ന്യൂദല്‍ഹി: ഭാരതത്തില്‍ പാക് ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരത സാധാരണക്കാരുടെ ജീവന്‍, മതസൗഹാര്‍ദ്ദം, സാമ്പത്തിക അഭിവൃദ്ധി എന്നിവയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഐക്യരാഷ്‌ട്രസഭയില്‍ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ് പറഞ്ഞു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ച സിന്ധു നദീജല കരാറിനെക്കുറിച്ച്, ജലം ജീവനാണ്, യുദ്ധായുധമല്ല എന്ന് പറഞ്ഞ പാക് പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഭാരതം രംഗത്തെത്തിയത്.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 20,000-ത്തിലധികം ഭാരതീയര്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പര്‍വ്വതനേനി ഹരീഷ്, പാക് ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരത കാരണം 65 വര്‍ഷം പഴക്കമുള്ള കരാര്‍ ഉപേക്ഷിക്കപ്പെട്ടുവെന്നും പറഞ്ഞു.
ആഗോള ഭീകരവാദത്തിന്റെ ഉറവിടമായ പാകിസ്ഥാന്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്ക് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ 65 വര്‍ഷം പഴക്കമുള്ള സിന്ധുനദീജല കരാറില്‍ തല്‍സ്ഥിതി തുടരുമെന്ന് ഭാരതം അറിയിച്ചു.
1960-ല്‍ ഒപ്പുവച്ച കരാര്‍ ഏപ്രില്‍ 23ന് ഭാരതം താത്ക്കാലികമായി നിര്‍ത്തിവച്ചു. പഹല്‍ഗാം ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് ശേഷമായിരുന്നു ഭാരതത്തിന്റെ നടപടി. ഭീകരാക്രമണവുമായി അതിര്‍ത്തി കടന്നുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാരതം നടപടി സ്വീകരിച്ചത്. നദീതീര രാഷ്‌ട്രമെന്ന നിലയില്‍ ഭാരതം എപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും പര്‍വ്വതനേനി ഹരീഷ് പറഞ്ഞു. ഭാരതം 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിന്ധു നദീജല കരാറില്‍ ഏര്‍പ്പെട്ടത് നല്ല വിശ്വാസത്തോടെയാണ്. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ ആത്മാവോടും സൗഹൃദത്തോടും കൂടി അവസാനിച്ചുവെന്ന് വിവരിക്കുന്നുവെന്നും ഹരീഷ് പറഞ്ഞു. ആറര പതിറ്റാണ്ടിനിടയില്‍, മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളുമായി പാകിസ്ഥാന്‍ ആ കരാറിന്റെ ആത്മാവ് ലംഘിച്ചുവെന്നും പര്‍വ്വതനേനി കൂട്ടിച്ചേര്‍ത്തു.
പൗരന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നത് പോലും അന്താരാഷ്‌ട്ര സമൂഹത്തോടുള്ള അപമാനമാണ്. ഭീകരവാദികളെയും സിവിലിയന്മാരെയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത പാകിസ്ഥാന് സിവിലിയന്‍ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് പര്‍വ്വതനേനി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: