ആംസ്റ്റര്‍ഡാം: പഹല്‍ഗാം ആക്രമണം പോലെ മറ്റൊരു ഭീകരാക്രമണം ഭാരതത്തിന് നേരെ ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും. അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടുന്നതിനുള്ള ഭാരതത്തിന്റെ പുതിയ സമീപനമാണിതെന്നും ഒരു ഡച്ച് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂറിന് സുവ്യക്തമായൊരു സന്ദേശമുണ്ട്. ഏപ്രില്‍ 22ന് കണ്ടവിധത്തിലുള്ള പ്രവൃത്തികള്‍ ഇനിയുണ്ടായാല്‍ അതിനു നേര്‍ക്ക് പ്രതികരണമുണ്ടാകും. നാം ഭീകരരെ ആക്രമിക്കും, ജയശങ്കര്‍ വ്യക്തമാക്കി. ഭീകരര്‍ പാകിസ്ഥാനിലാണെങ്കില്‍, അവര്‍ എവിടെയാണോ അവിടെവച്ച് ആക്രമിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു. എന്നാല്‍, ഓപ്പറേഷന്‍ തുടരുന്നു എന്നത് പരസ്പരം വെടിയുതിര്‍ക്കുന്നതിന് സമാനമല്ല. പക്ഷേ, പാകിസ്ഥാന്‍ ഇനിയും ആക്രമണം തുടര്‍ന്നാല്‍ അതിന്റെ ഭവിഷ്യത്ത് അവര്‍ നേരിടേണ്ടി വരും. അതേക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
പാക് പട്ടാള മേധാവിയുടെ മതത്തെക്കുറിച്ചുള്ള അതിതീവ്രമായ വീക്ഷണം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ സ്വാധീനിച്ചിരുന്നു. വിനോദസഞ്ചാര മേഖലയെ ദുര്‍ബലമാക്കാനും വര്‍ഗീയകലാപം സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. മതം എന്നൊരു ഘടകംകൂടി ഉള്‍പ്പെടുത്തി. മതപരമായി അതിതീവ്ര കാഴ്ചപ്പാടുള്ളയാളാണ് പാക് പട്ടാള മേധാവി. ആക്രമണത്തിന് ഒരാഴ്ച മുമ്പ് ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: