് വായനക്കാരിലും അതേ വികാരം ഉണര്‍ത്തുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: