ന്യൂദൽഹി : ആപ്പ് തലവൻ കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) കൗൺസിലർ ബോബി കിന്നർ ചൊവ്വാഴ്ച ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച് പുതുതായി രൂപീകരിച്ച ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിയിൽ ചേർന്നു. ആം ആദ്മി പാർട്ടി വിട്ട് പുതുതായി രൂപീകരിച്ച ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിയിൽ ചേരുന്ന 16-ാമത്തെ കൗൺസിലറാണ് ബോബി കിന്നർ.
നഗരസഭയിലെ അവഗണനയും മോശം പ്രകടനവും ചൂണ്ടിക്കാട്ടി എംസിഡിയിൽ എഎപിക്ക് കനത്ത തിരിച്ചടിയായി 15 കൗൺസിലർമാർ ശനിയാഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ച് ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി (ഐവിപി) രൂപീകരിച്ചു.
അതേ സമയം സുൽത്താൻപൂർ മജ്‌റ നിയമസഭാ മണ്ഡലത്തിലെ 43-ാം വാർഡ് പ്രതിനിധീകരിക്കുന്ന ബോബി കിന്നർ, ദൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. “വാർഡിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കാത്തതിനാൽ ആളുകൾ അസന്തുഷ്ടരാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഞാൻ പാർട്ടി വിട്ടത്,” -ബോബി പറഞ്ഞു
ഇതിനു പുറമെ എല്ലാവരും അസന്തുഷ്ടരാണ്. പാർട്ടിയിൽ ആരും ശ്രദ്ധിക്കുന്നില്ല, കൗൺസിലർമാർക്ക് സംസാരിക്കാൻ പോലും അവസരം ലഭിക്കുന്നില്ലെന്നും ആം ആദ്മി പാർട്ടിക്കുള്ളിൽ പിന്തുണ ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് ബോബി കിന്നർ പറഞ്ഞു.
കൂടാതെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഒരു വേദിയുമില്ല. സഭ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ എങ്ങനെ ജോലി ചെയ്യും, സമ്മേളനം കഷ്ടിച്ച് 5 മിനിറ്റ് മാത്രമേ നീണ്ടുനിൽക്കൂ. പ്രശ്നങ്ങൾ ഉന്നയിക്കാനും ഗൗരവമായി ചർച്ച ചെയ്യാനും കഴിയുന്ന ഒരു സംവിധാനമാണ് ഞങ്ങൾക്ക് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: