Kerala

ഇടുക്കിയിൽ മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു: പുഴകളിൽ ജലനിരപ്പ് ഉയരും

Published by

ഇടുക്കി ജില്ലയിലെ മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ആറ് ഷട്ടറുകളിൽ 5 എണ്ണം ആണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്നോ ജലവിഭവ വകുപ്പിന്റെ ഭാഗത്ത് നിന്നോ പ്രതികരണം ഉണ്ടായിട്ടില്ല.പിആർഡി കൃത്യമായി വിവരങ്ങൾ അറിയിക്കാറില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ട നടപടികള്‍ പിആര്‍ഡി സ്വീകരിച്ചിട്ടില്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം മുന്നറിയിപ്പില്ലാതെ ഡാം തുറന്നെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. തൊടുപുഴ – മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

മഴക്കാലം തുടങ്ങിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കാറുള്ളതാണ്. എന്നാല്‍ ഇത്തവണ ഇത് സ്വീകരിക്കാതെയാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൊടുപുഴ ആറിലേക്കാണ് വെള്ളം ആദ്യം ഒഴുകിയെത്തുന്നത്. പിന്നീട് മൂവാറ്റുപുഴ ആറിലേക്കും എത്തും. ജലനിരപ്പ് ഉയർന്നാൽ ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് പ്രതിസന്ധിയുണ്ടാക്കും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by