കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്‌ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം. പാലാ രാമപുരം സ്വദേശിനി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. 2020 നവംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. ഗ്യാസ് സിലണ്ടര്‍ റെഗുലേറ്ററില്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കവേ ഗ്യാസ് ചോരുകയായിരുന്നു. ഉടന്‍ തന്നെ പരാതിക്കാരി മകനായ സെബിന്‍ അബ്രഹാമിനെ വിളിച്ച് ഗ്യാസ് ചോര്‍ച്ച നിര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും തീ ആളിപിടിച്ചു. ഇരുവര്‍ക്കും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. സിബിന്‍ അബ്രഹാം പിന്നീട് മരിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്ലര്‍ക്കായിരുന്നു 30 വയസുകാരനായ സെബിന്‍.
ഭാരത് പെട്രോളിയം കോര്‍പറേഷന്‍,തലയോലപറമ്പിലുള്ള മരിയ ബോട്ടിലിംഗ് പ്ലാന്റ്, മീനച്ചില്‍ താലൂക്കിലെ വിനായകര്‍ ഗ്യാസ് ഏജന്‍സി എന്നിവരായിരുന്നു എതിര്‍കക്ഷികള്‍.
ഫോറന്‍സിക് വിദ്ധര്‍ നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറിന്റെ തകരാര്‍ മൂലമാണ് ഗ്യാസ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. സെല്‍ഫ് ക്ലോസിംഗ് (എസ്.സി) വാല്‍വിലെ റിങ് നഷ്ടപ്പെട്ടതായും വലിയ തോതില്‍ വാല്‍വ് ചോര്‍ച്ച സംഭവിച്ചതായും രാമപുരം പോലീസ് കണ്ടെത്തി.
ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ നടത്തുന്നതില്‍ എതിര്‍ കക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമായതെന്നും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എതിര്‍കക്ഷികളുടെ ബാധ്യതയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: