തിരുവനന്തപുരം: ഇഡിയുടെ പേര് കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ ഒരു ബിസിനസുകാരന്റെ പരാതിയെന്ന് ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. മെയ് 19നാണ് ഇന്ത്യാ ടുഡേ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇഡിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച അനീഷ് എന്ന കൊട്ടാരക്കരയിലെ ബിസിനസുകാരന്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്നും ഇഡി ആരോപിക്കുന്നു. വഴവില കാഷ്യൂസ് എന്ന കമ്പനിയുടെ മറവില്‍ അനീഷ് കള്ളപ്പണം വെളുപ്പിക്കലും പണം തട്ടിപ്പും നടത്തിയിട്ടുണ്ടെന്നും ആരോപണമുള്ളതായും ഇഡി പറയുന്നു.
കൊട്ടാരക്കര പൊലീസും ക്രൈം ബ്രാഞ്ചും ഫയല്‍ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് 2021 മാര്‍ച്ചില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. അനീഷ് ബാബു, അനീഷ് ബാബുവിന്റെ പിതാവ് ബാബു ജോര്‍ജ്ജ്, അനിതാ ബാബു എന്നിവര്‍ക്കെതിരെ കുറ്റമാരോപിക്കുന്ന കേസുകളാണിതെന്നും ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. വിലക്കുറവില്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നു എന്ന പേരില്‍ നിരവധി പേരില്‍ നിന്നായി ഇവര്‍ 24.73 കോടി തട്ടിച്ചുവെന്നാണ് കേസുകളെന്നും ഇഡി പറയുന്നു. വിശ്വാസവഞ്ചന, തട്ടിപ്പ്, ഗൂഢാലോചന, കള്ളരേഖചമയ്‌ക്കല്‍, കള്ള രേഖകള്‍ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ഈ കേസുകളില്‍ ചുമത്തിയിട്ടുള്ളതെന്നും പറയുന്നു.
തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ചിട്ടും അനീഷ് ബാബു ഇഡിയ്‌ക്ക് മുന്‍പാകെ ഹാജരായിട്ടില്ലെന്നും ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഒക്ടോബറിലാണ് അനീഷിന് ആദ്യമായി ഇഡി സമന്‍സയച്ചത്. എന്നാല്‍ അനീഷ് ഹാജരായില്ല. 2024 ഒക്ടോബര്‍ എട്ടിന് വീണ്ടും നോട്ടീസയച്ചു. ഒക്ടോബര്‍ 28ന് അനീഷ് ബാബുവും കുടുംബവും ഇഡി ഓഫീസില്‍ എത്തിയെങ്കിലും പിന്നീട് ഉച്ചഭക്ഷണം കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ അവര്‍ തിരിച്ചുവന്നില്ലെന്നും ഇഡി അവകാശപ്പെടുന്നു. അതിന് ശേഷം അനീഷ് ബാബു കേസുമായി സഹകരിക്കുന്നില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ലെന്നും ഇഡി ആരോപിക്കുന്നു.
എന്നാല്‍ പകരം അനീഷ് വിജിലന്‍സില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ ഈയിടെ പരാതി നല്‍കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിന്നും ഒഴിവാക്കാന്‍ ഇഡി ഉദ്യോഗസ്ഥന്‍ 2 കോടി കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് അനീഷ് ബാബു ഇഡിയ്‌ക്കെതിരെ നല്‍കിയ കേസ്.
അനീഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അനീഷ് ബാബു മാര്‍ച്ച് 17ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷെ സുപ്രീംകോടതി അനീഷ് ബാബുവിന്റെ ഈ അപേക്ഷ തള്ളുകയും ചെയ്തിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഇയാള്‍ വിജിലന്‍സില്‍ പോയതെന്നും ഇഡി ആരോപിക്കുന്നു.
