തൃശൂര്‍:ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ അഗ്നിക്കിരയായി.വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആമ്പല്ലൂരിലായിരുന്നു സംഭവം.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
മുരിങ്ങൂര്‍ ഐക്കരപ്പറമ്പില്‍ വീട്ടില്‍ സജി ഉള്‍പ്പടെ അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഉടന്‍ ഇവര്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഡോറുകള്‍ തുറക്കാന്‍ കഴിയാത്തത് പരിഭ്രാന്തിക്കിടയാക്കി. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ ഡോറുകള്‍ തുറക്കാന്‍ കഴിഞ്ഞതോടെ വലിയ ദുരന്തം ഒഴിവായി.കാറില്‍ നിന്നിറങ്ങിയ കുടുംബം കാറില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപ്പടര്‍ന്നു.
കാര്‍ പൂര്‍ണമായും കത്തിനശിച്ചു. പുതുക്കാട് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുരിങ്ങൂര്‍ സ്വദേശി പൂഞ്ഞക്കാരന്‍ ജോസഫ് തങ്കച്ചന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: