Entertainment

‘ഉദിത് നാരായൺ അനുവാദമില്ലാതെ ശ്രേയ ഘോഷാലിനെ പരസ്യമായി ചുംബിച്ചു, അത് വലിയ വിവാദമായി’; ആലപ്പി അഷ്‌റഫ്

Published by

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഗായികമാരിൽ ഒരാളാണ് ശ്രേയ ഘോഷാൽ. യഥാർത്ഥ പാൻ ഇന്ത്യൻ ഗായിക എന്ന വിളിപ്പേര് സ്വന്തമായുള്ള കലാകാരി കൂടിയാണ് അവർ. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പൊതുവെ കാര്യമായ വിവാദങ്ങളിൽ ഒന്നും ചെന്ന് പെടാത്ത താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു ശ്രേയ ഘോഷാൽ. ചെറുപ്രായം മുതൽ തന്നെ സിനിമയിൽ സജീവമായിരുന്നു അവർ.

ഒട്ടേറെ അവാർഡുകൾ, അതിൽ ദേശീയ അവാർഡുകൾ ഉൾപ്പെടെ അവരെ തേടിയെത്തിയിരുന്നു. തന്റെ ഇതുവരെയുള്ള കരിയറിൽ ഉടനീളം വലിയ അംഗീകാരങ്ങൾ ശ്രേയ നേടിയെടുക്കുകയും ചെയ്‌തിരുന്നു. സ്വസ്ഥമായ കുടുംബ ജീവിതവും കലാജീവിതവും ഒരുമിച്ച് കൊണ്ട് പോവുന്ന ശ്രേയ ഘോഷാലിനെ വാനമ്പാടി എന്നാണ് പലരും വിശേഷിപ്പിക്കുന്നത്

ഇപ്പോഴിതാ ശ്രേയ ഘോഷാലിന്റെ ജീവിതത്തിലെ ചില നിർണായക സംഭവങ്ങളും കരിയറിൽ അവർ എത്തി നിൽക്കുന്ന ഉയരം എങ്ങനെയാണ് കീഴടക്കിയതെന്നും വ്യക്തമാക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. ഗായകൻ ഉദിത് നാരായൺ പരസ്യമായി വേദിയിൽ വച്ച് അനുവാദമില്ലാതെ ചുംബിച്ചതും ചിക്കിനി ചമേലി എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദവും ഒക്കെ അദ്ദേഹം എടുത്തുപറയുന്നുണ്ട്.

മലയാളത്തിൽ ഒട്ടേറെ പാട്ടുകൾ അവർ പാടിയതോടെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വന്നെത്തിനെ കുറിച്ചും അന്ന് അതിന് എം ജയചന്ദ്രൻ തക്കതായ മറുപടി നൽകിയത് എങ്ങനെയെന്നും അഷ്‌റഫ് വിശദീകരിക്കുന്നുണ്ട്. കൂടാതെ മലയാളം ഇത്ര അക്ഷരസ്‌ഫടതയോടെ അവർ കൈകാര്യം ചെയ്യുന്നതിന്റെ കാരണവും ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ മലയാളത്തിൽ ശ്രേയ ഘോഷാൽ ഒരു തരംഗമായി മാറിയപ്പോൾ അവർക്ക് എതിരെയും അവരെ പഠിപ്പിച്ച സംഗീത സംവിധായകർക്ക് എതിരെയും എതിർ ശബ്‌ദങ്ങൾ ഉയർന്നു. ഇവിടെയുള്ള ഗായികമാരുടെ അവസരങ്ങൾ നഷ്‍ടപ്പെടുത്തുന്നു എന്നായിരുന്നു ആരോപണം. ഇതിന് സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഉചിതമായ മറുപടി തന്നെ നൽകിയിരുന്നു. അദ്ദേഹം പറയുന്നു നമ്മുടെ ചിത്ര ചേച്ചി തമിഴ്‌നാട്ടിൽ പോയി നൂറുകണക്കിന് പാട്ടുകൾ പാടുന്നു, ദേശീയ അവാർഡ് വരെ നേടുന്നു, ആരും ഒരു പരാതിയും പറയുന്നില്ല.

മലയാളത്തിൽ പാടിയ അന്യഭാഷാ ഗായികമാരുടെ ഒരു പട്ടിക തന്നെ എം ജയചന്ദ്രൻ എടുത്തിട്ടു. അവരൊക്കെ പാടിയപ്പോൾ ആർക്കും പരാതി ഇല്ലാലോ. അവരെയൊക്കെ കൊണ്ട് പാടിച്ച സംഗീത സംവിധായകരായ ദേവരാജൻ മാസ്‌റ്ററേയും രാഘവൻ മാസ്‌റ്ററേയും ദക്ഷിണാമൂർത്തി സ്വാമിയെയും ആരും കുറ്റപ്പെടുത്തിയിട്ടില്ല. ശ്രേയ ഘോഷാൽ മലയാളം പാട്ട് പാടാനായി വരികൾ പഠിക്കാൻ എഴുതി എടുക്കുന്നത് ദേവനാ​ഗരി ലിപിയിലാണ്. ഭാഷ ഏതായാലും ശ്രേയയ്‌ക്ക് എളുപ്പത്തിൽ അത് പഠിക്കാൻ കഴിയുന്നത് ഈ സാംശീകരണത്തിലൂടെയാണ്. കത്രീന കൈഫ് മാദക നൃത്തമാടിയ ചിക്കിനി ചമേലി എന്ന ഗാനം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതിലെ വരികൾ സ്ത്രീ വിരുദ്ധമാണെന്ന് ആയിരുന്നു ആരോപണം.

പിന്നീട് അത് പാടിയത് തെറ്റായിപോയെന്ന് ശ്രേയ ഘോഷാൽ തന്നെ സമ്മതിച്ചിരുന്നു. എന്നാൽ പണവും വാങ്ങി പോയി ഇത്രയും കാലം കഴിഞ്ഞ് അതിന്റെ കുറ്റം പറയുന്നതും തെറ്റാണെന്ന് പറയുന്നതിലും എന്ത് കാര്യമെന്നായിരുന്നു നിർമ്മാതാക്കൾ ചോദിച്ചത്. ശ്രേയയുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു വിവാദം ഒരു അവാർ‍ഡ് നിശയിൽ വെച്ച് ​ഗായകൻ ഉദിത് നാരായണൻ ശ്രേയയെ അനുവാദമില്ലാതെ അപ്രതീക്ഷിതമായി മുത്തം കൊടുത്തതാണ്.

ചുംബനം അപ്രതീക്ഷിതമായിരുന്നതിനാൽ ശ്രേയയ്‌ക്കും അതൊരു ഷോക്കായിരുന്നു, അവർ സ്‌തബ്ദയായി നിന്നുപോയി. വീഡിയോ വൈറലായതോടെ ഉദിത്തിന് എതിരെ വിമർശനം ഉയർന്നു. മുമ്പ് സമാനമായ രീതിയിൽ സെൽഫി എടുക്കാൻ വന്ന പെൺകുട്ടിയോടും കരിഷ്‌മ കപൂറിനോടും മറ്റ് പലരോടും ഇത്തരം വഷളത്തരങ്ങൾ കാട്ടിയിട്ടുണ്ട് ഉദിത് നാരായണൻ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by