ഭാരതം റയില്‍വെ വികസനത്തില്‍ പുത്തന്‍ അധ്യായം കുറിക്കുകയാണ് ഇന്ന്. രാജ്യത്ത് ഉടനീളമായി 103 സ്റ്റേഷനുകള്‍ പുതിയ മുഖത്തോടെ ഏറെ ആധുനികവും ജനസൗഹൃദവുമായി പുനര്‍ജനിക്കുന്നു. ഇവയുടെ ഉദ്ഘാടനം ഇന്നു നടക്കും. രണ്ടു വര്‍ഷത്തിനു മേല്‍ സമയംകൊണ്ടാണ് ഈ സ്റ്റേഷനുകളെ ആധുനിക സൗകര്യങ്ങളോടെ അണിയിച്ചൊരുക്കിയത് എന്നത് ഏറെ ശ്രദ്ധേയം. പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുന്ന കാലത്തു നിന്ന് ഭാരതം മാറി സഞ്ചരിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണംകൂടിയാണിത്. 2022 ഡിസംബറില്‍ ആരംഭിച്ച അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ(എബിഎസ്എസ്) ഭാഗമായി 1,300ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും പുനര്‍നിര്‍മാണവുമാണ് ലക്ഷ്യമിടുന്നത്. ആധുനികവും ജനോപകാരപ്രദവുമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഭാവിയിലെ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണു പുനര്‍വികസനം നടപ്പാക്കിയിരിക്കുന്നത്. യാത്രാ സേവനങ്ങളില്‍ ആഗോള നിലവാരം ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക സ്വത്വം പ്രതിഫലിപ്പിക്കുന്ന കമ്മ്യൂണിറ്റി ഹബ്ബുകളായി സ്റ്റേഷനുകളെ മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.
ഏറെക്കാലമായി വികസന മുരടിപ്പ് അനുഭവിച്ചിരുന്ന റയില്‍വേയുടെ വികസനം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ആരംഭിച്ചതാണ്. പല സ്റ്റേഷനുകളും വിമാനത്താവളത്തിനൊപ്പമുള്ള സൗകര്യങ്ങളോടെ വികസിപ്പിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി രണ്ടര വര്‍ഷം മുന്‍പ് ആരംഭിച്ച അമൃത് ഭാരത് പദ്ധതിപ്രകാരം നവീകരിക്കുന്നവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്റ്റേഷനുകള്‍. ഓരോയിടത്തും അവിടവിടത്തെ പ്രകൃതിക്ക് ഇണങ്ങുന്ന ശൈലിയിലും അവിടുത്തെ വാസ്തു വിദ്യയോടു യോജിച്ചതുമായ രീതിയിലാണ് സ്റ്റേഷനുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതേസമയം ആധുനിക സൗകര്യങ്ങളും ശില്‍പ ഭംഗിയും ചേരുംപടി ചേര്‍ത്തിട്ടുമുണ്ട്.
ഇന്ന് തുറക്കപ്പെടുന്ന 103 സ്റ്റേഷനുകളില്‍ വടകര, ചിറയിന്‍കീഴ് എന്നീ രണ്ടു സ്റ്റേഷനുകളാണ് കേരളത്തിന് അഭിമാനമായി ഉള്ളത്. പുറമെ, പുതുച്ചേരിയുടെ ഭാഗമായി കേരളത്തോടു ചേര്‍ന്നു കിടക്കുന്ന മാഹിയിലെ സ്റ്റേഷനും ഇന്നു തുറക്കും. ഫലത്തില്‍ കേരളത്തിന് മൂന്നു സ്റ്റേഷനുകളുടെ സൗകര്യമാണു ലഭിക്കുക. വടകരയില്‍ 29.47 കോടിയും മാഹിയില്‍ 12.61 കോടിയും ചിറയിന്‍ കീഴില്‍ 7.036 കോടിയും ചെലവിലാണ് നവീകരണം നടത്തിയിരിക്കുന്നത്. കന്യാകുമാരി മുതല്‍ മംഗലാപുരം വരെയുള്ള യാത്രാപഥത്തില്‍ കടന്നു വരുന്നവയാണ് ഈ മൂന്നു സ്റ്റേഷനുകളും.
ഭാരതത്തിന്റെ ജനജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് റയില്‍വേയും റയില്‍വെ സ്റ്റേഷനുകളും. കോടിക്കണക്കിന് ജനങ്ങള്‍ കാലങ്ങളും തലമുറകളുമായി ആശ്രയിച്ചുപോന്ന റയില്‍വേയ്‌ക്കും സ്റ്റേഷനുകള്‍ക്കും ഏറെ അനുഭവങ്ങളും ഓര്‍മകളും കൈമുതലായുണ്ടാകും. പക്ഷേ, പതിറ്റാണ്ടുകളായി കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ മരവിച്ചു കിടക്കുകയായിരുന്നു നമ്മുടെ റയില്‍വേ. യാത്രക്കാരും റയില്‍വേയും ആഗ്രഹിച്ച മാറ്റങ്ങളാണ് ഇപ്പള്‍ സംഭവിക്കുന്നത്. അതിവേഗം മാറുന്ന സാങ്കേതിക ലോകവുമായി കൈകോര്‍ത്തു നടത്തുന്ന വികസന പദ്ധതി, യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കൊപ്പം നിര്‍മാണ വൈദഗ്ധ്യത്തിനും ദൃശ്യസൗന്ദര്യത്തിനും പ്രകൃതി സൗഹൃദത്തിനും പരിഗണന നല്‍കുന്നതിനുമപ്പുറം ഭാവിയെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള നവീകരണ പ്രക്രിയയാണ് സ്വീകരിച്ചുപോരുന്നത്. കാലത്തിനൊപ്പം സഞ്ചരിക്കാന്‍, റയില്‍വേയ്‌ക്കെന്നല്ല ഏതു പദ്ധതിക്കും മാറ്റങ്ങള്‍ക്ക് ഉതകുന്ന അടിസ്ഥാനസൗര്യം അനിവാര്യമാണ്. ഭാവനാപൂര്‍ണമായ രൂപകല്‍പനയിലൂടെ മാത്രമേ അതു സാധ്യമാക്കാന്‍ കഴിയൂ. മാറ്റങ്ങള്‍ക്ക് ഉതകുന്ന നവീകരണ രീതിയാണ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധേയമായിട്ടുള്ളത്. അക്കാര്യത്തില്‍ അമൃത് ഭാരത് പദ്ധതി ശ്രദ്ധേയമാണ്. വനിതകള്‍ക്കും ദിവ്യാംഗര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വേണ്ട സൗകര്യങ്ങള്‍ക്കനുസരിച്ചാണ് നവീകരണം. ഇരിപ്പിട സൗകര്യങ്ങള്‍, വിശ്രമമുറികള്‍, പ്ളാറ്റ് ഫോമുകള്‍, ശുചിമുറികള്‍ എന്നിവയിലും തിരക്കു നിയന്ത്രണത്തിലും ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകും വിധമാണ് നവീകരണം.
സ്റ്റേഷനുകളില്‍ മാത്രമല്ല പാളത്തിലും വരുന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണല്ലോ. വന്ദേഭാരതു പോലെ ലോകം ശ്രദ്ധിക്കുകയും വിസ്മയിക്കുകയും അനുകരിക്കുകയും ചെയ്യുന്ന ട്രെയ്നുകള്‍ ഓടുന്ന പാളങ്ങളായി അതിവേഗക്കുതിപ്പു നടത്തുന്ന നമ്മുടെ റയില്‍വേയുടെ, ഭാവിയിലേയ്‌ക്കുള്ള ചൂളം വിളിയാണ് ഈ പദ്ധതിയിലൂടെ ഇന്നു മുഴങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക