World

ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക പ്രഖ്യാപിച്ചു

Published by

വാഷിങ്ടണ്‍: ‘ഗോള്‍ഡന്‍ ഡോം’ മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക അവതരിപ്പിച്ചു. ഏകദേശം 17,500 കോടി ഡോളര്‍വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിന്റെ പ്രാഥമിക ഫണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ സംവിധാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

ഗോള്‍ഡന്‍ ഡോമിന് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നോ ബഹിരാകാശത്തുനിന്നോ വിക്ഷേപിക്കുന്ന മിസൈലുകളെ പോലും തടയാന്‍ കഴിയും. രാജ്യത്തിന്റെ വിജയത്തിനും നിലനില്‍പ്പിനും ഇത് വളരെ പ്രധാനമാണ്, ട്രംപ് പറഞ്ഞു. യുഎസ് ബഹിരാകാശ സേന ജനറല്‍ മൈക്കിള്‍ ഗെറ്റ്‌ലീന്‍ പദ്ധതിക്ക് നേതൃത്വം നല്കും. കാനഡ ഇതിന്റെ ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ അധിഷ്ഠിത സെന്‍സറുകളും ഇന്റര്‍സെപ്റ്ററുകളും ഉള്‍പ്പെടെ കരയിലും കടലിലും ബഹിരാകാശത്തും അടുത്ത തലമുറ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് ട്രംപ് പറയുന്നു. ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്രതിരോധ സംവിധാനമെന്ന് പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി.

അതേസമയം, റഷ്യയും ചൈനയും പദ്ധതിയെ എതിര്‍ത്തു. പദ്ധതി ബഹിരാകാശത്തെ യുദ്ധക്കളമാക്കി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by