കണ്ണൂർ: ചെറുപുഴയില്‍ എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി മാമച്ചൻ എന്ന ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്. കുട്ടിയെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മര്‍ദിച്ചത്.
എന്നാൽ ഇത് പ്രാങ്ക് വീഡിയോയാണെന്നാണ് കുട്ടികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. മാമച്ചനുമായി അകന്നു കഴിയുന്ന ഭാര്യ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ ചെയ്തതാണെന്നാണ് പറയുന്നത്. എട്ട് വയസുകാരിയുടെ സഹോദരനാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ്.
കുട്ടികളുടെ അമ്മ കുറച്ചുകാലമായി വീട്ടില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. കൈയിൽ കത്തിയെടുത്ത് വെട്ടാൻ ഓങ്ങുമ്പോൾ ‘അച്ഛാ’ എന്ന് കുട്ടി കരഞ്ഞ് വിളിക്കുന്നുണ്ട്. മുടിയിൽ പിടിച്ച് കുട്ടിയെ നിലത്തടിക്കുന്നതും ചുമരിലിടിക്കുന്നതും വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ‘എന്നെ തല്ലല്ലേ’ എന്നും കുട്ടി പറയുന്നു. ‘അമ്മേ പേടിയാകുന്നു, ഒന്ന് വാ’ എന്ന് വീഡിയോയിൽ കുട്ടികൾ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈൽഡ് ലൈൻ പ്രവർത്തകരും കുട്ടികളെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: