India

പാകിസ്ഥാനെതിരെ പട പൊരുതാൻ ഇറങ്ങിയത് 3,000 ത്തോളം അഗ്നിവീറുകൾ ; വ്യോമ പ്രതിരോധ സംവിധാനങ്ങൾ അടക്കം കൈകാര്യം ചെയ്തത് 20 വയസ് മാത്രമുള്ള ചുണക്കുട്ടികൾ

Published by

ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് 3,000-ത്തിലധികം അഗ്നിവീറുകൾ . നിർണായക വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈകാര്യം ചെയ്യുകയും പാകിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഇന്ത്യൻ സൈനിക സ്ഥാപനങ്ങളെ സംരക്ഷിക്കുകയും ചെയ്തത് ഇന്ത്യൻ സായുധ സേനയിൽ വിന്യസിക്കപ്പെട്ടിരുന്ന അഗ്നിവീറുകളാണ് .

മെയ് 10 ന് വെടിനിർത്തൽ എത്തുന്നതുവരെ ഒന്നിലധികം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഓപ്പറേഷൻ സിന്ദൂർ വഴി നടത്തി . ഈ സമയത്ത് കരുത്തായത് അഗ്നിവീറുകളാണ് . കഴിഞ്ഞ 2 വർഷമായി അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടവരാണിവർ . ഈ അഗ്നിവീറുകൾക്ക് കഷ്ടിച്ച് 20 വയസ്സ് മാത്രമേ പ്രായമുള്ളൂ. സാധാരണ സൈനികരുമായി ചേർന്നായിരുന്നു ഇവരുടെ പ്രവർത്തനം .ഓരോ വ്യോമ പ്രതിരോധ യൂണിറ്റിലും 150-200 അഗ്നിവീറുകൾ ഉണ്ടായിരുന്നു

അഗ്നിവീറുകൾ നിർണായക വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈകാര്യം ചെയ്യുക മാത്രമല്ല, ആവർത്തിച്ചുള്ള ശത്രു ആക്രമണങ്ങൾക്കിടയിലും നിരവധി ഇൻസ്റ്റാളേഷനുകൾ, നഗരങ്ങൾ, വ്യോമതാവളങ്ങൾ എന്നിവിടങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് അഗ്നിവീറുകൾ നൽകിയ സംഭാവന നിർണായകവും പ്രശംസനീയവുമാണെന്ന് പ്രതിരോധവൃത്തങ്ങൾ വ്യക്തമാക്കി.

ഗണ്മാന്മാർ , ഫയർ കൺട്രോൾ ഓപ്പറേറ്റർമാർ, റേഡിയോ ഓപ്പറേറ്റർമാർ, തോക്കുകളും മിസൈലുകളും ഘടിപ്പിച്ച ഹെവി-ഡ്യൂട്ടി വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിങ്ങനെ നാല് പ്രത്യേക ട്രേഡുകളിൽ അഗ്നിവീറുകൾ സേവനമനുഷ്ഠിച്ചു.മാത്രമല്ല, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ്തീർ എന്ന വ്യോമ പ്രതിരോധ നിയന്ത്രണ, റിപ്പോർട്ടിംഗ് സംവിധാനത്തെ സജീവമാക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും അവർ സഹായിച്ചു. അതേസമയം രാജ്യത്തിന് കാവലാകാൻ അഗ്നിവീർ വഴി യുവാക്കളെ റിക്രൂട്ട് ചെയ്ത മോദി സർക്കാരിന്റെ ദീർഘവീക്ഷണത്തെ ലോകരാജ്യങ്ങൾ അടക്കം പ്രശംസിക്കുന്നുണ്ട് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by