ഇഡിയുടെ പ്രതിച്ഛായ കേരളത്തില്‍ തകര്‍ക്കാനും അനീഷ് ബാബുവിനെതിരെ ഇഡി അന്വേഷണം തടയാനുമാണ് ഇഡിയ്‌ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ത്തി അനീഷ് ബാബു വിജിലന്‍സിനെ സമീപിച്ചതെന്നും ഇഡി ആരോപിക്കുന്നു. അനീഷ് ബാബു ഒരു ദിവസം തന്നെ നല്‍കി പല ഇന്‍റര്‍വ്യൂകളില്‍ കൈക്കൂലി ആവശ്യപ്പെട്ടവരായി പല ഇഡി ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞത് പ്രതിയുടെ ഇക്കാര്യത്തിലുള്ള അസ്ഥിരത ചൂണ്ടിക്കാണിക്കുന്നുവെന്നും ഇഡി പറയുന്നു. പൊതുജനത്തിന്റെ ഇഡിയെക്കുറിച്ചുള്ള കാഴ്ചപ്പാടു മാറ്റാനാണ് അനീഷ് ബാബു മനപൂര്‍വ്വം ഈ ആരോപണം ഉന്നയിക്കുന്നതെന്നും ഇഡി പറയുന്നു. പ്രതിയ്‌ക്ക് അനുകൂലമായ രീതിയില്‍ മാധ്യമങ്ങളില്‍ ഒരു ആഖ്യാനം സൃഷ്ടിക്കുകയാണ് അനീഷ് ബാബുവിന്റെ ലക്ഷ്യമെന്നും ഇഡി ആരോപിക്കുന്നു.
ഈ ആരോപണങ്ങളില്‍ സ്വതന്ത്രമായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇഡി പറയുന്നു. ഇക്കാര്യത്തില്‍ ഇഡി വിജിലന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുള്ളതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
അനീഷ് ബാബുവിനെതിരായ 24.73 കോടി രൂപയുടെ പണംതട്ടിപ്പ് വെളിച്ചത്തുകൊണ്ടുവരികയും പ്രതിയെ നീതിപീഠത്തിന് മുന്‍പില്‍ കൊണ്ടുവരലും ഇഡിയുടെ ലക്ഷ്യമാണെന്നും ഈ പ്രസ്താവനയില്‍ ഇഡി പറയുന്നു. ഇഡിയ്‌ക്കെതിരെ പ്രതി എന്ത് മാധ്യമവിചാരണ നടത്തിക്കൊണ്ടിരുന്നാലും ഇഡി അവരുടെ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും ഇഡി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലിക്കേസില്‍ വിജിലന്‍സ് മൂന്ന് പേരെ പിടിച്ചു
അതേ സമയം ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് അനീഷ് കുമാറിനോട് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് ആരോപണം. ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിന്റെ പേര് പറഞ്ഞ് ഇഡി കേസുകള്‍ ഒതുക്കിതീര്‍ക്കാം എന്ന് ആവശ്യപ്പെട്ട് ഏതാനും പേര്‍ കഴിഞ്ഞ 10 കൊല്ലമായി പലരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലന്‍സ് പറയുന്നു. ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അനീഷ് കുമാര്‍ ആരോപിക്കുന്ന കൈക്കൂലി കേസിലെ നാലാംപ്രതി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ രഞ്ജിത്ത് വാര്യര്‍ കൊച്ചി നഗരത്തില്‍ ആഡംബര വീട് സ്വന്തമാക്കിയെന്നും ഇതിനായി കോഴപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍. രാജസ്ഥാന്‍ സ്വദേശി മുകേഷ് ജെയിന്‍ എറണാകുളം പുത്തന്‍വേലിക്കരയില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങിയതായും പറയുന്നു. ഇഡി ഉദ്യോഗസ്ഥന്റെ പേര് ഉപയോഗിച്ച് വാങ്ങിയ കൈക്കൂലിയില്‍ നിന്നും ലഭിച്ച കമ്മീഷന്‍ ഉപയോഗിച്ചാണ് മുകേഷ് ജെയിന്‍ സ്ഥലം വാങ്ങിയതെന്നും കണ്ടെത്തിയതായി വിജിലന്‍സ് പറയുന്നു. ( vigilance probe in ED bribe case ).
ഈ കൈക്കൂലിക്കേസിലെ പ്രധാന ഇടനിലക്കാരന്‍ വില്‍സന്റെ സമ്പത്ത് തിട്ടപ്പെടുത്തി വരികയാണെന്നും വിജിലന്‍സ് അറിയിച്ചു. മുകേഷിന്റെ രാജസ്ഥാനിലെ സ്വത്തുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കൈക്കൂലിയായി കോടികള്‍ കിട്ടിയതിനാലാണ് പ്രതികള്‍ വീടും സ്ഥലവും വാങ്ങിയതെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ ഈ പ്രതികള്‍ക്ക് ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ കേസില്‍ വളരെ ശ്രദ്ധാപൂര്‍വ്വം മാത്രമേ മുന്നോട്ട് പോകൂ എന്ന നിലപാിലാണ് വിജിലന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: